Photo Credit: Xiaomi
ഷവോമിയുടെ ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട് ബാൻഡായ റെഡ്മി ബാൻഡ് 3 ചൈനയിൽ ലോഞ്ച് ചെയ്തു. 60Hz റീഫ്രഷ് റേറ്റുള്ള 1.47 ഇഞ്ചിൻ്റെ ദീർഘചതുരാകൃതിയിലുള്ള ഡിസ്‌പ്ലേയുമായാണ് ഇതെത്തിയിരിക്കുന്നത്. ഒറ്റ ചാർജിൽ 18 ദിവസം വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുമെന്നതാണ് ബാൻഡിൻ്റെ പ്രധാന സവിശേഷതകളിലൊന്ന്. ഇതിനു പുറമെ റെഡ്മി ബാൻഡ് 3 വിവിധ ഹെൽത്ത്, വെൽനസ് മോണിറ്ററിംഗ് ടൂളുകളും നൽകുന്നുണ്ട്. നിങ്ങളുടെ ഹൃദയമിടിപ്പ് ട്രാക്ക് ചെയ്യാനും നിങ്ങളുടെ രക്തത്തിലെ ഓക്സിജൻ്റെ അളവ് കണ്ടെത്താനും നിങ്ങളുടെ സ്ലീപ് സൈക്കിൾ നിരീക്ഷിക്കാനും ഇതിനു കഴിയും. വാട്ടർ റെസിസ്റ്റൻസിൻ്റെ കാര്യത്തിൽ 5ATM റേറ്റിംഗ് ലഭിച്ചിട്ടുള്ളതിനാൽ നീന്തൽ അടക്കമുള്ള പ്രവർത്തനങ്ങൾക്ക് ഇത് ധരിക്കാം. 50 പ്രീലോഡഡ് സ്പോർട്സ് മോഡുകൾ ഉൾക്കൊള്ളുന്ന ഈ ബാൻഡിൽ നൂറിലധികം വാച്ച് ഫെയ്‌സ് ഡിസൈനുകളുണ്ട്. ഷവോമിയുടെ HyperOS-ലാണ് ഈ റെഡ്മി ബാൻഡ് 3 പ്രവർത്തിക്കുന്നത്.
ചൈനയിൽ റെഡ്മി ബാൻഡ് 3 യുടെ വില CNY 159 (ഏകദേശം 1,900 ഇന്ത്യൻ രൂപ) ആണ്. ഇത് ഷവോമി ചൈന ഇ-സ്റ്റോർ വഴി രാജ്യത്തുടനീളം വാങ്ങാൻ ലഭ്യമാണ്.
ബ്ലാക്ക്, ബീജ്, ഡാർക്ക് ഗ്രേ, ഗ്രീൻ, പിങ്ക്, യെല്ലോ എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് റെഡ്മി ബാൻഡ് 3 ചൈനീസ് വിപണിയിൽ എത്തിയിരിക്കുന്നത്.
172 x 320 പിക്സൽ റെസലൂഷനും 60Hz റീഫ്രഷ് റേറ്റുമുള്ള 1.47 ഇഞ്ച് വലിപ്പമുള്ള ദീർഘചതുരാകൃതിയിലുള്ള സ്‌ക്രീനാണ് റെഡ്മി ബാൻഡ് 3-യിലുള്ളത്. ബാൻഡിന് 9.99 മില്ലിമീറ്റർ കനവും 16.5 ഗ്രാം ഭാരവുമുണ്ട്. ഇതിനു വാട്ടർ റെസിസ്റ്റൻസിൻ്റെ കാര്യത്തിൽ 5 ATM റേറ്റിംഗാണുള്ളത്. അതിനർത്ഥം വെള്ളത്തിനടിയിലും പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ ഇതിനു കഴിയും എന്നാണ്. സ്‌ക്രീനിനു വേണ്ടി നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന നൂറിലധികം വാച്ച് ഫെയ്‌സ് ഡിസൈനുകൾ ഉണ്ട്.
ഈ സ്മാർട്ട് ബാൻഡിന് ആരോഗ്യസംബന്ധമായ നിരവധി സവിശേഷതകൾ ഉണ്ട്. ഇതിന് നിങ്ങളുടെ ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ്റെ അളവ്, നടക്കുന്ന സ്റ്റെപ്പുകളുടെ എണ്ണം എന്നിവ ട്രാക്ക് ചെയ്യാൻ കഴിയും. ഇത് സ്ലീപ്പ് പാറ്റേണുകൾ നിരീക്ഷിക്കുകയും ആർത്തവചക്രം കൃത്യമായി ട്രാക്ക് ചെയ്തു മനസിലാക്കുകയും ചെയ്യും. കൂടാതെ, വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾക്കായി 50 പ്രീസെറ്റ് സ്പോർട്സ് മോഡുകളും ഇതിൽ ലഭ്യമാണ്.
300mAh ബാറ്ററിയാണ് റെഡ്മി ബാൻഡ് 3-ക്ക് കരുത്ത് പകരുന്നത്. സാധാരണ ഉപയോഗം ആണെങ്കിൽ ബാറ്ററി 18 ദിവസം വരെ നീണ്ടുനിൽക്കുമെന്നും, അതേസമയം കനത്ത ഉപയോഗമാണെങ്കിൽ ഒമ്പത് ദിവസം വരെ ബാറ്ററി ഉണ്ടാകുമെന്നും കമ്പനി അവകാശപ്പെടുന്നു. ബാൻഡ് 0 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യുന്നതിന് രണ്ട് മണിക്കൂറിൽ താഴെ മാത്രമാണു സമയമെടുക്കുക. ഇതു മാഗ്നറ്റിക് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന ഉപകരണമാണ്. ബ്ലൂടൂത്ത് 5.3 വഴിയാണ് ഇത് ബന്ധിപ്പിക്കുന്നത്. വി ചാറ്റ്, അലിപേയ് എന്നിവയിലൂടെ ഓഫ്‌ലൈൻ പേയ്‌മെൻ്റുകളും സ്മാർട്ട് ബാൻഡ് അനുവദിക്കുന്നു.
പരസ്യം
പരസ്യം