പോക്കോ M8 സീരീസ് ഇന്ത്യയിലേക്കെത്തുന്നു; വിശദമായ വിവരങ്ങൾ അറിയാം
Photo Credit: poco
രണ്ടു മോഡൽ ഫോണുകളുമായി പോക്കോ M8 സീരീസ് ഇന്ത്യയിൽ; ചില പ്രധാന സവിശേഷതകൾ അറിയാം ഇപ്പോൾ
തങ്ങളുടെ എം സീരീസിൻ്റെ ഭാഗമായുള്ള പുതിയ സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ ഉടൻ പുറത്തിറക്കുമെന്ന് പോക്കോ ഔദ്യോഗികമായി സൂചന നൽകി. പുതിയ ഡിവൈസുകൾ വരുന്നുണ്ടെന്ന് കമ്പനി സ്ഥിരീകരിച്ചെങ്കിലും അവയുടെ കൃത്യമായ പേരുകൾ, ഡിസൈൻ, സവിശേഷതകൾ എന്നിവ ഇതുവരെ പങ്കു വെച്ചിട്ടില്ല. എന്നിരുന്നാലും, നിരവധി ലീക്കുകളും സർട്ടിഫിക്കേഷൻ ഡോക്യുമെൻ്റുകളും ഈ ഫോണുകളെക്കുറിച്ചുള്ള ആദ്യകാല വിവരങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ഫോണിൻ്റെ ലോഞ്ചിങ്ങ് വളരെ വേഗം നടന്നേക്കാമെന്ന് ഈ ലിസ്റ്റിംഗുകൾ സൂചിപ്പിക്കുന്നു. ലീക്കായ വിശദാംശങ്ങൾ സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന മോഡലുകൾ പോക്കോ ഇന്ത്യയിലും ആഗോള വിപണികളിലും അവതരിപ്പിച്ചേക്കാമെന്നാണ്. എന്നാൽ, പ്രദേശത്തിനനുസരിച്ച് ഹാർഡ്‌വെയറിലോ സവിശേഷതകളിലോ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം. പുതിയ ഫോണുകൾ പോക്കോ M8, പോക്കോ M8 പ്രോ എന്നീ പേരുകളിലാവും വരികയെന്ന് ഓൺലൈനിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. സമീപകാലത്തു വന്ന റിപ്പോർട്ടുകളിൽ ഈ രണ്ട് മോഡലുകളെക്കുറിച്ച് നിരവധി തവണ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഒരേ സമയത്ത് എത്തുന്ന ഇവ പോക്കോയുടെ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്‌ഫോൺ സീരീസിൻ്റെ ഭാഗമായി സ്ഥാനം പിടിച്ചേക്കാം.
പോക്കോ ഇന്ത്യയുടെ ടീസർ എം സീരീസിൻ്റെ ഭാഗമായുള്ള ഒരു പുതിയ സ്മാർട്ട്‌ഫോൺ ഉടൻ പുറത്തിറങ്ങുമെന്ന് സ്ഥിരീകരിക്കുന്നു. ഫോണിന്റെ ഡിസൈനിനെ കുറിച്ചോ സവിശേഷതകളെ കുറിച്ചോ ഇത് ഒരു വിവരവും പങ്കിടുന്നില്ല. എന്നിരുന്നാലും, മുമ്പത്തെ ലീക്കുകൾ സൂചിപ്പിക്കുന്നത് പോക്കോ M8 റെഡ്മി നോട്ട് 15 5G-യുടെ റീബ്രാൻഡഡ് പതിപ്പായിരിക്കാം ഇതെന്നാണ്. അതുപോലെ, പോക്കോ M8 പ്രോ റെഡ്മി നോട്ട് 15 പ്രോ+ അടിസ്ഥാനമാക്കി വരുമെന്നും പ്രതീക്ഷിക്കുന്നു.
ഈ ഫോണുകളുടെ ഇന്ത്യൻ, ഗ്ലോബൽ വേരിയൻ്റുകളിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാകാം. പോക്കോ M8 പ്രോയുടെ ഇന്ത്യൻ വേരിയന്റ് 50 മെഗാപിക്സൽ മെയിൻ ക്യാമറയുമായി വരുമെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു, ഇത് റെഡ്മി നോട്ട് 15 പ്രോ+ ഫോണിന്റെ ചൈനീസ് വേരിയൻ്റിന് സമാനമാണ്. മറുവശത്ത്, ഗ്ലോബൽ റെഡ്മി നോട്ട് 15 പ്രോ+ വേരിയൻ്റിൽ 200 മെഗാപിക്സൽ പ്രൈമറി ക്യാമറയാകും ഉണ്ടാവുകയെന്നു പറയപ്പെടുന്നു.
പോക്കോ M8, പോക്കോ M8 പ്രോ എന്നിവയുടെ റെൻഡറുകൾ ഇതിനകം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, ഇത് അവയുടെ ഡിസൈനിനെ കുറിച്ചു വ്യക്തത നൽകുന്നു. യുഎഇയിലെ TDRA, IMEI ഡാറ്റാബേസ്, FCC, IMDA എന്നിവയുൾപ്പെടെ നിരവധി സർട്ടിഫിക്കേഷൻ പ്ലാറ്റ്‌ഫോമുകളിൽ പോക്കോ M8 പ്രോ ഫോണിനെ കണ്ടെത്തിയിട്ടുണ്ട്. ഫോൺ ലോഞ്ചിലേക്ക് അടുക്കുകയാണെന്ന് ഈ ലിസ്റ്റിംഗുകൾ സൂചിപ്പിക്കുന്നു.
അതേസമയം, പോക്കോ M8 5G ഇന്ത്യയിലെ BIS, NBTC, IMDA, TDRA എന്നിവയിൽ നിന്നുള്ള സർട്ടിഫിക്കേഷനുകൾ നേടിയിട്ടുണ്ട്. ഇത് അതിന്റെ ഇന്ത്യയിലെ ലോഞ്ച് അടുത്തുവെന്നും സൂചിപ്പിക്കുന്നു. ഇന്ത്യൻ വിപണിയിലെ ഔദ്യോഗിക ലോഞ്ച് തീയതി ഉൾപ്പെടെ പോക്കോ M8 സീരീസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി ഉടൻ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.
പോക്കോ M8, പോക്കോ M8 പ്രോ എന്നിവയുടെ ലീക്കായ ഡിസൈൻ റെൻഡറുകൾ അവയുടെ നിറങ്ങളും മൊത്തത്തിലുള്ള രൂപവും വെളിപ്പെടുത്തി. രണ്ട് ഫോണുകളും ബ്ലാക്ക്, ബ്ലൂ നിറങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നു, ഇതിനു പുറയെ ഡ്യുവൽ-ടോൺ സിൽവർ-ആൻഡ്-ബ്ലാക്ക് വേർഷനുമുണ്ട്. പോക്കോ ലോഗോ റിയർ പാനലിനു താഴെ വലതുവശത്തായി സ്ഥാപിച്ചിരിക്കുന്നു. രണ്ട് ഫോണുകളിലും പിന്നിൽ സ്ക്വയർക്കിൾ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളുകൾ ഉണ്ടാകുമെന്നു പറയപ്പെടുന്നു, ഇവയിൽ മൂന്ന് ക്യാമറകൾ ഉണ്ടാകും.
മുൻവശത്ത്, ഫോണുകളിൽ ഒരു ഹോൾ-പഞ്ച് സെൽഫി ക്യാമറയും സ്ക്രീനിന് ചുറ്റും കനമേറിയ ബെസലുകളും ഉണ്ടാകും. പവർ, വോളിയം ബട്ടണുകൾ വലതുവശത്ത് സ്ഥിതി ചെയ്യുന്നു. താഴെ, ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഒരു സ്പീക്കർ ഗ്രിൽ, ഒരു മൈക്രോഫോൺ എന്നിവയുമുണ്ട്.
പരസ്യം
പരസ്യം