Photo Credit: VI
299 രൂപ മുതലുള്ള പ്ലാനുകളിൽ വി അൺലിമിറ്റഡ് 5G ഡാറ്റ വാഗ്ദാനം ചെയ്യുന്നു
വോഡഫോൺ ഐഡിയ (Vi) ഇന്ത്യയിലുടനീളം 5G സേവനങ്ങൾ നൽകുന്നതിൻ്റെ അടുത്ത ഘട്ടം ആരംഭിച്ചു. അഹമ്മദാബാദ്, ആഗ്ര, ഇൻഡോർ, ജയ്പൂർ, കൊൽക്കത്ത, ലഖ്‌നൗ, നാഗ്പൂർ, പൂനെ, സൂററ്റ്, വിശാഖപട്ടണം എന്നിവയുൾപ്പെടെ 23 നഗരങ്ങളിൽ കൂടി 5G സേവനങ്ങൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയിപ്പോൾ. ഈ വിപുലീകരണം വിവിധ ഘട്ടങ്ങളിലായി നടക്കും. മുംബൈ, ഡൽഹി-എൻസിആർ, ബെംഗളൂരു, ചണ്ഡീഗഡ്, പട്ന തുടങ്ങിയ പ്രധാന നഗരങ്ങളിൽ അടുത്തിടെ 5G നെറ്റ്‌വർക്ക് ആരംഭിച്ചതിനു പിന്നാലെയാണ് വിഐ പുതിയ റോൾ ഔട്ട് ആരംഭിച്ചിരിക്കുന്നത്. ഈ നീക്കത്തിൽ, പ്രയോറിറ്റി സർക്കിളുകൾ എന്നും അറിയപ്പെടുന്ന തങ്ങളുടെ എല്ലാ പ്രധാന സേവന മേഖലകളും ഉൾപ്പെടുത്താനാണ് വൊഡഫോൺ ഐഡിയ ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളമുള്ള 17 സർക്കിളുകളിൽ കമ്പനി ഇതിനകം 5G സ്പെക്ട്രം സ്വന്തമാക്കിയിട്ടുണ്ട്. ഓരോ നഗരത്തിലും നെറ്റ്‌വർക്ക് ആക്റ്റിവേറ്റ് ആകുമ്പോൾ, 5G സ്മാർട്ട്‌ഫോണുകളുള്ള ഉപയോക്താക്കൾക്ക് വേഗതയേറിയ ഇന്റർനെറ്റ് ആസ്വദിക്കാൻ കഴിയും. പരിധിയില്ലാത്ത 5G ഡാറ്റ ഉപയോഗിക്കുന്നതിന്, വിഐ ഉപഭോക്താക്കൾ ചെയ്യേണ്ട റീചാർജ് പ്ലാൻ 299 രൂപ മുതലാണ് ആരംഭിക്കുന്നത്.
വോഡഫോൺ ഐഡിയ (Vi) ഇന്ത്യയിലുടനീളമുള്ള 23 നഗരങ്ങളിലേക്ക് കൂടി തങ്ങളുടെ 5G സേവനങ്ങൾ വ്യാപിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചു. അഹമ്മദാബാദ്, ആഗ്ര, ഔറംഗാബാദ്, കോഴിക്കോട്, കൊച്ചി, ഡെറാഡൂൺ, ഇൻഡോർ, ജയ്പൂർ, കൊൽക്കത്ത, ലഖ്‌നൗ, മധുരൈ, മലപ്പുറം, മീററ്റ്, നാഗ്പൂർ, നാസിക്, പൂനെ, രാജ്കോട്ട്, സോണെപട്ട്, സൂററ്റ്, സിലിഗുരി, തിരുവനന്തപുരം, വഡോദര, വിശാഖപട്ടണം എന്നീ നഗരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
വിഐയുടെ അഭിപ്രായത്തിൽ, രാജ്യത്തെ 17 പ്രയോറിറ്റി ടെലികോം സർക്കിളുകളും ഈ വിപുലീകരണം ഉൾക്കൊള്ളുന്നു. ഘട്ടം ഘട്ടമായാണ് 5G റോൾഔട്ട് ഈ നഗരങ്ങളിലേക്കു വ്യാപിപ്പിക്കുക. ഇത് ആക്റ്റിവേറ്റ് ആകുമ്പോൾ, 5G സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്‌ഫോണുകൾ സ്വന്തമാക്കിയിട്ടുള്ള ഈ നഗരങ്ങളിലെ ഉപയോക്താക്കൾക്ക് വിഐയുടെ 5G നെറ്റ്‌വർക്ക് ഉപയോഗിച്ച് വേഗതയേറിയ ഇൻ്റർനെറ്റ് ആസ്വദിക്കാൻ കഴിയും.
5G ഇതിനകം ലഭ്യമാക്കിയിട്ടുള്ള പ്രദേശങ്ങളിലെ യോഗ്യരായ ഉപയോക്താക്കളിൽ 70 ശതമാനത്തിലധികം പേരും സേവനം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെന്ന് കമ്പനി പറഞ്ഞു. നെറ്റ്‌വർക്ക് സിസ്റ്റങ്ങൾ കൈകാര്യം ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനും AI പവർഡ് സെൽഫ്-ഓർഗനൈസിംഗ് നെറ്റ്‌വർക്കുകൾ (SON) ഉപയോഗിക്കുന്നുണ്ടെന്നും വിഐ പരാമർശിച്ചു. നെറ്റ്‌വർക്ക് പ്രകടനം യാന്ത്രികമായി ക്രമീകരിക്കുന്നതിനും ഒപ്റ്റിമൈസ് ചെയ്യുന്നതിനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.
5G ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി, നോക്കിയ, എറിക്സൺ, സാംസങ്ങ് തുടങ്ങിയ പ്രമുഖ ടെലികോം ഉപകരണ കമ്പനികളുമായി വിഐ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. നിലവിലുള്ള സേവനങ്ങൾ പുതിയ 5G സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കാൻ ഈ കമ്പനികൾ വിഐയെ സഹായിക്കുന്നു.
കമ്പനിയുടെ 5G ലോഞ്ച് ഘട്ടം ഘട്ടമായി മുന്നോട്ട് പോകുകയാണെന്ന് വിഐയുടെ ചീഫ് ടെക്‌നോളജി ഓഫീസർ ജഗ്ബീർ സിംഗ് പറഞ്ഞു. ഇതിനു പുറമെ ഉപയോക്താക്കൾക്ക് മികച്ച കണക്റ്റിവിറ്റി നൽകുന്നതിനായി വിഐ തങ്ങളുടെ 4G സേവനങ്ങൾ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ നീക്കത്തിലൂടെ, സാങ്കേതികവിദ്യ നവീകരിച്ച് ഇന്ത്യയിലുടനീളമുള്ള കൂടുതൽ ഉപയോക്താക്കൾക്ക് വേഗതയേറിയ ഇന്റർനെറ്റും മെച്ചപ്പെട്ട നെറ്റ്‌വർക്ക് പെർഫോമൻസും വാഗ്ദാനം ചെയ്യുക എന്നതാണ് വിഐ ലക്ഷ്യമിടുന്നത്.
വിഐയുടെ അൺലിമിറ്റഡ് 5G ഡാറ്റ സേവനം 299 രൂപയ്ക്ക് 28 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന പ്രീപെയ്ഡ് പ്ലാനിലാണ് ആരംഭിക്കുന്നത്. അൺലിമിറ്റഡ് 5G ഡാറ്റ വാഗ്ദാനം ചെയ്യുന്ന മറ്റ് പ്രീപെയ്ഡ് പ്ലാനുകളിൽ 349 രൂപ, 365 രൂപ, 579 രൂപ, 649 രൂപ, 859 രൂപ, 979 രൂപ, 3,599 രൂപ എന്നിവ ഉൾപ്പെടുന്നു. പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്ക്, അൺലിമിറ്റഡ് 5G പ്ലാനുകൾ 451 രൂപയിൽ ആരംഭിച്ച് 1,201 രൂപ വരെയുള്ളതുണ്ട്.
ഈ വർഷം ഓഗസ്റ്റോടെ തങ്ങളുടെ 17 പ്രയോറിറ്റി സർക്കിളുകളിലേക്കും 5G നെറ്റ്‌വർക്ക് വികസിപ്പിക്കുമെന്നും വിഐ പ്രഖ്യാപിച്ചു. ഇതിനു പുറമെ, നിലവിലുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി, കമ്പനി ഇതിനകം തന്നെ ഏകദേശം 65,000 സ്ഥലങ്ങളിൽ 900 MHz ബാൻഡിൽ 4G സ്ഥാപിച്ചിട്ടുണ്ട്. ഇത് കവറേജ് വർദ്ധിപ്പിക്കാനും ഇൻഡോർ നെറ്റ്‌വർക്ക് ക്വാളിറ്റി മെച്ചപ്പെടുത്താനും സഹായിച്ചു.
കൂടാതെ, അടുത്ത ആറ് മാസത്തിനുള്ളിൽ 1 ലക്ഷം (100,000) പുതിയ മൊബൈൽ ടവറുകൾ സ്ഥാപിച്ച് തങ്ങളുടെ നെറ്റ്‌വർക്ക് കൂടുതൽ ശക്തിപ്പെടുത്താനും വിഐ പദ്ധതിയിടുന്നു.
പരസ്യം
പരസ്യം