റിയൽമി വാച്ച് 5 ഇന്ത്യയിലേക്ക്; പ്രധാന സവിശേഷതകൾ അറിയാം
റിയൽമി വാച്ച് 5 ഇന്ത്യയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ്.
ഡിസംബർ 4-ന് റിയൽമി P4x ഫോണിനൊപ്പം ഇന്ത്യയിൽ റിയൽമി വാച്ച് 5 പുറത്തിറക്കാൻ കമ്പനി ഒരുങ്ങുകയാണ്. ലോഞ്ചിന് മുന്നോടിയായി ഈ സ്മാർട്ട് വാച്ചിന്റെ ഫുൾ ഡിസൈൻ, കളർ ചോയ്‌സുകൾ, പ്രധാന സവിശേഷതകൾ എന്നിവ കമ്പനി പങ്കുവെച്ചിട്ടുണ്ട്. ഇതിനകം തന്നെ ചില ആഗോള വിപണികളിൽ ഈ സ്മാർട്ട് വാച്ച് വിൽപ്പനയ്ക്കെത്തിയിരുന്നു. ഇതിനു മുൻപു പുറത്തിറങ്ങിയ വാച്ച് 3 പ്രോയെ അപേക്ഷിച്ച് വലിയ അപ്‌ഗ്രേഡുമായാണ് റിയൽമി വാച്ച് 5 എത്തുന്നത്. കൂടുതൽ മികവുറ്റ ദൃശ്യങ്ങളും മികച്ച ഔട്ട്ഡോർ വിസിബിലിറ്റിയും നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു വലിയ AMOLED സ്‌ക്രീൻ ഇതിൽ ഉൾപ്പെടുന്നു. മെച്ചപ്പെടുത്തിയ ഹാർട്ട്ബീറ്റ് കൃതൃത, ഫിറ്റ്‌നസ് അളക്കാനായി കൂടുതൽ ഉപകരണങ്ങൾ എന്നിവ പോലുള്ള കൂടുതൽ ഹെൽത്ത്-ട്രാക്കിംഗ് ഓപ്ഷനുകൾ വാച്ച് 5 കൂട്ടിച്ചേർക്കുന്നു. മറ്റൊരു ഹൈലൈറ്റ് ദൈർഘ്യമേറിയ ബാറ്ററി ബാക്കപ്പാണ്. കൃത്യമായ ട്രാക്കിംഗിനായി ഒരു ഇൻഡിപെൻഡൻ്റ് ജിപിഎസ് സംവിധാനത്തെയും നിരവധി സ്‌പോർട്‌സ് മോഡുകളെയും ഡെയ്ലി സ്മാർട്ട് ഫീച്ചറുകളെയും വാച്ച് 5 പിന്തുണയ്ക്കുന്നു.
റിയൽമി വാച്ച് 5-ൻ്റെ വശങ്ങളിൽ അലുമിനിയം അലോയ് ക്രൗണും ഹണികോമ്പ്-സ്റ്റൈൽ സ്പീക്കർ ഹോളുകളും ഉണ്ട്. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സ്മാർട്ട് വാച്ചിനെ സംരക്ഷിക്കുന്നതിനായി IP68 റേറ്റിംഗും ഇതിനുണ്ടാകും. ലൈറ്റ് ബ്ലൂ, സൺ ഓറഞ്ച്, ടൈറ്റാനിയം സിൽവർ, ടൈറ്റാനിയം ബ്ലാക്ക് എന്നീ നാല് നിറങ്ങളിലാണ് റിയൽമി വാച്ച് 5 ഇന്ത്യയിൽ എത്തുന്നത്. ഇന്ത്യയിൽ ഫ്ലിപ്കാർട്ടിലും ഔദ്യോഗിക റിയൽമി ഓൺലൈൻ സ്റ്റോറിലും സ്മാർട്ട് വാച്ച് വാങ്ങാൻ ലഭ്യമാകുമെന്നും കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
റിയൽമി വാച്ച് 5-ന്റെ ഇന്ത്യൻ വേരിയൻ്റ് 1.97 ഇഞ്ച് AMOLED ഡിസ്‌പ്ലേയുമായി വരുമെന്ന് കമ്പനിയുടെ ഒഫീഷ്യൽ മൈക്രോസൈറ്റ് സ്ഥിരീകരിക്കുന്നു. സ്‌ക്രീൻ 390×450 പിക്‌സൽ റെസല്യൂഷനും, 600nits പീക്ക് ബ്രൈറ്റ്‌നസും, 60Hz റിഫ്രഷ് റേറ്റും വാഗ്ദാനം ചെയ്യുന്നു. ലൈറ്റ് മോഡിൽ 20 ദിവസം വരെയും സ്റ്റാൻഡേർഡ് ഡെയ്ലി ഉപയോഗത്തിൽ 16 ദിവസം വരെയും വാച്ച് 5-ൻ്റെ ബാറ്ററി നീണ്ടുനിൽക്കുമെന്ന് റിയൽമി അവകാശപ്പെടുന്നു. ഈ സ്മാർട്ട് വാച്ച് 720 മിനിറ്റ് വരെ ബ്ലൂടൂത്ത് കോളിംഗിനെ പിന്തുണയ്ക്കുമെന്നും പറയപ്പെടുന്നു. ക്രിക്കറ്റ്, യോഗ, ഔട്ട്‌ഡോർ ഓട്ടം, സൈക്ലിംഗ്, നടത്തം, മറ്റു വ്യത്യസ്ത ജിം ആക്റ്റിവിറ്റീസ് എന്നിവ ഉൾപ്പെടുന്ന 108 സ്‌പോർട്‌സ് മോഡുകൾ ഇത് വാഗ്ദാനം ചെയ്യും. വാച്ചിൽ ഒരു ഇൻഡിപെൻഡൻ്റ് ജിപിഎസ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ കൂടുതൽ കൃത്യമായ റൂട്ട് ട്രാക്കിംഗിനായി അഞ്ച് സാറ്റലൈറ്റ് സിസ്റ്റങ്ങളെയും ഇതു പിന്തുണയ്ക്കുന്നു.
ആരോഗ്യ നിരീക്ഷണത്തിനായി, റിയൽമി വാച്ച് 5-ൽ ഹാർട്ട്ബീറ്റ് ട്രാക്കിംഗ്, SpO2 അളക്കൽ, പ്രഷർ ട്രാക്കിംഗ്, ഉറക്കത്തിൻ്റെ വിശദമായ നിരീക്ഷണം എന്നിവ ഉൾപ്പെടും. സ്ത്രീകളായ ഉപയോക്താക്കൾക്ക് ആർത്തവചക്രം ട്രാക്ക് ചെയ്യാനും ഈ സ്മാർട്ട് വാച്ചിലൂടെ കഴിയും. വ്യായാമത്തിന് ശേഷം, ഉപയോക്താക്കൾക്ക് അവരുടെ ആക്റ്റിവിറ്റീസിൻ്റെ വിവരങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നതിനായി പോസ്റ്റ്-എക്സർസൈസ് റിപ്പോർട്ടുകളെയും ഈ വാച്ചിനു കാണിക്കാൻ കഴിയും. ദിശ മനസിലാക്കാൻ സഹായിക്കുന്നതിനായി ഒരു ബിൽറ്റ്-ഇൻ കോമ്പസും ഇതിൽ ഉൾപ്പെടുന്നു. റിയൽമി വാച്ച് 5 ബ്ലൂടൂത്ത് കോളിംഗിനെയും ബ്ലൂടൂത്ത് ഇന്റർകോം സവിശേഷതകളെയും പിന്തുണയ്ക്കും. അതിനാൽ തന്നെ ഉപയോക്താക്കൾക്ക് വാച്ചിൽ നിന്ന് നേരിട്ട് കോളുകൾ ചെയ്യാൻ കഴിയും. കൂടാതെ, ഇത് NFC സ്മാർട്ട് കാർഡ് സ്കാനിംഗിനെയും കളിക്കുന്ന സമയത്ത് ഇൻ ഗെയിം ഹെൽത്ത് ഡീറ്റയിൽസ് കാണിക്കുന്ന ഗെയിം ഗാർഡിയൻ മോഡിനെയും പിന്തുണയ്ക്കും.
പരസ്യം
പരസ്യം