ഇന്ത്യയിലെ ഇയർബഡ്സ് വിപണിയിൽ തങ്ങളുടേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത ബ്രാൻഡാണ് വൺപ്ലസ്. അവർ പുറത്തിറക്കിയ വൺപ്ലസ് നോർദ് ബഡ്സുകൾ ഉൾപ്പെടെ നിരവധി മോഡലുകൾക്ക് ഉപഭോക്താക്കളുടെ ഇടയിൽ വലിയ രീതിയിലുള്ള സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വൺപ്ലസിൻ്റെ പുതിയ മോഡൽ ബഡ്സ് പുറത്തിറങ്ങുമ്പോൾ അതിനെ വളരെ പ്രതീക്ഷയോടെയാണ് ഏവരും നോക്കിക്കാണുന്നത്.
വൺപ്ലസ് ബഡ്സ് പ്രോ സീരീസ് വളരെയധികം ശ്രദ്ധിക്കപ്പെട്ട ഇയർബഡ്സ് മോഡലുകളിൽ ഒന്നാണ്. ഇന്ത്യൻ വിപണിയിൽ ചൂടപ്പം പോലെ വിറ്റഴിയപ്പെട്ട ഈ പ്രോ സീരീസിലെ ഏറ്റവും പുതിയ മോഡൽ വൺപ്ലസ് ലോഞ്ച് ചെയ്യാൻ പോവുകയാണ്. ഒരാഴ്ചക്കകം ഇന്ത്യൻ വിപണിയിൽ വൺപ്ലസ് ബഡ്സ് പ്രോ 3 എന്ന പുതിയ മോഡൽ ലോഞ്ച് ചെയ്യപ്പെടുമെന്നാണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ട്രൂ വയർലെസ് (TWS) ഇയർഫോണായ വൺപ്ലസ് ബഡ്സ് പ്രോ 2 ൻ്റെ പിൻഗാമിയായാണ് വൺപ്ലസ് ബഡ്സ് പ്രോ 3 എത്തുന്നത്.
IP55 റേറ്റിംഗുള്ള ബിൽഡ് ക്വാളിറ്റിയും ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റിയുമുള്ള ഇയർഫോൺ മോഡലാണ് വൺപ്ലസ് ബഡ്സ് പ്രോ 3. ഈ സീരീസിലെ മുൻഗാമികളെപ്പോലെത്തന്നെ ഡ്യുവൽ ഡ്രൈവേഴ്സാണ് ഇതിനുണ്ടാവുക.
ഒറ്റത്തവണ ചാർജ് ചെയ്താൽ 43 മണിക്കൂർ വരെ വൺപ്ലസ് ബഡ്സ് പ്രോ 3 ഉപയോഗിക്കാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.
വൺപ്ലസ് ബഡ്സ് പോ 3 ഇന്ത്യയിൽ ഓഗസ്റ്റ് 20 നാണ് ലോഞ്ച് ചെയ്യപ്പെടുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച സാമൂഹ്യമാധ്യമമായ എക്സിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ സമയം അന്നേ ദിവസം വൈകുന്നേരം 6.30 നാണ് ലോഞ്ചിംഗ് തീരുമാനിച്ചിരിക്കുന്നത്. ആഗോള മാർക്കറ്റുകളിലെ ലോഞ്ചിംഗ് സമയം 9am (EST), 2pm (BST), 3pm (CEST) എന്നിവയാണ്. ‘സൂക്ഷ്മവും സന്തുലിതവുമായ നോട്ടുകൾ നൽകുന്ന, ഏറ്റവും മികച്ച ഓഡിയോ ഓഫർ' എന്നാണ് പുതിയ മോഡലിനെ വൺപ്ലസ് തന്നെ വിശേഷിപ്പിക്കുന്നത്.
ബഡ്സ് പ്രോ 3 യുടെ ലോഞ്ചിംഗുമായി ബന്ധപ്പെട്ട് അതിനു വേണ്ടി മാത്രമായി ഒരു ലാൻഡിങ്ങ് പേജ് തങ്ങളുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ വൺപ്ലസ് നീക്കി വെച്ചിട്ടുണ്ട്. ആ പേജിൽ ഓവൽ ഷേപ്പിലുള്ള കെയ്സിലാണ് പുതിയ മോഡൽ കാണുന്നത്. ബോക്സി ഡിസൈനുള്ള വൺപ്ലസിൻ്റെ മുൻ ഡിസൈനുകളിൽ നിന്നും ഈ കെയ്സ് ഡിസൈൻ വ്യത്യാസപ്പെട്ടിരിക്കുന്നു. ലോഞ്ചിംഗിനെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ ലഭിക്കാൻ താൽപര്യമുള്ള ഉപഭോക്താക്കൾ ലാൻഡിങ്ങ് പേജിലെ ‘നോട്ടിഫൈ മി' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ മതി.
വൺപ്ലസ് ബഡ്സ് പ്രോ 3 യുടെ സവിശേഷതകൾ, പ്രതീക്ഷിക്കുന്ന വില എന്നീ വിവരങ്ങൾ:
നേരത്തെ പുറത്തു വന്ന വിവരങ്ങൾ പ്രകാരം പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP55 റേറ്റിംഗുമായാണ് വൺപ്ലസ് ബഡ്സ് പ്രോ 3 എത്തുന്നത്. ഒരു തവണ മുഴുവനായി ചാർജ് ചെയ്താൽ 43 മണിക്കൂർ വരെ ബാറ്ററി ലൈഫ് ഇതിനു ലഭിക്കുമെന്ന് അവകാശപ്പെടുന്നു. ഇത് മുൻ മോഡലായ വൺപ്ലസ് ബഡ്സ് പ്രോ 2 വിനെ അപേക്ഷിച്ചു നാലു മണിക്കൂർ കൂടുതലാണ്. ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റിയുള്ള ഈ ബഡ്സിൽ 11mm വൂഫറും 6mm ട്വീറ്ററുമുള്ള ഡ്യുവൽ ഡ്രൈവർ സെറ്റപ്പ് ആണ് സജ്ജീകരിച്ചിരിക്കുന്നത്.
ഡിജിറ്റൽ ടു അനലോഗ് കൺവേർട്ടർ (DAC), 24-bit/192kHz ഓഡിയോയുള്ള LHDC 5.0 ഓഡിയോ കോഡെക് എന്നിവ ഈ ബഡ്സിലുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
50dB വരെയുള്ള അഡാപ്റ്റീവ് നോയ്സ് ക്യാൻസലേഷൻ ഇതു നൽകുമെന്നു കമ്പനി പറയുന്നു. വൺപ്ലസ് ബഡ്സ് പ്രോ 2 വിനേക്കാൾ കൂടുതലാണിത്.
ഫ്ലാഗ്ഷിപ്പ് ഇയർബഡ്സായ വൺപ്ലസ് ബഡ്സ് പ്രോ 3 ക്ക് ഇന്ത്യൻ വിപണിയിൽ 12000 രൂപ വില വരുമെന്നാണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് ബഡ്സ് പ്രോ 2 വിൻ്റെ വില 11999 രൂപയായിരുന്നു