ബംഗളൂരുവിൽ ആപ്പിൾ ആദ്യ റീട്ടെയിൽ സ്റ്റോർ തുറക്കുന്നു
Photo Credit: Apple
ഹെബ്ബാൾ സ്റ്റോറിന്റെ ബാരിക്കേഡ് വ്യാഴാഴ്ച രാവിലെയാണ് വെളിപ്പെടുത്തിയതെന്ന് ആപ്പിൾ പറഞ്ഞു
ബെംഗളൂരുവിലെ തങ്ങളുടെ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ വ്യാഴാഴ്ച മുതൽ തുറന്നു പ്രവർത്തനം ആരംഭിക്കുമെന്ന് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ആപ്പിൾ പ്രഖ്യാപിച്ചു. ആപ്പിൾ ഹെബ്ബാൾ എന്നറിയപ്പെടുന്ന പുതിയ സ്റ്റോർ സെപ്റ്റംബർ 2 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്കാണ് തുറക്കുക. മുംബൈയിലും (ആപ്പിൾ ബികെസി), ഡൽഹിയിലും (ആപ്പിൾ സാകേത്) ഇതിനകം ആപ്പിൾ തങ്ങളുടെ സ്റ്റോറുകൾ തുറന്നിരുന്നു. അതിനു ശേഷം, ആപ്പിളിൻ്റെ ഇന്ത്യയിലെ മൂന്നാമത്തെ ഔദ്യോഗിക റീട്ടെയിൽ സ്റ്റോറാണിത്. പുതിയ സ്റ്റോറിൻ്റെ ഉദ്ഘാടനം കമ്പനിക്ക് വളരെ പ്രധാനപ്പെട്ട സമയത്താണെന്ന പ്രത്യേകത കൂടിയുണ്ട്. കാരണം സ്റ്റോർ തുറന്നതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം കമ്പനിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളുടെ നിരയായ ഐഫോൺ 17 സീരീസിന്റെ ലോഞ്ചിങ്ങ് നടക്കാൻ പോവുകയാണ്. ആധുനിക ഡിസൈൻ, കസ്റ്റമർ എക്സ്പീരിയൻസ്, "ജീനിയസ് ബാർ" വഴിയുള്ള ടെക്നിക്കൽ സപ്പോർട്ട് എന്നിവയ്ക്ക് പേരുകേട്ടതാണ് ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾ. പുതിയ ആപ്പിൾ ഹെബ്ബാൾ സ്റ്റോറിലൂടെ, ബെംഗളൂരുവിലെ ഉപഭോക്താക്കൾക്ക് നേരിട്ട് ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങാനും, അറ്റകുറ്റപ്പണികൾ തുടങ്ങിയവ സ്വീകരിക്കാനും കഴിയും.
ബെംഗളൂരുവിൽ പുതിയ സ്റ്റോർ തുറക്കുന്നതിലൂടെ ആപ്പിൾ ഇന്ത്യയിൽ തങ്ങളുടെ റീട്ടെയിൽ വിപുലീകരണം തുടരുകയാണ്. ഉൽപ്പന്നങ്ങൾ വാങ്ങാനും പിന്തുണക്കു വേണ്ടിയും മറ്റുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും ഉപഭോക്താക്കൾക്ക് ഈ ആപ്പിൾ സ്റ്റോർ സന്ദർശിക്കാൻ കഴിയും.
വരാനിരിക്കുന്ന ആപ്പിൾ ഹെബ്ബാൾ സ്റ്റോറിന്റെ ബാരിക്കേഡ് ഡിസൈൻ കഴിഞ്ഞ ദിവസം രാവിലെ ആപ്പിൾ ഔദ്യോഗികമായി വെളിപ്പെടുത്തി. ഇന്ത്യയുടെ ദേശീയ പക്ഷിയും അഭിമാനത്തിന്റെ പ്രതീകവുമായ മയിലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈനാണ് പുതിയ ആപ്പിൾ സ്റ്റോറിനു നൽകിയിരിക്കുന്നത്. ഇന്ത്യയിൽ തങ്ങളുടെ മൂന്നാമത്തെ ഒഫീഷ്യൽ സ്റ്റോറിന്റെ ഉദ്ഘാടനം ആഘോഷിക്കുന്നതിൻ്റെ കൂടി ഭാഗമായാണ് ഈ ഡിസൈനെന്ന് ആപ്പിൾ വിശദീകരിച്ചു.
ബെംഗളൂരുവിലെ ഫീനിക്സ് മാളിലാണ് പുതിയ ആപ്പിൾ ഹെബ്ബാൾ സ്റ്റോർ സ്ഥിതി ചെയ്യുന്നത്. ലോകമെമ്പാടുമുള്ള മറ്റ് ആപ്പിൾ സ്റ്റോറുകളെപ്പോലെ, സ്റ്റോർ സന്ദർശിക്കുന്ന ഉപഭോക്താക്കൾക്കു കൃത്യമായ പിന്തുണ നൽകുന്നതിനായി ആപ്പിൾ സ്പെഷ്യലിസ്റ്റുകൾ, ക്രിയേറ്റീവുകൾ, പ്രതിഭകൾ, ബിസിനസ്സ് വിദഗ്ധർ എന്നിവരുടെ ഒരു സംഘം ഇവിടെയുണ്ടാകും.
"ടുഡേ അറ്റ് ആപ്പിൾ" സെഷനുകളാണ് സ്റ്റോറിന്റെ ഒരു പ്രധാന ആകർഷണം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് സൗജന്യമായി വിദഗ്ധരുമായി സംവദിക്കാൻ അവസരം നൽകുന്ന സെഷനുകളാണിവ. ആപ്പിൾ ഡിവൈസുകളെ കുറിച്ച് കൂടുതലറിയാൻ ആളുകളെ സഹായിക്കുന്നതിനും ആർട്ട്, സ്റ്റോറിടെല്ലിങ്ങ്, പ്രൊഡക്റ്റിവിറ്റി, കോഡിംഗ് തുടങ്ങിയ വിഷയങ്ങൾ കൂടുതൽ മനസിലാക്കുന്നതിനും സെഷനുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ആപ്പിൾ ക്രിയേറ്റീവ്‌സാണ് അവരെ നയിക്കുന്നത്, ഉപഭോക്താക്കൾക്ക് ഇതിലൂടെ പ്രായോഗിക അനുഭവം നേടിയെടുക്കാൻ കഴിയും.
2023 ഏപ്രിലിൽ മുംബൈയിൽ ആപ്പിൾ ബികെസി എന്ന സ്റ്റോറിലൂടെയാണ് ആപ്പിൾ ഇന്ത്യയിൽ തങ്ങളുടെ റീട്ടെയിൽ സ്റ്റോറുകൾക്ക് ആരംഭം കുറിച്ചത്. തിരക്കേറിയ ബാന്ദ്ര കുർള കോംപ്ലക്‌സിനുള്ളിലെ (ബികെസി) ജിയോ വേൾഡ് ഡ്രൈവ് മാളിൽ ഈ സ്റ്റോർ സ്ഥിതി ചെയ്യുന്നു. രണ്ട് നിലകളിലായി വ്യാപിച്ചുകിടക്കുന്ന മുംബൈ സ്റ്റോർ അതിൻ്റെ പ്രത്യേകതയുള്ള ഡിസൈൻ കൊണ്ടു പേരുകേട്ടതാണ്. അതിൻ്റെ കൈകൊണ്ട് നിർമ്മിച്ച മനോഹരമായ വുഡൻ സീലിംഗ് സ്റ്റോറിൻ്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
അധികം വൈകാതെ തന്നെ, ആപ്പിൾ തങ്ങളുടെ രണ്ടാമത്തെ സ്റ്റോറായ ആപ്പിൾ സാകേത് ന്യൂഡൽഹിയിൽ തുറന്നു. തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ ഷോപ്പിംഗ് സ്‌പോട്ടുകളിലൊന്നായ സെലക്ട് സിറ്റിവാക്ക് മാളിനുള്ളിലാണ് ഈ സ്റ്റോർ. ആപ്പിളിന്റെ മോഡേൺ ഡിസൈനും മികച്ച അന്തരീക്ഷവുമുള്ള സാകേത് സ്റ്റോർ ഉപഭോക്താക്കൾക്ക് ബികെസി സ്റ്റോറിന്റെ അതേ അനുഭവം നൽകുന്നതാണ്.
ഈ രണ്ട് ഔദ്യോഗിക സ്റ്റോറുകൾ ഉപഭോക്താക്കൾക്ക് എല്ലാ ആപ്പിൾ ഉൽപന്നങ്ങളിലേക്കും ആക്സസ് നൽകും. വാങ്ങാൻ തീരുമാനിക്കുന്നതിന് മുമ്പ് സന്ദർശകർക്ക് ഐഫോണുകൾ, മാക്കുകൾ, ഐപാഡുകൾ, ആപ്പിൾ വാച്ച് മോഡലുകൾ, ആക്‌സസറികൾ എന്നിവ പോലുള്ള ഉപകരണങ്ങൾ പരിശോധിക്കാനും പരീക്ഷിക്കാനും ഇവിടെ അവസരം ലഭിക്കും.
വിവിധ ആപ്പിൾ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനു പുറമേ, ഈ സ്റ്റോറുകൾ ടെക്നിക്കൽ ഹെൽപ്പ്, റിപ്പയർ സർവീസുകൾ, ട്രേഡ്-ഇൻ ഓപ്ഷനുകൾ, സെറ്റപ്പ് സപ്പോർട്ട് എന്നിവയും നൽകുന്നു. ഈ സ്റ്റോറിലൂടെ ഉപഭോക്താക്കൾക്ക് ആപ്പിൾ ഉൽപ്പന്നങ്ങൾ അടുത്തറിയാനും പഴയ ഡിവൈസുകൾക്കു കുഴപ്പങ്ങൾ വരുമ്പോൾ സഹായം നേടാനും ഡാറ്റ കൈമാറാനും പഴയ ഫോൺ പുതിയതിലേക്ക് മാറ്റാനുമെല്ലാം ഒരിടത്തു കഴിയും.
പരസ്യം
പരസ്യം