കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ഓപ്പോ ഫൈൻഡ് X9, ഓപ്പോ ഫൈൻഡ് X9 പ്രോ എന്നിവയുടെ വിവരങ്ങൾ അറിയാം
Photo Credit: Oppo
ഓപ്പോ ഫൈൻഡ് X9 സീരീസ്, Oppo Find X9 Pro ഉൾപ്പെടെ, 2025 ഒക്ടോബർ 16-ന് ചൈനയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. ഈ ഫോണുകൾ മികച്ച ക്യാമറ, ശക്തമായ ബാറ്ററി, ഉയർന്ന പ്രകടനം എന്നിവയാൽ ശ്രദ്ധേയമാണ്.
സ്മാർട്ട്ഫോൺ വിപണിയിൽ നിലവിലുള്ള വമ്പൻ ഫ്ലാഗ്ഷിപ്പ് ഫോണുകളെല്ലാം ഒന്നു കരുതിയിരിക്കേണ്ടി വരും. അവർക്കു വെല്ലുവിളിയാകാൻ രണ്ടു കില്ലാഡികളെ ഓപ്പോ കളത്തിലിറക്കി വിട്ടിട്ടുണ്ട്. വ്യാഴാഴ്ച ചൈനയിൽ നടന്ന ഹാർഡ്‌വെയർ ലോഞ്ച് ഇവന്റിൽ ഓപ്പോ ഫൈൻഡ് X9 പ്രോ, ഓപ്പോ ഫൈൻഡ് X9 എന്നീ ഫോണുകൾ കമ്പനി ലോഞ്ച് ചെയ്തു. മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റാണ് ഈ ഫോണുകൾക്കു കരുത്തു നൽകുന്നത്. ഇവ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16-ൽ പ്രവർത്തിക്കുന്നു. ഹാസൽബ്ലാഡുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ക്യാമറ യൂണിറ്റുമായി വരുന്ന ഈ ഫോണുകളിൽ 50 മെഗാപിക്സൽ സോണി LYT 828 മെയിൽ സെൻസറുകളുമുണ്ട്. ഫൈൻഡ് X9 പ്രോയിൽ 200 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും ഫൈൻഡ് X9-ൽ 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP66, IP68, IP69 റേറ്റിംഗുകളും ഈ ഫോണുകൾക്കുണ്ട്. ചൈനയിൽ ലോഞ്ച് ചെയ്ത ഫോണുകൾ അടുത്ത മാസം ഇന്ത്യയിലെത്തും എന്നാണു പ്രതീക്ഷിക്കുന്നത്.
ഓപ്പോ ഫൈൻഡ് X9-യുടെ 12GB + 256GB അടിസ്ഥാന മോഡലിന് CNY 4,399 (ഏകദേശം 54,300 രൂപ) വില വരും. 16GB + 256GB മോഡലിന് CNY 4,699 (ഏകദേശം 58,000 രൂപ), 12GB + 512GB വേരിയൻ്റിന് CNY 4,999 (ഏകദേശം 61,700 രൂപ), 16GB + 512GB വേരിയന്റിന് CNY 5,299 (ഏകദേശം 65,400 രൂപ), 16GB + 1TB പതിപ്പിന് CNY 5,799 (ഏകദേശം 71,600 രൂപ) എന്നിങ്ങനെയും വില വരുന്നു.
അതേസമയം, ഓപ്പോ ഫൈൻഡ് X9 പ്രോയുടെ 12GB + 256GB മോഡലിന് CNY 5,299 (ഏകദേശം 65,400 രൂപ) മുതൽ വില ആരംഭിക്കുന്നു. 12GB + 512GB, 16GB + 512GB, 16GB + 1TB പതിപ്പുകൾക്ക് യഥാക്രമം CNY 5,699 (ഏകദേശം 70,300 രൂപ), CNY 5,999 (ഏകദേശം 74,100 രൂപ), CNY 6,699 (ഏകദേശം 82,700 രൂപ) എന്നിങ്ങനെയാണ് വില.
ഓപ്പോ ഫൈൻഡ് X9 പ്രോ 1.5K റെസല്യൂഷനോടുകൂടിയ (2772×1272 പിക്സലുകൾ) 6.78 ഇഞ്ച് LTPO ഡിസ്പ്ലേയുമായി വരുമ്പോൾ ഫൈൻഡ് X9-ന് അല്പം ചെറിയ 6.59 ഇഞ്ച് 1.5K സ്ക്രീനാണ് (2760×1256 പിക്സലുകൾ) ഉള്ളത്. രണ്ട് ഫോണുകളും 120Hz വരെ റീഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുകയും 1800nits പീക്ക് ബ്രൈറ്റ്നസ് ലെവൽ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. സ്ക്രീൻ ഏരിയയുടെ 20 ശതമാനത്തിൽ 3600 nits വരെ തെളിച്ചം കൈവരിക്കാനും ഈ ഫോണുകൾക്കു കഴിയും. ProXDR ഡിസ്പ്ലേകൾ HDR വിവിഡ്, ഡോൾബി വിഷൻ, HDR10+ പോലുള്ള HDR ഫോർമാറ്റുകളെ പിന്തുണയ്ക്കുന്നു, രണ്ടിനും ഫുൾ-സ്ക്രീൻ ഓൾവേയ്സ് ഓൺ ഡിസ്പ്ലേ (AOD) സവിശേഷതയുമുണ്ട്.
ഓപ്പോ ഫൈൻഡ് X9 പ്രോ, ഫൈൻഡ് X9 എന്നിവ മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റുമായാണു വരുന്നത്. 16GB വരെ റാമും 1TB വരെ ഇന്റേണൽ സ്റ്റോറേജും ഇതിലുണ്ടാകും. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ ColorOS 16-ൽ ഈ ഫോണുകൾ പ്രവർത്തിക്കുന്നു. നിരവധി AI-അധിഷ്ഠിത സവിശേഷതകളും ഇതിലുണ്ട്.
ക്യാമറകളുടെ കാര്യത്തിൽ, ഓപ്പോ ഫൈൻഡ് X9-ൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്, അതിൽ 50 മെഗാപിക്സൽ സോണി LYT-828 മെയിൻ സെൻസർ, 50 മെഗാപിക്സൽ സോണി LYT-600 പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 50 മെഗാപിക്സൽ സാംസങ് JN5 അൾട്രാവൈഡ് ലെൻസ് എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഇതിൽ 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.
ഓപ്പോ ഫൈൻഡ് X9 പ്രോയിലും സമാനമായ മെയിൻ, അൾട്രാവൈഡ് സെൻസറുകൾ തന്നെയാണ് ഉപയോഗിക്കുന്നത്, എന്നാൽ അവയ്ക്കൊപ്പം 3x ഡിജിറ്റൽ സൂമുള്ള 200 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ ഇതിലുണ്ടാകും. മുൻവശത്ത്, 50 മെഗാപിക്സൽ സെൽഫി ക്യാമറയും വരുന്നു.
ഫൈൻഡ് X9 പ്രോയിൽ 7,500 mAh ബാറ്ററിയും ഫൈൻഡ് X9-ൽ 7,025 mAh ബാറ്ററിയുമാണുള്ളത്. രണ്ടും 80W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിൽ IP66, IP68, IP69 എന്നിങ്ങനെ റേറ്റു ചെയ്‌ത ഫോണുകളിൽ 5G, 4G LTE, Wi-Fi, ബ്ലൂടൂത്ത്, GPS, ഒരു USB ടൈപ്പ്-സി പോർട്ട് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്.
പരസ്യം
പരസ്യം