പുതിയ ഐഒഎസ് അപ്ഡേറ്റിൽ ലിക്വിസ് ഗ്ലാസ് ഇൻ്റർഫേസിനെ ക്രമീകരിക്കാൻ കഴിയും; വിവരങ്ങൾ അറിയാം
Photo Credit: Apple
ഐഒഎസ് 26.1 അപ്ഡേറ്റ് ലിക്വിഡ് ഗ്ലാസ് ഇൻറർഫേസ് കസ്റ്റമൈസ് ചെയ്യാനുള്ള പുതിയ ഓപ്ഷൻ അവതരിപ്പിക്കുന്നു
സെപ്തംബർ 15-നാണ് ഏറെ ശ്രദ്ധിക്കപ്പെട്ട ഐഒഎസ് 26 അപ്ഡേറ്റ് ആപ്പിൾ പുറത്തിറക്കിയത്. ഇതിനെ പിന്തുണയ്ക്കുന്ന എല്ലാ ഐഫോൺ മോഡലുകളിലും ലിക്വിഡ് ഗ്ലാസ് എന്ന പുതിയ ഇന്റർഫേസ് എത്തിയത് ഈ അപ്ഡേറ്റിലൂടെ ആയിരുന്നു. മിനുസമാർന്ന, ഗ്ലാസ് പോലെ സുതാര്യമായ ഡിസൈനുമായി എത്തിയ ഈ ഇന്റർഫേസ് സിസ്റ്റത്തിന് കൂടുതൽ ആകർഷണം നൽകി. ഇപ്പോൾ ഈ ഇൻ്റർഫേസിലുള്ള ഫീച്ചറുകളെ ഒന്നുകൂടി മെച്ചപ്പെടുത്തുന്ന ഐഒഎസ് 26.1 ബീറ്റ 4 എന്ന പുതിയ അപ്ഡേറ്റുമായി ആപ്പിൾ എത്തിയിട്ടുണ്ട്. തങ്ങളുടെ ഫോണിലെ ലിക്വിഡ് ഗ്ലാസ് ഇൻ്റർഫേസ് എങ്ങനെ കാണപ്പെടുന്നു എന്നതു ക്രമീകരിക്കാൻ ഉപയോക്താക്കൾക്ക് പുതിയ അപ്ഡേറ്റ് ഓപ്ഷൻ നൽകുന്നു. ഇന്റർഫേസ് ഇഷ്ടാനുസൃതമാക്കാൻ അനുവദിക്കുന്ന ഒരു ടോഗിൾ ആപ്പിൾ പുതിയതായി കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതിലൂടെ ലിക്വിഡ് ഗ്ലാസ് ഇൻ്റർഫേസിന് കുറഞ്ഞ സുതാര്യത മതിയെന്നു കരുതുന്നവർക്ക് അതിനനുസരിച്ച് മാറ്റം വരുത്താൻകഴിയും. ഐഫോണുകൾക്കു പുറമെ ഐപാഡ് ഒഎസ് 26.1, മാക്ഒഎസ് 26.1 എന്നിവയിലും ഇതേ ഓപ്ഷനുകൾ ലഭ്യമാണ്.
ആപ്പിളിന്റെ ഏറ്റവും പുതിയ ഐഒഎസ് 26.1 ബീറ്റ 4 അപ്ഡേറ്റ്, തിങ്കളാഴ്ചയാണ് ടെസ്റ്റർമാർക്കായി പുറത്തിറക്കിയത്. കഴിഞ്ഞ അപ്ഡേറ്റിലെ പ്രധാന ഫീച്ചറുകളിൽ ഒന്നായ ലിക്വിഡ് ഗ്ലാസ് ഇൻ്റർഫേസ് ക്രമീകരിക്കുന്നതിനുള്ള ഓപ്ഷൻ പുതിയ അപ്ഡേറ്റിലുണ്ട്. സെറ്റിങ്ങ്സ് ആപ്പിൽ ഡിസ്പ്ലേ & ബ്രൈറ്റ്നസ് > ലിക്വിഡ് ഗ്ലാസ് എന്ന ഓപ്ഷൻ എടുത്ത് ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടം പോലെ ക്രമീകരിക്കാൻ കഴിയും. ഉപയോക്താക്കൾക്ക് ക്ലിയർ, ടിന്റഡ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിൽ ഒരെണ്ണം തിരഞ്ഞെടുക്കാം.
പുതിയ ഫീച്ചറിർ "ലിക്വിഡ് ഗ്ലാസിന് ഇഷ്ടപ്പെട്ട രൂപം" തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നുമെന്ന് ആപ്പിൾ പറയുന്നു. ക്ലിയർ ഓപ്ഷൻ ഇന്റർഫേസിനെ കൂടുതൽ സുതാര്യമാക്കും, അതേസമയം ടിന്റഡ് ഓപ്ഷൻ നേരെ വിപരീതമായി പ്രവർത്തിച്ച് കൂടുതൽ കോൺട്രാസ്റ്റ് ചേർക്കുന്നു. ഓരോ ഓപ്ഷനിലും ഇന്റർഫേസ് എങ്ങനെ കാണപ്പെടുമെന്നതിൻ്റെ ഒരു ചെറിയ പ്രിവ്യൂയും കാണിക്കും.
ഇതേ ടിൻറിംഗ് ഓപ്ഷൻ ഇപ്പോൾ ഏറ്റവും പുതിയ ഐപാഡ്ഒഎസ് 26.1, മാക്ഒഎസ് 26.1 ഡെവലപ്പർ ബീറ്റകളിലും ലഭ്യമാണ്. ലിക്വിഡ് ഗ്ലാസ് ഇൻ്റർഫേസിൻ്റെ ഈ പുതിയ ടിൻറഡ് വേരിയൻ്റ് പ്രസ്തുത ഡിസൈനിനെ പിന്തുണയ്ക്കുന്ന തേർഡ് പാർട്ടി ആപ്പുകളിലും പ്രവർത്തിച്ചേക്കാം. iOS 26 ബീറ്റ ടെസ്റ്റിങ്ങിനിടെയുള്ള കസ്റ്റമർ ഫീഡ്‌ബാക്കിൽ നിന്നാണ് ഈ മാറ്റം കൊണ്ടുവന്നതെന്ന് ആപ്പിൾ പറയുന്നു.
നിലവിൽ, ഈ ഫീച്ചർ ഡെവലപ്പർ ബീറ്റയിൽ മാത്രമാണ്, എന്നാൽ ഇതിൻ്റെ പൂർണ്ണമായ പബ്ലിക് റിലീസ് ഉടനെ തന്നെ പ്രതീക്ഷിക്കുന്നു. ഐഒഎസ് 26.1 ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ ആയി എല്ലാവർക്കുമായി പുറത്തിറങ്ങാൻ സാധ്യതയുണ്ട്. ഐഒഎസ് 26-ൽ അവതരിപ്പിച്ച പല ഫീച്ചറുകളെയും മെച്ചപ്പെടുത്തുന്നതാവും ഈ അപ്ഡേറ്റ്.
ഐഫോൺ എസ്ഇ-ക്കും(സെക്കൻൻഡ് ജനറേഷൻ) പുതിയ മോഡലുകൾക്കുമായി സെപ്റ്റംബർ 15-നാണ് ആപ്പിൾ ഐഒഎസ് 26 പുറത്തിറക്കിയത്. അതേസമയം ഐഒഎസ് 26 മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടായിരുന്നു ഐഫോൺ 17 സീരീസ് എത്തിയത്. ലിക്വിഡ് ഗ്ലാസ് ഡിസൈൻ ഐഫോണുകൾക്ക് ആധുനികവും സുതാര്യവുമായ ഒരു രൂപം നൽകുന്നതാണെങ്കിലും എല്ലാവർക്കും ഇത് ഇഷ്ടമാകാൻ സാധ്യതയില്ല. ഇത് കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചില ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു.
ഐഒഎസ് 26-ലെ മറ്റ് ഫീച്ചറുകളിൽ ഒരു പ്രത്യേക ഗെയിംസ് ആപ്പ്, വിഷ്വൽ ഇന്റലിജൻസ് ടൂളുകൾ, 3D വാൾപേപ്പറുകളുള്ള റീഡിസൈൻ ചെയ്ത ലോക്ക് സ്‌ക്രീൻ, ലൈവ് ട്രാൻസ്ലേഷൻ, ഗ്രൂപ്പ് മെസേജുകളിൽ നേരിട്ട് പോളുകൾ സൃഷ്ടിക്കാനുള്ള കഴിവ് എന്നിവയും ഉൾപ്പെടുന്നു.
പരസ്യം
പരസ്യം