ചൈനയിൽ വാവെയ് നോവ ഫ്ലിപ് എസ് ലോഞ്ച് ചെയ്തു; പ്രധാന വിവരങ്ങൾ അറിയാം
Photo Credit: Huawei
ചൈനയിൽ അവതരിപ്പിച്ച വാവെയ് നോവ ഫ്ലിപ് എസ് ഫോണിന്റെ വിലയും പ്രധാന സവിശേഷതകളും അറിയാം
സ്മാർട്ട്ഫോൺ വിപണിയിലെ പ്രമുഖ ബ്രാൻഡുകളിൽ ഒന്നായ വാവെയ് ചൈനയിൽ നോവ ഫ്ലിപ്പ് എസ് എന്ന തങ്ങളുടെ പുതിയ മോഡൽ ഫോൺ പുറത്തിറക്കി. ഈ പുതിയ ഫോൺ 2024 ഓഗസ്റ്റിൽ പുറത്തിറങ്ങിയ നോവ ഫ്ലിപ്പ് മോഡലിനോട് വളരെ സാമ്യമുള്ളതാണ് എങ്കിലും, അതിനേക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാകും. ഇതു കൂടാതെ രണ്ട് പുതിയ കളർ ഓപ്ഷനുകളും പുതിയ മോഡൽ വാഗ്ദാനം ചെയ്യുന്നുണ്ട്. നോവ ഫ്ലിപ്പ് എസിൽ 4,400mAh ബാറ്ററിയും പിന്നിൽ, 50 മെഗാപിക്സൽ മെയിൻ സെൻസറുള്ള ഡ്യുവൽ ക്യാമറ സജ്ജീകരണമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 32 മെഗാപിക്സൽ ക്യാമറയും നൽകിയിരിക്കുന്നു. നോട്ടിഫിക്കേഷനുകൾ പെട്ടന്നു കാണാനുള്ള ചെറിയ 2.14 ഇഞ്ച് കവർ സ്‌ക്രീനും സാധാരണ ഉപയോഗത്തിനായുള്ള 6.94 ഇഞ്ച് ഫോൾഡബിൾ മെയിൻ ഡിസ്‌പ്ലേയും ഈ ഫോണിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നോവ ഫ്ലിപ്പിനെപ്പോലെ, ഈ ക്ലാംഷെൽ-സ്റ്റൈൽ ഫോൾഡബിൾ ഫോണിനും കിരിൻ 8000 ചിപ്‌സെറ്റ് കരുത്തു നൽകുമെന്നാണു പ്രതീക്ഷിക്കുന്നത്.
വാവെയ് നോവ ഫ്ലിപ്പ് എസിന്റെ 256 ജിബി മോഡലിന് CNY 3,388 (ഏകദേശം 41,900 രൂപ), 512 ജിബി പതിപ്പിന് CNY 3,688 (ഏകദേശം 45,600 രൂപ) എന്നിങ്ങനെയാണ് വില വരുന്നത്. ന്യൂ ഗ്രീൻ, സീറോ വൈറ്റ്, സകുറ പിങ്ക്, സ്റ്റാർ ബ്ലാക്ക്, സ്കൈ ബ്ലൂ, ഫെതർ സാൻഡ് ബ്ലാക്ക് (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്ത പേരുകൾ) എന്നീ ആറ് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. നോവ ഫ്ലിപ്പ് മോഡലിനെ അപേക്ഷിച്ച് കുറഞ്ഞ വിലയും കൂടുതൽ കളർ ഓപ്ഷനുകളുമായി വിപണിയിൽ ആധിപത്യം സ്ഥാപിക്കാനുറപ്പിച്ചു തന്നെയാണ് വാവെയ് നോവ ഫ്ലിപ്പ് എസ് എത്തുന്നത്.
വാവെയ് നോവ ഫ്ലിപ്പ് എസ് 6.94 ഇഞ്ച് ഫുൾ എച്ച്ഡി+ (2690×1136 പിക്സലുകൾ) OLED ഫോൾഡബിൾ മെയിൻ സ്ക്രീനും 2.14 ഇഞ്ച് OLED കവർ ഡിസ്പ്ലേയും ഉൾക്കൊള്ളുന്നതാണ്. രണ്ടു സ്ക്രീനും റൗണ്ടഡ് കോർണറുകളുമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഔട്ടർ സ്ക്രീനിന് 480×480 പിക്സൽ റെസല്യൂഷനുണ്ട്. പ്രധാന ഡിസ്പ്ലേ P3 വൈഡ് കളർ ഗാമട്ട്, 120Hz വരെ LTPO അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 1440Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 300Hz ടച്ച് സാമ്പിൾ റേറ്റ് എന്നിവയെ പിന്തുണയ്ക്കുന്നു.
വാവെയ് ഇതുവരെ ഫോണിൻ്റെ പ്രോസസർ, റാം എന്നിങ്ങനെയുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല, പക്ഷേ സ്റ്റാൻഡേർഡ് നോവ ഫ്ലിപ്പ് മോഡലിനു കരുത്തു നൽകിയ കിരിൻ 8000 ചിപ്പ് തന്നെ ഇതിലും ഉപയോഗിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 256GB, 512GB സ്റ്റോറേജ് ഓപ്ഷനുകളോടെ വരുന്ന ഫോൺ, ഹാർമണിOS 5.1-ൽ പ്രവർത്തിക്കുന്നു.
ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, വാവെയ് നോവ ഫ്ലിപ്പ് എസിൽ f/1.9 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ മെയിൻ ക്യാമറയും f/2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയുമുണ്ട്. പ്രധാന ക്യാമറ 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നു. ഷൂട്ടിംഗ് മോഡിനെ ആശ്രയിച്ച് ചിത്രത്തിന്റെ ക്വാളിറ്റിയിൽ മാറ്റമുണ്ടായേക്കാം എന്ന മുന്നറിയിപ്പ് വാവെയ് നൽകിയിട്ടുണ്ട്. ഇന്നർ സ്‌ക്രീനിൽ f/2.2 അപ്പേർച്ചറുള്ള 32 മെഗാപിക്സൽ സെൽഫി ക്യാമറയും ഉൾപ്പെടുന്നു.
66W ഫാസ്റ്റ് വയർഡ് ചാർജിംഗ് പിന്തുണയുള്ള 4,400mAh ബാറ്ററിയാണ് ഫോണിനുള്ളത്. തുറക്കുമ്പോൾ, ഇതിന് 6.88 മില്ലിമീറ്റർ കനവും 195 ഗ്രാം ഭാരവുമുണ്ട്. സുരക്ഷിതമായി അൺലോക്ക് ചെയ്യുന്നതിനായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഇതിൽ ഉൾപ്പെടുന്നു.
പരസ്യം
പരസ്യം