Photo Credit: Reliance
പുതിയ ഇൻ്റർനാഷണൽ സബ്‌സ്‌ക്രൈബർ ഡയലിംഗ് (ISD) റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോ. റിലയൻസ് ജിയോ വെള്ളിയാഴ്ച പ്രഖ്യാപിച്ചതു പ്രകാരം 21 രാജ്യങ്ങൾക്കായാണ് പുതിയതായി അവതരിപ്പിച്ച പ്ലാനുകൾ ലഭ്യമാവുക. ജിയോയുടെ പുതിയ റീചാർജ് പായ്ക്കിലെ ഓരോ പ്ലാനും റീചാർജ് ചെയ്യുന്നതിന് അനുസരിച്ച് വ്യത്യസ്തമായ കോളിംഗ് ടൈം നമുക്കു ലഭിക്കും. ISD റീചാർജ് പ്ലാനുകൾ ആരംഭിക്കുന്നത് 39 രൂപ മുതലാണ്, 99 രൂപ വരെയുള്ള പ്ലാനുകൾ ജിയോ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിട്ടുണ്ട്. പ്രീപെയ്ഡ് ഉപഭോക്താക്കൾക്കും പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കും ഈ പ്ലാനുകൾ ഉപയോഗിക്കാൻ കഴിയും. ഈ പുതിയ റീചാർജ് പായ്ക്കുകൾക്ക് പുറമേ, നിരവധി പ്രധാനപ്പെട്ട അന്താരാഷ്ട്ര ലൊക്കേഷനുകൾക്കുള്ള പേ-ആസ്-യൂ-ഗോ പായ്ക്കുകളുടെ നിരക്കുകളും റിലയൻസ് ജിയോ കഴിഞ്ഞ ദിവസം അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പുതിയ നിരക്കുകളും മിനിറ്റ് പായ്ക്കുകളും ഇപ്പോൾ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമായി തുടങ്ങിയിരിക്കുന്നു.
കഴിഞ്ഞ ദിവസം പ്രസ് റിലീസിലൂടെയാണ് റിലയൻസ് ജിയോ അവരുടെ പുതിയ ISD മിനിറ്റ് പായ്ക്കുകൾ അവതരിപ്പിച്ചത്. ഈ മിനിറ്റ് പായ്ക്കുകൾ വഴി നിശ്ചിത ഇൻ്റർനാഷണൽ കോൾ മിനുട്ടുകൾ നിങ്ങൾക്കു ലഭിക്കും. അതിനു പുറമെ ഈ റീചാർജ് പ്ലാനുകൾ അധിക ഫീച്ചറുകളോ ആനുകൂല്യങ്ങളോ നൽകുന്നില്ല. ഇൻ്റർനാഷണൽ കോൾ മിനുറ്റിനു യാതൊരു പരിധിയില്ലാത്ത പേ-ആസ്-യൂ-ഗോ റീചാർജ് പ്ലാനുകളിൽ നിന്നും ഇത് വ്യത്യസ്തമാണ്. കുറച്ച് ഇൻ്റർനാഷണൽ കോളുകൾ മാത്രം വിളിക്കുകയും അവയ്ക്കായി കൂടുതൽ പണം ചെലവഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യാത്ത ആളുകൾക്ക് റിലയൻസ് ജിയോ പുതിയതായി അവതരിപ്പിച്ച മിനിറ്റ് പായ്ക്കുകൾ നല്ലൊരു ഓപ്ഷനാണ്. അതേസമയം വിദേശത്തേക്കു കൂടുതൽ കോളുകൾ ചെയ്യേണ്ടവരാണു നിങ്ങളെങ്കിൽ പേ-ആസ്-യൂ-ഗോ പ്ലാനുകളാണു കൂടുതൽ നല്ലത്.
റിലയൻസ് ജിയോ പുതിയ ഇൻ്റർനാഷണൽ മിനിറ്റ് പാക്കുകൾ അവതരിപ്പിച്ചത് 39 രൂപ മുതലാണ് ആരംഭിക്കുന്നത്. ഈ പായ്ക്കുകൾ നിർദ്ദിഷ്ട രാജ്യങ്ങളിലേക്ക് കോളുകൾ ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു, ഉപയോക്താക്കൾക്ക് അവരുടെ കോളിംഗ് ആവശ്യങ്ങൾ അടിസ്ഥാനമാക്കി റീചാർജ് ചെയ്യാം. 39 രൂപയുടെ റീചാർജ് ചെയ്താൽ യുഎസിലേക്കും കാനഡയിലേക്കും 30 മിനിറ്റ് കോളിംഗ് ടൈം ലഭിക്കും.
ബംഗ്ലാദേശിലേക്ക് കോളുകൾ വിളിക്കേണ്ടവർക്ക് 49 രൂപയുടെ പ്ലാനാണ്. ഇതിലൂടെ 20 മിനിറ്റ് കോൾ സമയമാണു ലഭിക്കുക. സിംഗപ്പൂർ, തായ്‌ലൻഡ്, ഹോങ്കോംഗ്, മലേഷ്യ എന്നിവിടങ്ങളിലേക്ക് വിളിക്കാൻ ആഗ്രഹിക്കുന്നവർക്കും 49 രൂപയുടെ പ്ലാനുണ്ട്. 15 മിനിറ്റ് കോൾ ടൈം ഇതു വാഗ്ദാനം ചെയ്യുന്നു. ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്കു വിളിക്കാനുള്ള റീചാർജ് പ്ലാൻ 69 രൂപയാണ്. ഇത് 15 മിനിറ്റ് സംസാര സമയം വാഗ്ദാനം ചെയ്യുന്നു.
യുകെ, ജർമ്മനി, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിലേക്ക് വിളിക്കേവർക്ക് 79 രൂപ റീചാർജ് പ്ലാൻ ലഭ്യമാണ്. ഈ പ്ലാൻ 10 മിനിറ്റ് ടോക്ക് ടൈം വാഗ്ദാനം ചെയ്യുന്നു. 89 രൂപക്ക് ചൈന, ജപ്പാൻ, ഭൂട്ടാൻ എന്നിവിടങ്ങളിലേക്കു വിളിക്കാനുള്ള പ്ലാനും ജിയോ നൽകുന്നു. 15 മിനുറ്റാണ് സംസാരസമയം ലഭിക്കുക. യുഎഇ, സൗദി അറേബ്യ, തുർക്കി, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് വിളിക്കാൻ 99 രൂപയുടെ റീചാർജ് പായ്ക്കാണ്. ഇത് 10 മിനിറ്റ് കോൾ സമയം വാഗ്ദാനം ചെയ്യുന്നു.
ഈ പ്ലാനുകൾ വഴി ഉപയോക്താക്കൾക്ക് അവർ വിളിക്കാൻ ആഗ്രഹിക്കുന്ന പ്രദേശത്തെ തിരഞ്ഞെടുത്ത് കുറഞ്ഞ തുകക്ക് റീചാർജ് ചെയ്യാം. എല്ലാ ജിയോ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് മൊബൈൽ ഉപയോക്താക്കൾക്കും ഈ പായ്ക്കുകൾ പ്രയോജനപ്പെടുത്താം. ഈ പ്ലാനുകൾ ഉപയോഗിച്ച് ഒരു ഉപയോക്താവിന് റീചാർജ് ചെയ്യുന്നതിനു യാതൊരു പരിധിയുമില്ല. ഓരോ പാക്കിനും 7 ദിവസത്തെ വാലിഡിറ്റിയുമുണ്ട്.
പരസ്യം
പരസ്യം