വൺപ്ലസ് വാച്ച് ലൈറ്റ് വിപണിയിലെത്തി; പ്രധാനപ്പെട്ട വിശേഷങ്ങൾ അറിയാം
Photo Credit: OnePlus
ലോഞ്ച് ചെയ്ത വൺപ്ലസ് വാച്ച് ലൈറ്റ് വിലയും പ്രധാന സവിശേഷതകളും ചുരുക്കത്തിൽ അറിയാം
പ്രമുഖ ബ്രാൻഡായ വൺപ്ലസ് തങ്ങളുടെ വെയറബിൾ ലൈനപ്പിലേക്ക് മറ്റൊരു ബജറ്റ് ഫ്രണ്ട്ലി ഓപ്ഷൻ കൂട്ടിച്ചേർത്ത് വൺപ്ലസ് വാച്ച് ലൈറ്റ് എന്ന പുതിയ സ്മാർട്ട് വാച്ച് അവതരിപ്പിച്ചു. കമ്പനിയുടെ പ്രീമിയം വാച്ച് സീരിസിനു തൊട്ടു താഴെയായി വരുന്ന ഈ മോഡൽ കുറഞ്ഞ വിലയ്ക്ക് സ്മാർട്ട് ഫീച്ചറുകൾ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കു വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഗൂഗിളിന്റെ വെയർ ഒഎസ് ഉപയോഗിക്കുന്ന ഉയർന്ന നിലവാരമുള്ള വൺപ്ലസ് വാച്ചുകളിൽ നിന്നും വ്യത്യസ്തമായി, ഓക്സിജൻ ഒഎസ് വാച്ചിൻ്റെ ലൈറ്റർ വേർഷനിലാണ് വൺപ്ലസ് വാച്ച് ലൈറ്റ് പ്രവർത്തിക്കുന്നത്. 3,000nits വരെ ബ്രൈറ്റ്നസ് കൈവരിക്കാൻ കഴിയുന്ന ഒരു AMOLED ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് വാച്ചിൽ ഉള്ളത്. ആക്റ്റിവിറ്റി മോണിറ്ററിംഗ്, വെൽനസ് ഡാറ്റ തുടങ്ങിയ നിരവധി ആരോഗ്യ, ഫിറ്റ്‌നസ് ട്രാക്കിംഗ് സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നു. വൺപ്ലസ് വാച്ച് ലൈറ്റ് ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ട്‌ഫോണുകളുമായി പൊരുത്തപ്പെടുന്നു. ഒറ്റ ചാർജിൽ, ഇത് 10 ദിവസം വരെ ബാറ്ററി ലൈഫ് നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു.
വൺപ്ലസ് വാച്ച് ലൈറ്റ് സിൽവർ, ബ്ലാക്ക് സ്റ്റെയിൻലെസ് സ്റ്റീൽ എന്നീ നിറങ്ങളിൽ ലഭ്യമാണ്. ബ്ലാക്ക് അല്ലെങ്കിൽ വൈറ്റ് നിറങ്ങളിലുള്ള ഫ്ലൂറോറബ്ബർ സ്ട്രാപ്പുകളുമായാണ് ഇതു വരുന്നത്. ചില യൂറോപ്യൻ രാജ്യങ്ങളിലും യുകെയിലും ഈ സ്മാർട്ട് വാച്ച് പുറത്തിറക്കിയിട്ടുണ്ട്. യൂറോപ്പിൽ, ഇതിന്റെ വില EUR 179 ആണ്, അതായത് ഏകദേശം 19,000 രൂപ. യുകെയിൽ, വില GBP 179 ആണ്, അതായത് ഏകദേശം 21,600 രൂപ.
നിലവിൽ, വൺപ്ലസ് സ്മാർട്ട് വാച്ച് കുറഞ്ഞ വിലയ്ക്ക് പ്രീ-ഓർഡർ ചെയ്യാനാകും. യൂറോപ്പിൽ പ്രീ-ഓർഡർ വില EUR 159 ആണ്, അതായത് ഏകദേശം 16,800 രൂപ. യുകെയിൽ, പ്രീ-ഓർഡർ വില GBP 159 ആണ്, ഏകദേശം 19,200 രൂപ.
മറ്റ് പ്രദേശങ്ങൾക്കായുള്ള വിലയോ ലഭ്യതാ വിശദാംശങ്ങളോ കമ്പനി ഇതുവരെ പങ്കിട്ടിട്ടില്ല. ഇന്ത്യ, യുഎസ് പോലുള്ള വിപണികളിലെ ലോഞ്ചിനെയും വിലയെയും കുറിച്ചുള്ള വിവരങ്ങൾക്കായി ഏവരും കാത്തിരിക്കുന്നു.
464 × 464 പിക്സൽ റെസല്യൂഷനുള്ള 1.46 ഇഞ്ച് റൗണ്ട് ഷേപ്പ്ഡ് AMOLED സ്‌ക്രീനാണ് വൺപ്ലസ് വാച്ച് ലൈറ്റിലുള്ളത്. ഡിസ്‌പ്ലേയ്ക്ക് 3,000nits വരെ പീക്ക് ബ്രൈറ്റ്‌നസ് ലഭിക്കും. 2.5D കർവ്ഡ് ഗ്ലാസ്, സഫയർ ക്രിസ്റ്റൽ ലെയർ എന്നിവയാൽ ഇത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സ്മാർട്ട് വാച്ചിൽ BES2800BP ചിപ്‌സെറ്റ് ഉണ്ട്, കൂടാതെ 4GB eMMC ഇന്റേണൽ സ്റ്റോറേജും ഉൾപ്പെടുന്നു. ഇത് ഓക്‌സിജൻ OS വാച്ച് 7.1-ൽ പ്രവർത്തിക്കുന്നു. വെയർ ഒഎസ് അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് വാച്ചുകളിൽ നിന്ന് വ്യത്യസ്തമായി, ഇത് തേർഡ് പാർട്ടി ആപ്പ് ഡൗൺലോഡുകളെയും മൊബൈൽ പേയ്‌മെന്റ് സവിശേഷതകളെയും പിന്തുണയ്ക്കുന്നില്ല.
ഹെൽത്ത് ട്രാക്കിംഗിനായി, വൺപ്ലസ് വാച്ച് ലൈറ്റ് ഹാർട്ട് ബീറ്റ് മോണിറ്ററിങ്ങ്, ബ്ലഡ് ഓക്‌സിജൻ (SpO2) ട്രാക്കിംഗ്, റിസ്റ്റ് ടെംപറേച്ചർ മെഷർമെൻ്റ്, പ്രഷർ ട്രാക്കിംഗ്, സ്ലീപ്പ് മോണിറ്ററിങ്ങ്, ഗൈഡഡ് ബ്രീത്ത് എക്സർസൈസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. സ്ലീപ്പ് ട്രാക്കിംഗിൽ ഡീപ്പ് സ്ലീപ്പ്, ലൈറ്റ് സ്ലീപ്പ്, REM സ്ലീപ്പ്, ഉണർന്നിരിക്കുന്ന സമയം, ശ്വസന നിരക്ക്, സ്ലീപ്പ് SpO2 എന്നിവയ്‌ക്കൊപ്പം ഒരു സ്ലീപ്പിങ്ങ് സ്‌കോറും വിശദമായ ഉൾക്കാഴ്ചകളും ഉൾപ്പെടുന്നു. മെൻസ്ട്രൽ സൈക്കിൾ ട്രാക്കിംഗ്, ഫാൾ ഡിറ്റക്ഷൻ എന്നിവയെയും ഈ വാച്ച് പിന്തുണയ്ക്കുന്നു. വൺപ്ലസിന്റെ 60 സെക്കൻഡ് ദൈർഘ്യമുള്ള ആരോഗ്യ പരിശോധനാ സവിശേഷതയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നിലധികം ആരോഗ്യ സൂചകങ്ങൾ ഒരേസമയം അളക്കാൻ ഇതു സൈഡ് സെൻസറും ഉപയോഗിക്കുന്നു.
ഫിറ്റ്‌നസിന്റെ കാര്യത്തിൽ, ഈ സ്മാർട്ട് വാച്ച് 100-ലധികം സ്‌പോർട്‌സ് മോഡുകളെ പിന്തുണയ്ക്കുന്നു. ഓട്ടം, വേഗത്തിലുള്ള നടത്തം, സൈക്ലിംഗ്, നീന്തൽ, റോയിംഗ് മെഷീൻ വർക്ക്ഔട്ടുകൾ, എലിപ്റ്റിക്കൽ പരിശീലനം എന്നിങ്ങനെ ആറ് പ്രവർത്തനങ്ങൾ ഇതിന് യാന്ത്രികമായി കണ്ടെത്താനും കഴിയും.
ക്ലാസിക് ബ്ലൂടൂത്ത്, ബ്ലൂടൂത്ത് ലോ എനർജി (BLE) എന്നിവയുൾപ്പെടെ ബ്ലൂടൂത്ത് 5.2-നെ വൺപ്ലസ് വാച്ച് ലൈറ്റ് പിന്തുണയ്ക്കുന്നു. ബ്ലൂടൂത്ത് കോളിംഗിനെയും NFC-യെയും ഇതു പിന്തുണക്കുന്നു. ലൊക്കേഷൻ ട്രാക്കിംഗിനായി ഡ്യുവൽ-ബാൻഡ് GPS (L1 + L5) വാഗ്ദാനം ചെയ്യുന്ന ഈ വാച്ച് BeiDou, GPS, Galileo, GLONASS, QZSS സാറ്റലൈറ്റ് സിസ്റ്റങ്ങളെയും പിന്തുണയ്ക്കുന്നു.
ഇതിലെ ക്രോസ്-പ്ലാറ്റ്‌ഫോം ഡ്യുവൽ-ഫോൺ പെയറിംഗ് വഴി ഒരേ സമയം രണ്ട് ഫോണുകളിലേക്ക് വാച്ച് കണക്റ്റു ചെയ്യാൻ കഴിയും. ഭാവിയിലെ OTA അപ്‌ഡേറ്റ് വഴി ഈ സവിശേഷത പ്രവർത്തനക്ഷമമാക്കും. കണക്റ്റു ചെയ്‌ത രണ്ട് ഫോണുകളിൽ നിന്നും ഉപയോക്താക്കൾക്ക് കോളുകൾക്ക് മറുപടി നൽകാനും അറിയിപ്പുകൾ സ്വീകരിക്കാനും കഴിയും. വാച്ച് 350-ലധികം വാച്ച് ഫെയ്‌സ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു.
330mAh ബാറ്ററിയാണ് ഈ സ്മാർട്ട് വാച്ചിൽ സജ്ജീകരിച്ചിരിക്കുന്നത്. 10 ദിവസം വരെ ബാറ്ററി ലൈഫുള്ള വാച്ച് സാധാരണ ഉപയോഗത്തിൽ ഏകദേശം ഏഴ് ദിവസം, എപ്പോഴും ഓൺ ഡിസ്‌പ്ലേ ഉണ്ടെങ്കിൽ നാല് ദിവസം വരെ എന്നിങ്ങനെ നൽകുമെന്നു വൺപ്ലസ് അവകാശപ്പെടുന്നു. ചാർജ് ചെയ്യാൻ 90 മിനിറ്റ് വരെ എടുക്കും, അതേസമയം 10 മിനിറ്റ് ചാർജ് ചെയ്താൽ 24 മണിക്കൂർ വരെ ഉപയോഗിക്കാം.
വൺപ്ലസ് വാച്ച് ലൈറ്റിന് സ്റ്റെയിൻലെസ് സ്റ്റീൽ ബോഡിയും 55 ശതമാനം ഗ്ലാസ് ഫൈബർ ഉൾപ്പെടുന്ന പിഎ മെറ്റീരിയൽ കൊണ്ട് നിർമ്മിച്ച പ്ലാസ്റ്റിക് ബാക്കും ഒരു ഗ്ലാസ് സെൻസർ വിൻഡോയും ഉണ്ട്. ഫ്ലൂറോറബ്ബർ സ്ട്രാപ്പുകളും സ്റ്റെയിൻലെസ് സ്റ്റീൽ ബക്കിളും ഇതിൽ ഉൾപ്പെടുന്നു. വാട്ടർ റെസിസ്റ്റൻസിനായി വാച്ചിന് 5ATM റേറ്റിംഗ് ഉണ്ട്, കൂടാതെ പൊടി, ജല പ്രതിരോധത്തിനായി IP68 റേറ്റിംഗും ഉണ്ട്.
വൺപ്ലസ് വാച്ച് ലൈറ്റിന് 44.98×44.98×8.9mm വലിപ്പമാണുള്ളത്. സ്ട്രാപ്പ് ഇല്ലാതെ ഏകദേശം 35 ഗ്രാം ഭാരവും സ്ട്രാപ്പ് ഘടിപ്പിച്ചിരിക്കുമ്പോൾ ഏകദേശം 59 ഗ്രാം ഭാരവും ഇതിനുണ്ട്. 140mm-നും 210mm-നും ഇടയിലുള്ള റിസ്റ്റ് സൈസുകളെ ഈ സ്മാർട്ട് വാച്ച് പിന്തുണയ്ക്കുന്നു.
പരസ്യം
പരസ്യം