Photo Credit: REUTERS
റിലയൻസ് ജിയോ സ്റ്റോറുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്ക് ഉപകരണങ്ങൾ വാങ്ങാൻ കഴിയുമെന്ന് കമ്പനി പറയുന്നു.
ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സുമായി ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് പുതിയ പാർട്ട്ണർഷിപ്പ് പ്രഖ്യാപിച്ചു. ഈ പങ്കാളിത്തം സ്റ്റാർലിങ്ക് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരും. ഇതിലൂടെ രാജ്യത്തിന്റെ ഏറ്റവും വിദൂര, ഗ്രാമപ്രദേശങ്ങളിൽ പോലും അതിവേഗ ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്നതിനായി ജിയോ സ്‌പേസ് എക്‌സിന്റെ ലോ-എർത്ത് ഓർബിറ്റ് സാറ്റലൈറ്റുകളുടെ ശൃംഖല ഉപയോഗിക്കും. റിലയൻസ് ജിയോ സ്റ്റോറുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്ക് ഉപകരണങ്ങൾ വാങ്ങാൻ കഴിയും. ഇൻസ്റ്റാളേഷൻ, ആക്ടിവേഷൻ, കസ്റ്റമർ സപ്പോർട്ട് തുടങ്ങിയ സേവനങ്ങളും സ്റ്റോറുകൾ നൽകും. എന്നിരുന്നാലും, ഇന്ത്യയിൽ സ്റ്റാർലിങ്ക് സോവനങ്ങൾ വിൽക്കാൻ സ്‌പേസ് എക്‌സിന് അധികാരികളിൽ നിന്ന് ആവശ്യമായ അനുമതി ലഭിച്ചതിനു ശേഷം മാത്രമേ ഇത് സംഭവിക്കുകയുള്ളൂ. ജിയോയും സ്‌പേസ് എക്‌സും തമ്മിലുള്ള ഈ സഹകരണം രാജ്യത്തുടനീളം ഇന്റർനെറ്റ് കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു, വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് പോലും വേഗതയേറിയതും വിശ്വസനീയവുമായ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ഇതിലൂടെ ആക്‌സസ് ചെയ്യാൻ കഴിയും.
ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ പത്രക്കുറിപ്പ് പ്രകാരം, ജിയോയുടെ നിലവിലുള്ള ജിയോ എയർ ഫൈബർ, ജിയോ ഫൈബർ പോലുള്ള ഹൈ-സ്പീഡ് ബ്രോഡ്‌ബാൻഡ് സേവനങ്ങളുമായി ചേർന്ന് സ്റ്റാർലിങ്ക് പ്രവർത്തിക്കും. എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ വേഗത്തിലും താങ്ങാനാവുന്ന വിലയിലും ഇന്റർനെറ്റ് ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വൻകിട ബിസിനസുകൾക്ക് മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള ചെറുകിട, ഇടത്തരം ബിസിനസുകൾക്കും കമ്മ്യൂണിറ്റികൾക്കും അതിവേഗ ഇന്റർനെറ്റ് നൽകുക എന്ന ജിയോയുടെ ലക്ഷ്യത്തെ ഈ നീക്കം പിന്തുണയ്ക്കുന്നു.
റെഗുലേറ്ററി അധികാരികളിൽ നിന്ന് ആവശ്യമായ അനുമതികൾ ലഭിച്ചുകഴിഞ്ഞാൽ, ഉപഭോക്താക്കൾക്ക് റിലയൻസ് ജിയോ സ്റ്റോറുകളിൽ നിന്ന് സ്റ്റാർലിങ്ക് ഉപകരണങ്ങൾ വാങ്ങാം. എലോൺ മസ്‌കിന്റെ കമ്പനിക്കുവേണ്ടി കസ്റ്റമർ സർവീസ്, ഇൻസ്റ്റാളേഷൻ, ആക്ടിവേഷൻ എന്നിവയെല്ലാം ജിയോ കൈകാര്യം ചെയ്യും.
“ജിയോയുമായി ചേർന്നു പ്രവർത്തിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്, കൂടാതെ സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ കൂടുതൽ ആളുകളിലേക്കും ബിസിനസുകളിലേക്കും സ്ഥാപനങ്ങളിലേക്കും എത്തിക്കുന്നതിന് ഇന്ത്യാ ഗവൺമെന്റിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.” പ്രഖ്യാപനത്തിനു പിന്നാലെ സ്‌പേസ് എക്‌സിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഗ്വിൻ ഷോട്ട്‌വെൽ പറഞ്ഞു.
ഇന്ത്യയുടെ ഡിജിറ്റൽ ശൃംഖല ശക്തിപ്പെടുത്തുന്നതിന്, രണ്ട് കമ്പനികളും ഒരുമിച്ച് പ്രവർത്തിക്കാനുള്ള കൂടുതൽ വഴികൾ തേടും. സ്റ്റാർലിങ്കിന്റെ ലോ-എർത്ത് ഓർബിറ്റ് സാറ്റലൈറ്റുകളുടെ ശൃംഖല ഉൾപ്പെടെയുള്ള വിഭവങ്ങൾ ഇതിനു വേണ്ടി ഉപയോഗിക്കാൻ അവർ പദ്ധതിയിടുന്നു. ലോകത്തിലെ ഏറ്റവും വിദൂര പ്രദേശങ്ങളിൽ ചിലതിലേക്ക് അതിവേഗ ഇന്റർനെറ്റ് നൽകുന്ന, ഏകദേശം ഏഴായിരത്തോളം ആക്റ്റീവ് സാറ്റലൈറ്റുകൾ സ്റ്റാർലിങ്കിനുണ്ട്.
ഭാരതി എയർടെല്ലുമായി സമാനമായ പങ്കാളിത്തം പ്രഖ്യാപിച്ചതിന് ശേഷം എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് ഇന്ത്യൻ കമ്പനിയുമായി നടത്തുന്ന രണ്ടാമത്തെ കരാറാണിത്. ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ സ്റ്റോറുകളിൽ എയർടെൽ സ്റ്റാർലിങ്ക് ഉപകരണങ്ങൾ വിൽക്കും. ബിസിനസുകൾ, കമ്മ്യൂണിറ്റികൾ, സ്‌കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്കും മറ്റും സ്റ്റാർലിങ്ക് സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ പദ്ധതിയിടുന്നു.
പരസ്യം
പരസ്യം