ഗാലക്സി S26 പ്രോസസർ എക്സ്റ്റേണൽ മോഡത്തെ ആശ്രയിക്കാൻ സാധ്യത; വിശദമായി അറിയാം
Photo Credit: Samsung
സാംസങ്ങിന്റെ വരാനിരിക്കുന്ന ഗാലക്‌സി എസ് 26 സീരീസിൽ മറ്റൊരു ചിപ്‌സെറ്റ് വിഭജനം കാണാൻ സാധ്യതയുണ്ട്.
സാംസങ്ങിൻ്റെ പുതിയ ഗാലക്‌സി ലൈനപ്പായ ഗാലക്സി S26 സീരീസ് അണിയറയിൽ ഒരുങ്ങുകയാണ്. പുതിയ സീരീസ് ഫോണുകളുടെ കാര്യത്തിൽ, വ്യത്യസ്ത വിപണികൾക്കായി വ്യത്യസ്തമായ ചിപ്‌സെറ്റുകൾ കമ്പനി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗാലക്‌സി S26, ഗാലക്സി S26+ എന്നീ മോഡലുകൾക്ക് സാംസങ്ങിന്റെ വരാനിരിക്കുന്ന എക്‌സിനോസ് 2600 പ്രോസസർ കരുത്തു നൽകുമെന്നു സൂചനയുണ്ട്. എന്നാൽ ഈ ചിപ്പ് ഉപയോഗിച്ചുള്ള വേരിയൻ്റുകൾ നിലവിൽ ദക്ഷിണ കൊറിയയിൽ മാത്രമായി പരിമിതപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. മറ്റ് പ്രദേശങ്ങളിൽ വ്യത്യസ്തമായ ചിപ്‌സെറ്റ് ഉപയോഗിച്ചേക്കാം. 2nm പ്രോസസ് ഉപയോഗിച്ച് നിർമ്മിച്ച സാംസങ്ങിന്റെ ആദ്യത്തെ സ്മാർട്ട്‌ഫോൺ പ്രോസസറാണെന്നു പറയപ്പെടുന്നതിനാൽ എക്‌സിനോസ് 2600 ശ്രദ്ധ നേടുന്നു. മുൻ ചിപ്പുകളെ അപേക്ഷിച്ച് പ്രകടനത്തിലും കാര്യക്ഷമതയിലും ഇത് മെച്ചപ്പെടുത്തലുകൾ വരുത്തിയേക്കാം. എന്നാൽ, ചിപ്പിൽ തന്നെ ബിൽറ്റ് ചെയ്യുന്നതിനുപകരം പ്രോസസർ ഒരു എക്സ്റ്റേണൽ മോഡത്തെ ആശ്രയിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. എക്സ്റ്റേണൽ മോഡം സാധാരണയായി ഫോണിനുള്ളിലെ കൂടുതൽ സ്ഥലം എടുക്കുകയും ഊർജ്ജ ഉപയോഗത്തെ ബാധിക്കുകയും ചെയ്യുമെന്നത് പലരിലും സംശയങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
എക്സിനോസ് 2600 ചിപ്പിൽ ഒരു ബിൽറ്റ്-ഇൻ സെല്ലുലാർ മോഡം ഇല്ലെന്ന് ടിപ്സ്റ്ററായ എറെൻകാൻ യിൽമാസ് പറഞ്ഞു. പകരം, പ്രോസസ്സർ ഒരു പ്രത്യേക മോഡം ഉപയോഗിക്കുമെന്നും അത് എക്സിനോസ് 5410 ആകുമെന്നും വിശ്വസിക്കപ്പെടുന്നു. 2nm അധിഷ്ഠിതമായ എക്സിനോസ് 2600 ഒരു എക്സ്റ്റേണൽ മോഡം ഉപയോഗിക്കുന്നുണ്ടെന്ന് ആൻഡ്രോയിഡ് അതോറിറ്റിയോട് സ്ഥിരീകരിച്ച് ഒരു സാംസങ്ങ് സെമികണ്ടക്ടർ ഉദ്യോഗസ്ഥൻ ഈ വിവരത്തെ പിന്തുണച്ചിട്ടുണ്ട്.
എക്സിനോസ് 2400, എക്സിനോസ് 2500 പോലുള്ള മിക്ക നിലവിലെ സ്മാർട്ട്‌ഫോൺ പ്രോസസ്സറുകളിലും ഇൻ്റഗ്രേറ്റഡ് മോഡം ഉൾപ്പെടുന്നുണ്ട്. ചിപ്പിൽ തന്നെ മോഡം ഉണ്ടാകുന്നത് ഡാറ്റ സഞ്ചരിക്കേണ്ട ദൂരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് വൈദ്യുതി ഉപയോഗം കുറയ്ക്കുകയും ചൂട് നിയന്ത്രിക്കുകയും ചെയ്യും.
താരതമ്യപ്പെടുത്തുമ്പോൾ എക്സ്റ്റേണൽ മോഡമുകൾക്ക് പൊതുവെ കാര്യക്ഷമത കുറവാണ്. 2020-ൽ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 865-ലും സമാനമായ സജ്ജീകരണം ഉണ്ടായിരുന്നു. കനത്ത നെറ്റ്‌വർക്ക് ഉപയോഗ സമയത്ത് ഉയർന്ന തോതിൽ വൈദ്യുതി ഉപഭോഗം നടത്തുന്നതിൻ്റെ പേരിൽ ഇതു വിമർശനം നേരിടുകയും ചെയ്തു. ഇതേ സാഹചര്യം ആവർത്തിച്ചാൽ, എക്സിനോസുമായി വരുന്ന ഗാലക്സി S26 മോഡലുകൾക്ക് മൊബൈൽ ഡാറ്റ ഉപയോഗം, വോയ്‌സ് കോളുകൾ അല്ലെങ്കിൽ ഹോട്ട്‌സ്‌പോട്ട് ആക്റ്റിവിറ്റി എന്നിവയ്ക്കിടെ കൂടുതൽ ബാറ്ററി ലീക്ക് അനുഭവപ്പെടാം. സ്‌നാപ്ഡ്രാഗൺ വേർഷനുകളിൽ ഉപയോഗിക്കുന്ന ഇൻ്റഗ്രേറ്റഡ് മോഡമുമായി താരതമ്യപ്പെടുത്തുമ്പോൾ, ദുർബലമായ നെറ്റ്‌വർക്ക് സിഗ്നലുകൾ ഉള്ള പ്രദേശങ്ങളിൽ, ഈ എക്സ്റ്റേണൽ മോഡം എങ്ങനെ പ്രവർത്തിക്കുമെന്നത് ഇപ്പോഴും വ്യക്തമല്ല.
സാംസങ്ങിന്റെ പുതിയ 2nm പ്രോസസ് ഉപയോഗിച്ചാണ് എക്സിനോസ് 2600 നിർമ്മിച്ചിരിക്കുന്നത്. പ്രധാന ചിപ്പിലേക്ക് നേരിട്ട് ചേർക്കുന്നതിനു പകരം എക്സ്റ്റേണൽ മോഡം ഉപയോഗിക്കുന്നത് ചെലവ് കുറയ്ക്കുന്നതിനുള്ള മാർഗമാണെന്ന് വിശ്വസിക്കപ്പെടുന്നു. ആൻഡ്രോയിഡ് അതോറിറ്റിയുടെ അഭിപ്രായത്തിൽ, ഒരു പ്രത്യേക മോഡം ഉപയോഗിക്കുന്നത് ഉൽപാദനക്ഷമത മെച്ചപ്പെടുത്താനും മറ്റ് ഭാഗങ്ങൾക്കായി പ്രധാന ചിപ്പിൽ കൂടുതൽ സ്ഥലം നൽകാനും സാംസങ്ങിനെ സഹായിക്കും.
ഈ ഡിസൈൻ ചോയ്സ് ദൈനംദിന ഉപയോഗത്തിൽ ബാറ്ററി ലൈഫിനെ എങ്ങനെ ബാധിക്കുമെന്ന് സാംസങ്ങ് ഇതുവരെ വിശദീകരിച്ചിട്ടില്ല. എക്സിനോസ് ചിപ്പുള്ള ഗാലക്സി S26 മോഡലുകൾ അടുത്ത വർഷം ആദ്യം വിപണിയിൽ പുറത്തിറങ്ങിയതിനു ശേഷം മാത്രമേ യഥാർത്ഥ ഫലങ്ങൾ അറിയൂ. അതുവരെ, മികച്ച കണക്റ്റിവിറ്റി എഫിഷ്യൻസി വേണ്ട ഉപയോക്താക്കൾക്ക് സ്നാപ്ഡ്രാഗൺ പവർ പതിപ്പുകളെ കൂടുതൽ വിശ്വസനീയമായ ഓപ്ഷനായി കണക്കാക്കാം.
പരസ്യം
പരസ്യം
Paramount's New Offer for Warner Bros. Is Not Sufficient, Major Investor Says
HMD Pulse 2 Specifications Leaked; Could Launch With 6.7-Inch Display, 5,000mAh Battery