Photo Credit: Xiaomi
റെഡ്മി വാച്ച് മൂവ് ബ്ലൂ ബ്ലേസ്, ബ്ലാക്ക് ഡ്രിഫ്റ്റ്, ഗോൾഡ് റഷ്, സിൽവർ സ്പ്രിന്റ് എന്നീ നിറങ്ങളിൽ ലഭ്യമാണ്
ഇന്ത്യയിൽ നിരവധി ആരാധകരുള്ള ബ്രാൻഡായ റെഡ്മിയുടെ പുതിയ സ്മാർട്ട് വാച്ചായ റെഡ്മി വാച്ച് മൂവ് തിങ്കളാഴ്ച ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. ഈ പുതിയ സ്മാർട്ട് വാച്ചിൽ ചതുരാകൃതിയിലുള്ള AMOLED സ്‌ക്രീനും റൊട്ടേറ്റിങ്ങ് ക്രൗണുമുണ്ട്. ഇത് മെനുവിലൂടെ എളുപ്പത്തിൽ നീങ്ങാൻ നിങ്ങളെ സഹായിക്കുന്നു. ഹൃദയമിടിപ്പ് നിരീക്ഷണം, ഉറക്കത്തിൻ്റെ ട്രാക്കിംഗ് തുടങ്ങിയ നിരവധി ആരോഗ്യ, ഫിറ്റ്‌നസ് ട്രാക്കിംഗ് സവിശേഷതകളെയും ഇത് പിന്തുണയ്ക്കുന്നു. കമ്പനിയുടെ അഭിപ്രായത്തിൽ, വാച്ച് വളരെ കൃത്യമായ ഫലങ്ങൾ നൽകും. 98.5% വരെ ട്രാക്കിംഗ് കൃത്യത ഇതിനുണ്ടെന്ന് അവർ പറയുന്നു. ഇത് ഷവോമിയുടെ ഏറ്റവും പുതിയ സോഫ്റ്റ്‌വെയറായ ഹൈപ്പർഒഎസിലാണ് പ്രവർത്തിക്കുന്നത്. വാച്ച് ഹിന്ദി ഭാഷയെയും പിന്തുണയ്ക്കുന്നതിനാൽ ഇന്ത്യയിലെ കൂടുതൽ ആളുകൾക്ക് ഉപയോഗിക്കാൻ എളുപ്പമാകും. റെഡ്മി വാച്ച് മൂവ് ഒറ്റ ചാർജിൽ 14 ദിവസം വരെ നിലനിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മെയ് 1 മുതൽ ഈ സ്മാർട്ട് വാച്ച് ഇന്ത്യയിൽ വിൽപ്പന ആരംഭിക്കും.
റെഡ്മി തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് വാച്ചായ റെഡ്മി വാച്ച് മൂവിന്റെ ഇന്ത്യൻ വിപണിയിലെ വില പ്രഖ്യാപിച്ചു. 1,999 രൂപയാണ് വാച്ചിന്റെ വില. ബജറ്റ് ഫ്രണ്ട്‌ലി വെയറബിൾ വാച്ച് തിരയുന്നവർക്ക് ഇത് അനുയോജ്യമായിരിക്കും. മെയ് 1 മുതൽ റെഡ്മി വാച്ച് മൂവ് വാങ്ങാൻ ലഭ്യമാകും. ഫ്ലിപ്കാർട്ട്, ഷവോമി ഇന്ത്യ വെബ്‌സൈറ്റ് (mi.com), അല്ലെങ്കിൽ രാജ്യത്തുടനീളമുള്ള അംഗീകൃത ഷവോമി റീട്ടെയിൽ സ്റ്റോറുകൾ വഴി ഉപഭോക്താക്കൾക്ക് ഇത് വാങ്ങാം.
വാച്ച് മുൻകൂട്ടി ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, ഏപ്രിൽ 24 മുതൽ പ്രീ-ബുക്കിംഗ് ആരംഭിക്കും. ഔദ്യോഗിക വിൽപ്പന ആരംഭിക്കുന്നതിന് മുമ്പ് ‘സ്മാർട്ട് വാച്ച് സ്വന്തമാക്കാൻ കഴിയുമെന്ന് ഉറപ്പിക്കാൻ ഇത് അവസരം നൽകുന്നു. ബ്ലൂ ബ്ലേസ്, ബ്ലാക്ക് ഡ്രിഫ്റ്റ്, ഗോൾഡ് റഷ്, സിൽവർ സ്പ്രിന്റ് എന്നിങ്ങനെ നാല് ആകർഷകമായ നിറങ്ങളിലാണ് വാച്ച് ലഭ്യമാവുക.
1.85 ഇഞ്ച് ദീർഘചതുരാകൃതിയിലുള്ള AMOLED സ്‌ക്രീനോടുകൂടിയ ഒരു സ്റ്റൈലിഷ് സ്മാർട്ട് വാച്ചാണ് റെഡ്മി വാച്ച് മൂവ്. ഡിസ്‌പ്ലേയ്ക്ക് 2.5D കർവ്ഡ് ഡിസൈനാണ്. 390 x 450 പിക്‌സൽ റെസല്യൂഷനുള്ള ഇത് 60Hz വരെ റിഫ്രഷ് റേറ്റ്, 600 nits വരെ പീക്ക് ബ്രൈറ്റ്നസ് ലെവൽ, 322ppi പിക്‌സൽ ഡെൻസിറ്റി എന്നിവയെ പിന്തുണയ്ക്കുന്നു. 74% സ്‌ക്രീൻ-ടു-ബോഡി റേഷ്യോയുള്ള വാച്ച് വലിയ, ക്ലിയറായ വ്യൂവിംഗ് ഏരിയ വാഗ്ദാനം ചെയ്യുന്നു. ഇത് എല്ലായ്‌പ്പോഴും ഓൺ ഡിസ്‌പ്ലേ ഫീച്ചറിനെയും പിന്തുണയ്ക്കുന്നു, അതിനാൽ ഉപയോക്താക്കൾക്ക് സ്‌ക്രീൻ ഓൺ ചെയ്യാതെ തന്നെ സമയവും പ്രധാനപ്പെട്ട വിവരങ്ങളും പരിശോധിക്കാൻ കഴിയും.
ഫിറ്റ്‌നസ്, ആരോഗ്യ ട്രാക്കിംഗിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ സ്മാർട്ട് വാച്ചിൽ 140-ലധികം പ്രീസെറ്റ് സ്‌പോർട്‌സ് മോഡുകൾ ഉൾപ്പെടുന്നു. വാച്ചിന് ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജൻ അളവ് (SpO₂), സമ്മർദ്ദ നിലകൾ, ഉറക്ക രീതികൾ എന്നിവ നിരീക്ഷിക്കാൻ കഴിയും. സ്ത്രീ ഉപയോക്താക്കൾക്ക് സഹായകമായി മെൻസ്ട്രുവൽ സർക്കിൾ ട്രാക്കറും ഉൾപ്പെടുത്തിയിട്ടുണ്ട്.
റെഡ്മി വാച്ച് മൂവ് ഷവോമിയുടെ സ്വന്തം ഹൈപ്പർഒഎസിലാണ് പ്രവർത്തിക്കുന്നത്. ഇത് ബ്ലൂടൂത്ത് കോളിംഗിനെയും പിന്തുണയ്ക്കുന്നു, അതിനാൽ ഉപയോക്താക്കൾക്ക് വാച്ചിൽ നിന്ന് നേരിട്ട് ഫോൺ കോളുകൾ വിളിക്കാനും സ്വീകരിക്കാനും കഴിയും. കൂടാതെ, വാച്ച് ഹിന്ദി ഭാഷയ്ക്കുള്ള പിന്തുണ വാഗ്ദാനം ചെയ്യുന്നു, ഇത് ഇന്ത്യൻ ഉപയോക്താക്കൾക്ക് കൂടുതൽ ഗുണകരമാകും.
സ്മാർട്ട് വാച്ച് ആൻഡ്രോയിഡ്, iOS ഉപകരണങ്ങളുമായി പെയർ ചെയ്യാം. വാച്ച് സെറ്റിങ്ങ്സും സവിശേഷതകളും കൈകാര്യം ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന Mi ഫിറ്റ്‌നസ് ആപ്പ് വഴി ഇത് കണക്റ്റുചെയ്യുന്നു. ആപ്പ് വഴി, ഉപയോക്താക്കൾക്ക് വാച്ചിലേക്ക് 10 കോൺടാക്റ്റുകൾ വരെ സേവ് ചെയ്യാനും കഴിയും. വാച്ചിന്റെ വശത്തുള്ള റൊട്ടറ്റിങ്ങ് ക്രൗൺ ഉപയോക്താക്കളെ ഒരു വിരൽ ഉപയോഗിച്ച് ആപ്പുകളിലൂടെയും അറിയിപ്പുകളിലൂടെയും എളുപ്പത്തിൽ സ്ക്രോൾ ചെയ്യാൻ സഹായിക്കുന്നു.
ഈ വാച്ച് മൃദുവായതും അലർജി ഒഴിവാക്കുന്നതുമായ TPU സ്ട്രാപ്പുമായി വരുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള IP68 റേറ്റിംഗും ഇതിനുണ്ട്. വാച്ചിന് 300mAh ബാറ്ററിയാണുള്ളത്. ഇത് സാധാരണ ഉപയോഗത്തിൽ 14 ദിവസം വരെയും, കനത്ത ഉപയോഗത്തിൽ ഏകദേശം 10 ദിവസം വരെയും, എല്ലായ്‌പ്പോഴും ഓൺ ഡിസ്‌പ്ലേ ഓണാക്കിയിട്ടുണ്ടെങ്കിൽ ഏകദേശം 5 ദിവസം വരെയും നിലനിൽക്കും. കൂടുതൽ ബാറ്ററി ലൈഫിനായി "അൾട്രാ" ബാറ്ററി സേവർ മോഡും ഇതിലുണ്ട്. വാച്ച് ബോഡിക്ക് 45.5 x 38.9 x 10.8mm വലിപ്പവും 25 ഗ്രാം മാത്രം ഭാരവുമാണുള്ളത്.
പരസ്യം
പരസ്യം