എയർടെൽ ഉപഭോക്താക്കൾക്ക് ഇനി സൗജന്യമായി ആപ്പിൾ മ്യൂസിക്ക് നേടാം.
Photo Credit: Apple
എയർടെല്ലിന്റെ വൈ-ഫൈ, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമായിരുന്നു നേരത്തെ ഈ ഓഫർ
ജിയോ കഴിഞ്ഞാൽ ഇന്ത്യൻ ടെലികോം കമ്പനികളിൽ മുൻനിരയിൽ നിൽക്കുന്നവരാണ് ഭാരതി എയർടെൽ. ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ നൽകിയാണ് അവർ ഇന്ത്യൻ വിപണിയിൽ സ്ഥാനമുറപ്പിച്ചു നിൽക്കുന്നത്. ഇപ്പോൾ ഇന്ത്യയിൽ തങ്ങളുടെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ആപ്പിൾ മ്യൂസിക് സൗജന്യമായി ആക്‌സസ് ചെയ്യാമെന്നുള്ള ഓഫർ എയർടെൽ അവതരിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി ആദ്യം, എയർടെൽ ആപ്പിളുമായി പ്രധാനപ്പെട്ടൊരു പാർട്ണർഷിപ്പ് പ്രഖ്യാപിച്ചിരുന്നു. പ്രസ്തുത കരാറിന്റെ ഭാഗമായി, എയർടെൽ തങ്ങളുടെ വൈ-ഫൈ സർവീസ്, പോസ്റ്റ്‌പെയ്ഡ് സർവീസ് എന്നിവയുടെ വരിക്കാർക്ക് ആപ്പിൾ ടിവി+, ആപ്പിൾ മ്യൂസിക് എന്നിവയിലേക്ക് സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകൾ വാഗ്ദാനം ചെയ്യുകയുണ്ടായി. ഇപ്പോൾ, ഈ പുതിയ ഓഫറിലൂടെ, തങ്ങളുടെ പ്രീപെയ്ഡ് സർവീസുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും എയർടെൽ ഇതേ ആനുകൂല്യം നൽകുന്നു. പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് എയർടെൽ താങ്ക്സ് ആപ്പ് വഴി സൗജന്യമായി ആപ്പിൾ മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷൻ ക്ലെയിം ചെയ്യാനും ആസ്വദിക്കാനും കഴിയും. രണ്ടാം സ്ഥാനത്തു നിൽക്കാനല്ല, ഒന്നാം സ്ഥാനത്തേക്കു മുന്നേറാനാണു തങ്ങളുടെ നീക്കമെന്ന് ഉപഭോക്താക്കൾക്കു നൽകുന്ന വിവിധ ഓഫറുകളിലൂടെ എയർടെൽ വ്യക്തമാക്കുന്നു.
എയർടെൽ താങ്ക്സ് ആപ്പിൽ സൗജന്യമായി ആപ്പിൾ മ്യൂസിക് നേടാനുള്ള ഓഫർ ഇപ്പോൾ കാണിക്കുന്നുണ്ടെന്ന് എയർടെൽ പ്രീപെയ്ഡ് ഉപഭോക്താക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആപ്പിനുള്ളിലെ ഒരു ബാനറിൽ, "അധിക ചെലവില്ലാതെ ആപ്പിൾ മ്യൂസിക് സ്വന്തമാക്കൂ" എന്ന് എഴുതിയിരിക്കുന്നു. പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ആറ് മാസത്തേക്ക് ആപ്പിൾ മ്യൂസിക് സൗജന്യമായി ആസ്വദിക്കാം. ഗാഡ്‌ജെറ്റ്‌സ് 360 ടീം വ്യത്യസ്ത ഉപകരണങ്ങളിൽ ഈ ഓഫർ ലഭ്യമാണോ എന്ന കാര്യം പരിശോധന സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ആറ് മാസത്തേക്കു സൗജന്യമായി ആസ്വദിച്ചതിനു ശേഷം, ഉപയോഗം തുടരണമെങ്കിൽ ഉപയോക്താക്കൾ നിലവിലുള്ള പ്രതിമാസ ചാർജുകൾ അടയ്ക്കേണ്ടിവരും. ഈ ഓഫർ ലഭിക്കുന്നതിന്, പ്രീപെയ്ഡ് ഉപഭോക്താക്കൾ തിരഞ്ഞെടുത്ത ചില എയർടെൽ പ്ലാനുകൾ റീചാർജ് ചെയ്യേണ്ടതുണ്ട്. അതിനു ശേഷം, അവർ എയർടെൽ താങ്ക്സ് ആപ്പിൽ ഓഫർ ക്ലെയിം ചെയ്യുകയും അത് അവരുടെ ആപ്പിൾ അക്കൗണ്ടുമായി ലിങ്ക് ചെയ്യുകയും വേണം.
ഇന്ത്യയിൽ, ആപ്പിൾ മ്യൂസിക്കിൻ്റെ വ്യക്തിഗത പ്ലാനിന് സാധാരണയായി പ്രതിമാസം 99 രൂപ ചിലവാകും. പ്രതിമാസം 149 രൂപ നൽകിയുള്ള ഫാമിലി പ്ലാനും ലഭ്യമാണ്. ഇതിലൂടെ കുടുംബത്തിലെ ഒന്നിലധികം ആളുകൾക്ക് ഒരു സബ്‌സ്‌ക്രിപ്‌ഷൻ പങ്കിടാം. ഏറ്റവും വിലകുറഞ്ഞ ഓപ്ഷൻ സ്റ്റുഡന്റ് പ്ലാനാണ്, ഇതിന് പ്രതിമാസം 59 രൂപ മാത്രമാണ് വരുന്നത്. സ്റ്റുഡന്റ് പ്ലാൻ ഉപയോഗിക്കണമെങ്കിൽ, ഉപയോക്താക്കൾ സാധുവായ ഒരു സ്റ്റുഡന്റ് ഐഡി കാർഡ് നൽകണം.
ഈ വർഷത്തിൻ്റെ തുടക്കത്തിൽ ഹോം വൈ-ഫൈ (എക്‌സ്ട്രീം ഫൈബർ) ഉപഭോക്താക്കൾക്കും പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും മാത്രമേ ആപ്പിൾ മ്യൂസിക് ലഭ്യമാകൂ എന്ന് എയർടെൽ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരിയിൽ ആപ്പിൾ ടിവി+ ലേക്ക് സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ചതിനൊപ്പമാണ് ഇതേക്കുറിച്ചുള്ള പ്രഖ്യാപനവും നടന്നത്.
എയർടെൽ എക്‌സ്ട്രീം ഫൈബർ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ, 999 രൂപയുടെയോ അതിനു മുകളിലുമുള്ള ബ്രോഡ്‌ബാൻഡ് പ്ലാനുകളോ റീചാർജ് ചെയ്താൽ ആപ്പിൾ ടിവി+ സൗജന്യമായി ലഭിക്കും. പോസ്റ്റ്‌പെയ്ഡ് മൊബൈൽ ഉപയോക്താക്കളുടെ കാര്യത്തിൽ, 999 രൂപയാ അല്ലെങ്കിൽ അതിൽ കൂടുതലോ വരുന്ന പ്രതിമാസ പ്ലാൻ റീചാർജ് ചെയ്യുന്ന ആർക്കും ആറ് മാസത്തേക്ക് ആപ്പിൾ ടിവി+, ആപ്പിൾ മ്യൂസിക്ക് എന്നിവ സൗജന്യമായി ആസ്വദിക്കാം. കൂടുതൽ ചെലവില്ലാതെ ഉപയോക്താക്കൾക്ക് കൂടുതൽ എൻ്റർടെയ്ൻമെൻ്റ് ഓപ്ഷനുകൾ നൽകുന്നതിനായി എയർടെല്ലും ആപ്പിളും തമ്മിലുണ്ടാക്കിയ പങ്കാളിത്ത കരാറിൻ്റെ ഭാഗമായിരുന്നു ഈ ഓഫറുകൾ.
ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി+ എന്നിവയ്‌ക്ക് പുറമേ, എയർടെൽ മറ്റ് ഡിജിറ്റൽ ആനുകൂല്യങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ, തങ്ങളുടെ എല്ലാ മൊബൈൽ, വൈ-ഫൈ, ഡിടിഎച്ച് ഉപഭോക്താക്കൾക്കും AI-യിൽ പ്രവർത്തിക്കുന്ന സെർച്ച് ആൻഡ് അസിസ്റ്റന്റ് ടൂളായ പെർപ്ലെക്‌സിറ്റി പ്രോയിലേക്ക് സൗജന്യ ആക്‌സസ് എയർടെൽ വാഗ്ദാനം ചെയ്തിരുന്നു. ഉപയോക്താക്കൾക്ക് അധിക ക്ലൗഡ് സ്റ്റോറേജും ബാക്കപ്പ് ഓപ്ഷനുകളും നൽകുന്ന ഗൂഗിൾ വണ്ണിൻ്റെ ആറ് മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നതിനായി എയർടെൽ ഗൂഗിളുമായും പങ്കാളിത്ത കരാർ ഉണ്ടാക്കിയിട്ടുണ്ട്.
ഈ പുതിയ ഓഫറുകളിലൂടെ, എയർടെൽ ഒരു ടെലികോം പ്രൊവൈഡർ മാത്രമല്ലെന്ന് തെളിയിക്കുന്നു. മ്യൂസിക്ക്, സ്ട്രീമിംഗ്, AI ടൂളുകൾ, സ്റ്റോറേജ് സേവനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന മികച്ച ഡിജിറ്റൽ അനുഭവം ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യാൻ അവർക്കു കഴിയുന്നുണ്ട്.
പരസ്യം
പരസ്യം