റീചാർജ് പ്ലാനുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകാൻ വിഐ ഒരുങ്ങുന്നു
Photo Credit: Reuters
വോഡഫോൺ ഐഡിയയുടെ 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയുണ്ട്
ഇന്ത്യയിൽ ടെലികോം കമ്പനികൾ വിരലിൽ എണ്ണാവുന്നതേ ഉള്ളൂവെങ്കിലും അവർ തമ്മിലുള്ള മത്സരം ശക്തമാണ്. കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുന്നതിനു വേണ്ടി ഇവരെല്ലാവരും നിരന്തരം ഓഫറുകൾ കൊണ്ടുവരികയും ചെയ്യാറുണ്ട്. വൊഡാഫോൺ ഐഡിയയും പുതിയൊരു ഓഫറുമായി എത്താൻ സാധ്യതയുണ്ടെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 199 രൂപയുടെയും 179 രൂപയുടെയും റീചാർജ് പ്ലാനുകളിലാണ് ആനുകൂല്യങ്ങൾ നൽകുന്നത്. എന്നാൽ തിരഞ്ഞെടുത്ത കസ്റ്റമേഴ്സിനു മാത്രമേ ഈ ആനുകൂല്യങ്ങൾ ലഭ്യമാകൂവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 28 ദിവസത്തെ വാലിഡിറ്റിയുള്ള 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 2GB ഡാറ്റയാണ് ആകെ ലഭിക്കാറുള്ളത്. എന്നാൽ പുതിയ ഓഫറിലൂടെ ചില ഉപയോക്താക്കൾക്ക് ദിനംപ്രതി 1GB ഡാറ്റ ലഭിക്കുന്നുണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു. ഇതിനു പുറമെ 179 രൂപയുടെ റീചാർജ് പ്ലാനിലും കൂടുതൽ ആനുകൂല്യങ്ങൾ കമ്പനി നൽകുന്നുണ്ട്. എന്നാൽ ഇതു സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. ഈ രണ്ട് ഓഫറുകളും അവതരിപ്പക്കുന്ന വിവരം കമ്പനി സ്ഥിരീകരിച്ചിട്ടുമില്ല. കമ്പനിയുടെ സോഷ്യൽ മീഡിയ, വെബ്സൈറ്റ് എന്നിവിടങ്ങളിലൊന്നും ഇതു സംബന്ധിച്ചു യാതൊരു സൂചനയുമില്ല.
ടെലികോംടോക്കിന്റെ റിപ്പോർട്ട് പ്രകാരം വോഡഫോൺ ഐഡിയ (വിഐ) നിലവിലുള്ള രണ്ട് പ്രീപെയ്ഡ് റീചാർജ് പ്ലാനുകളായ 199 രൂപ, 179 രൂപ എന്നിവയിൽ പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ പുതിയ ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭ്യമാകില്ല. ചില ടെലികോം സർക്കിളുകളിലെ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമേ ഇത് ലഭിക്കുകയുള്ളൂ.
വിഐ വെബ്‌സൈറ്റ് നൽകുന്ന വിവരം അനുസരിച്ച്, 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ സാധാരണയായി 28 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 300 എസ്എംഎസ് സന്ദേശങ്ങൾ, മൊത്തം 2GB ഡാറ്റ എന്നിവയാണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ ഒരു സ്പെഷ്യൽ ഓഫറിന്റെ ഭാഗമായി, ഈ പ്ലാനിൽ സാധാരണ നൽകുന്ന 2 ജിബിക്ക് പുറമേ പ്രതിദിനം 1 ജിബി അധിക ഡാറ്റ വിഐ നൽകുമെന്നു പറയപ്പെടുന്നു. അതായത് വാലിഡിറ്റി കാലയളവിൽ ഉപയോക്താക്കൾക്ക് 2 ജിബിക്ക് പകരം ഏകദേശം 30 ജിബി ഡാറ്റ ലഭിച്ചേക്കാം. ഈ ഓഫർ പരിമിതമായ ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ എന്നും റിപ്പോർട്ടുണ്ട്.
വിഐയുടെ 179 രൂപ പ്രീപെയ്ഡ് പ്ലാൻ സാധാരണയായി അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 300 എസ്എംഎസ് സന്ദേശങ്ങൾ, 1 ജിബി ഡാറ്റ എന്നിവയാണു നൽകിയിരുന്നത് എന്നാൽ ഇപ്പോൾ, കമ്പനി ഈ പ്ലാനിനൊപ്പം 4 ദിവസത്തെ അധിക വാലിഡിറ്റി നൽകുന്നതായി പറയപ്പെടുന്നു. അതായത് 24 ദിവസത്തെ വാലിഡിറ്റി 28 ദിവസമായി വർദ്ധിക്കും. എന്നാൽ, അധികം ലഭിക്കുന്ന 4 ദിവസങ്ങളിൽ അധിക ഡാറ്റ ഉൾപ്പെടുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ 1 ജിബി ഡാറ്റ യഥാർത്ഥ വാലിഡിറ്റി കാലയളവിലേക്ക് മാത്രമേ ബാധകമാകൂ.
പൂർണ്ണമായും പുതിയ പ്ലാനുകൾ അവതരിപ്പിക്കാതെ മികച്ച ആനുകൂല്യങ്ങൾ നൽകി ഉപയോക്താക്കളെ നിലനിർത്താനുള്ള വിഐയുടെ ശ്രമമാണ് പഴയ പ്ലാനുകളിലുണ്ടായ ഈ മാറ്റങ്ങളെന്നു വേണം മനസിലാക്കാൻ.
വിഐയുടെ എതിരാളിയായ ഭാരതി എയർടെൽ അടുത്തിടെ 189 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കിയിരുന്നു. രാജ്യത്തുടനീളം ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ ഉൾപ്പെടെ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഏറ്റവും താങ്ങാനാവുന്ന പ്ലാനുകളിൽ ഒന്നാണ് എയർടെല്ലിന്റെ 189 രൂപയുടെ പായ്ക്ക്. ഇതു സൃഷ്ടിക്കുന്ന മത്സരമാണ് പുതിയ ആനുകൂല്യങ്ങൾ നൽകാൻ വൊഡാഫോൺ ഐഡിയയെ പ്രേരിപ്പിച്ചതെന്നു വേണം കരുതാൻ.
കർണാടകയിലെ മൈസൂരുവിലും തങ്ങളുടെ 5G സേവനങ്ങൾ അവതരിപ്പിക്കാൻ വിഐ ആരംഭിച്ചുവെന്നു റിപ്പോർട്ടുകളുണ്ട്. 5G സ്മാർട്ട്‌ഫോണുകൾ കയ്യിലുള്ള മൈസൂരുവിലെ ഉപയോക്താക്കൾക്ക് ഇപ്പോൾ ഒരു ഇൻട്രൊഡക്റ്ററി ഓഫറിന് കീഴിൽ അൺലിമിറ്റഡ് 5G ഡാറ്റ ആസ്വദിക്കാൻ കഴിയുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
മൈസൂരുവിൽ 5G റോൾഔട്ടിനായി വിഐ സാംസങ്ങുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. മൊത്തത്തിലുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന് വ്യത്യസ്ത സ്ഥലങ്ങളിൽ കൂടുതൽ സ്പെക്ട്രം (നെറ്റ്‌വർക്ക് ശേഷി) വിന്യസിപ്പിക്കാനും സംസ്ഥാനത്തുടനീളം 5G കവറേജ് മെച്ചപ്പെടുത്തുന്നതിനായും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ടെലികോം കമ്പനി അറിയിച്ചു.
പരസ്യം
പരസ്യം