Photo Credit: Reuters
മൂന്നാം സാമ്പത്തിക പാദത്തിൽ വോഡഫോൺ ഐഡിയ 4,000-ത്തിലധികം അദ്വിതീയ ബ്രോഡ്‌ബാൻഡ് ടവറുകൾ ചേർത്തു.
ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ (Vi) തങ്ങളുടെ 5G സേവനങ്ങൾ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. 2024-2025-ൻ്റെ മൂന്നാം പാദത്തിലെ സാമ്പത്തിക റിപ്പോർട്ടിലാണ് കമ്പനി ഈ വാർത്ത പങ്കുവെച്ചത്. വൊഡാഫോൺ ഐഡിയയുടെ 5G സേവനങ്ങൾ ആദ്യം മുംബൈയിൽ ലഭ്യമാകും. മാർച്ച് മുതലാണ് മുംബൈയിൽ 5G ലഭ്യമാവുക. അതിനുശേഷം ഏപ്രിലിൽ ഇന്ത്യയിലെ നാല് നഗരങ്ങളിലേക്ക് കൂടി ഇതു വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. 2024 ഡിസംബറിൽ, ഇന്ത്യയിലുടനീളമുള്ള 19 വ്യത്യസ്ത ടെലികോം സർക്കിളുകളിൽ 5G പ്രവർത്തനങ്ങൾ വൊഡാഫോൺ ഐഡിയ ആരംഭിച്ചിരുന്നു. എന്നിരുന്നാലും, അതൊരു കൊമേഴ്സ്യൽ ലോഞ്ച് ആയിരുന്നില്ല, അതായത് അതിൻ്റെ ഭാഗമായുള്ള സേവനങ്ങൾ പൊതുജനങ്ങൾക്ക് വ്യാപകമായി ലഭ്യമായിരുന്നില്ല. വിഐ അതിൻ്റെ എതിരാളികളെ അപേക്ഷിച്ചു വളരെ വൈകിയാണ് 5G ലോഞ്ച് ചെയ്യുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. എയർടെല്ലും ജിയോയും 2022-ൽ തന്നെ തങ്ങളുടെ 5G സേവനങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.
2024-25 സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിലെ സാമ്പത്തിക ഫലങ്ങൾ Vi പ്രഖ്യാപിച്ചു. ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ 5G സേവനങ്ങൾ ആരംഭിക്കാനുള്ള പദ്ധതി കമ്പനി ഇതിനൊപ്പം പങ്കുവെക്കുകയുണ്ടായി. ആദ്യം മുംബൈയിൽ ആരംഭിച്ചതിന് ശേഷം, 2025 ഏപ്രിലിൽ തങ്ങളുടെ 5G സേവനങ്ങൾ ബെംഗളൂരു, ചണ്ഡീഗഡ്, ഡൽഹി, പട്‌ന എന്നിവിടങ്ങളിലേക്ക് Vi വ്യാപിപ്പിക്കും. ഈ ഘട്ടത്തിൽ 5G ലഭിക്കുന്ന മറ്റ് നഗരങ്ങളെക്കുറിച്ച് കമ്പനി പരാമർശിച്ചിട്ടില്ല.
കമ്പനി നിക്ഷേപം വർധിപ്പിക്കുകയാണെന്നും വരും മാസങ്ങളിൽ പുതിയ പ്രോജക്ടുകൾ വേഗത്തിലാക്കുമെന്നും Vi-യുടെ സിഇഒ അക്ഷയ മൂന്ദ്ര പറഞ്ഞു. പ്രധാനപ്പെട്ട മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഘട്ടം ഘട്ടമായാണ് 5G റോളൗട്ട് നടക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
5G കൂടാതെ, തങ്ങളുടെ 4G നെറ്റ്‌വർക്കും Vi വിപുലീകരിക്കുന്നു. 2024 മാർച്ചിൽ, Vi യുടെ 4G നെറ്റ്‌വർക്ക് 1.03 ബില്യൺ ആളുകളെ ഉൾക്കൊള്ളുന്നതായിരുന്നു. 2024 ഡിസംബറോടെ, ഈ കവറേജ് 41 ദശലക്ഷം വർദ്ധിച്ച് 1.07 ബില്യൺ ആളുകളിലെത്തി.
Vi-യുടെ 4G ഉപയോക്താക്കളുടെ എണ്ണവും വർദ്ധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ (ഫിനാൻഷ്യൽ ഇയർ 24) Q3-ൽ, വൊഡാഫോൺ ഐഡിയക്ക് 125.6 ദശലക്ഷം 4G ഉപയോക്താക്കളുണ്ടായിരുന്നു, ഇത് ഫിനാൻഷ്യൽ ഇയർ 25-ൻ്റെ അവസാനത്തോടെ 126 ദശലക്ഷമായി വർദ്ധിച്ചു. എന്നിരുന്നാലും, Vi-യുടെ മൊത്തം വരിക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. FY24 ഡിസംബർ പാദത്തിൽ, Vi യ്ക്ക് 215.2 ദശലക്ഷം വരിക്കാരുണ്ടായിരുന്നു, എന്നാൽ FY25 ലെ അതേ പാദത്തിൽ ഇത് 199.8 ദശലക്ഷമായി കുറഞ്ഞു. 15.4 ദശലക്ഷത്തിൻ്റെ ഇടിവാണ് ഉണ്ടായത്.
Vi-യുടെ ആവറേജ് റെവന്യൂ പെർ യൂസറും (ARPU) ഉയർന്നു. രണ്ടാം പാദത്തിൽ, ARPU 166 രൂപയായിരുന്നു, Q3 ൽ ഇത് 173 രൂപയായി വർദ്ധിച്ചു. 4.7% വർദ്ധനവ് ഇതിലുണ്ടായി. വിലക്കയറ്റവും കൂടുതൽ ഉപയോക്താക്കൾ ചെലവേറിയ പ്ലാനുകൾ തിരഞ്ഞെടുത്തതുമാണ് ഈ വളർച്ചയ്ക്ക് കാരണമെന്ന് കമ്പനി അറിയിച്ചു.
കൂടാതെ, Q3-ൽ 4,000 പുതിയ ബ്രോഡ്‌ബാൻഡ് ടവറുകൾ ചേർത്തുകൊണ്ട് Vi അതിൻ്റെ ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക് വിപുലീകരിച്ചു. ലയനത്തിനു ശേഷം ഒരു പാദത്തിൽ ഏറ്റവും കൂടുതൽ പുതിയ ടവറുകൾ കൂട്ടിച്ചേർക്കപ്പെട്ട സമയമിതാണെന്നും കമ്പനി അറിയിച്ചു.
പരസ്യം
പരസ്യം