ഹോണർ X7c 5G ഇന്ത്യൻ വിപണിയിൽ തിങ്കളാഴ്ച ലോഞ്ച് ചെയ്തു.
Photo Credit: Honor
ഹോണർ X7c 5Gയിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം സജ്ജീകരിച്ചിരിക്കുന്നു
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഹോണർ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ ഹോണർ X7c 5G ഓഗസ്റ്റ് 18 തിങ്കളാഴ്ച ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. രണ്ട് കളർ വേരിയൻ്റുകളിൽ ലഭ്യമാകുന്ന ഈ സ്മാർട്ട്ഫോൺ ഈ ആഴ്ച അവസാനത്തോടെ വാങ്ങാൻ ലഭ്യമായി തുടങ്ങും. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ആമസോൺ വഴി മാത്രമേ ഈ ഫോൺ വാങ്ങാൻ കഴിയൂവെന്നത് പ്രത്യേകം ശ്രദ്ധിക്കുക. ലോഞ്ചിന്റെ ഭാഗമായി, വിൽപ്പനയുടെ ആദ്യ രണ്ട് ദിവസങ്ങളിൽ പ്രത്യേക ഡിസ്കൗണ്ട് വിലയിലാണ് കമ്പനി ഹോണർ X7c 5G വാഗ്ദാനം ചെയ്യുന്നത്. ഈ സ്മാർട്ട്‌ഫോണിൽ 5,200mAh ബാറ്ററിയാണുള്ളത്, ഇത് 35W സൂപ്പർചാർജ് വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഗ്രാഫിക്സും ഗെയിമിംഗ് പെർഫോമൻസും കൈകാര്യം ചെയ്യുന്നതിനായി അഡ്രിനോ 613 ജിപിയുവുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 4 ജെൻ ചിപ്‌സെറ്റാണ് ഹോണർ X7c 5G ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശക്തമായ പെർഫോമൻസും മികച്ച ഫീച്ചറുകളുമുള്ള ഹോണർ X7c 5G ഉപയോക്താക്കൾക്ക് താങ്ങാനാവുന്ന വിലയ്ക്കുള്ള നല്ലൊരു ഓപ്ഷനായിരിക്കും എന്നാണു കരുതപ്പെടുന്നത്.
ഹോണർ X7c 5G ഫോണിൻ്റെ ഇന്ത്യയിലെ വില, ലഭ്യത തുടങ്ങിയ വിവരങ്ങൾ:
ഹോണർ X7c 5G ഫോണിൻ്റെ ഇന്ത്യയിലെ വില കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, 8GB റാമും 256GB സ്റ്റോറേജുമുള്ള ഇതിൻ്റെ സിംഗിൾ വേരിയന്റിന് 14,999 രൂപയെന്ന വിലയിൽ ലഭ്യമാകുമെന്നു പ്രതീക്ഷിക്കുന്നു. ഓഗസ്റ്റ് 20 മുതൽ ആരംഭിക്കുന്ന രണ്ട് ദിവസത്തെ ആമുഖ ഓഫറിന്റെ ഭാഗമാണ് ഈ പ്രത്യേക വില.
സ്മാർട്ട്‌ഫോൺ ആമസോൺ വഴി മാത്രമേ വാങ്ങാൻ കഴിയൂ. വാങ്ങുന്നവർക്ക് ആറ് മാസം വരെ നോ-കോസ്റ്റ് ഇഎംഐ വഴി പണമടയ്ക്കാനുള്ള ഓപ്ഷനും ലഭിക്കും. ഫോറസ്റ്റ് ഗ്രീൻ, മൂൺലൈറ്റ് വൈറ്റ് എന്നീ രണ്ട് നിറങ്ങളിലാണ് ഹോണർ X7c 5G ലഭ്യമാവുക. മികച്ച സ്റ്റോറേജും പെർഫോമൻസും വാഗ്ദാനം ചെയ്യുന്ന ബജറ്റ് ഫ്രണ്ട്ലി 5G ഫോൺ ഉപയോക്താക്കൾക്ക് നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഹോണർ X7c 5G ഫോണിൻ്റെ പ്രധാന സവിശേഷതകൾ:
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള MagicOS 8.0-ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം സ്മാർട്ട്‌ഫോണാണ് ഹോണർ X7c 5G. 6.8 ഇഞ്ച് TFT LCD ഡിസ്‌പ്ലേയാണ് ഇതിൽ വരുന്നത്, 2,412×1,080 പിക്‌സൽ റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, 850nits പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതു വാഗ്ദാനം ചെയ്യുന്നു. 4nm സാങ്കേതികവിദ്യയിൽ നിർമ്മിച്ച സ്‌നാപ്ഡ്രാഗൺ 4 Gen 2 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. ആപ്പുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവയ്‌ക്ക് കൂടുതൽ ഇടം ഉറപ്പു നൽകി 8GB റാമും 256GB ഇന്റേണൽ സ്റ്റോറേജും ഇതിലുണ്ട്. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഔട്ട്‌ഡോറിൽ ഓഡിയോ ഉച്ചത്തിലും വ്യക്തതയിലും കേൾക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന "300 പെർസെൻ്റ്" ഹൈ-വോളിയം മോഡും ഇതിൽ ഉൾപ്പെടുന്നു.
ഹോണർ X7c 5G-യിൽ ഡ്യുവൽ റിയർ ക്യാമറ സിസ്റ്റമാണു സജ്ജീകരിച്ചിരിക്കുന്നത്. 50 മെഗാപിക്സൽ f/1.8 പ്രധാന ക്യാമറയും 2 മെഗാപിക്സൽ f/2.4 ഡെപ്ത് സെൻസറും ഇതിൽ ഉൾപ്പെടുന്നു. സിംഗിൾ എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. പോർട്രെയിറ്റ്, നൈറ്റ്, അപ്പർച്ചർ, പിആർഒ, വാട്ടർമാർക്ക്, എച്ച്ഡിആർ തുടങ്ങിയ വ്യത്യസ്ത മോഡുകളെ റിയർ ക്യാമറ പിന്തുണയ്ക്കും. മുൻവശത്ത്, ഹോൾ-പഞ്ച് കട്ടൗട്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന 5 മെഗാപിക്സൽ f/2.2 സെൽഫി ക്യാമറയുമുണ്ടാകും.
പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഈ ഫോണിന് IP64 റേറ്റിംഗാണുള്ളത്. 35W വയർഡ് ഫാസ്റ്റ് ചാർജിംഗുള്ള വലിയ 5,200mAh ബാറ്ററി ഇതിൽ നൽകിയിരിക്കുന്നു. 24 മണിക്കൂർ വരെ ഓൺലൈൻ സ്ട്രീമിംഗ്, 18 മണിക്കൂർ ഷോർട്ട് വീഡിയോ പ്ലേബാക്ക്, 59 മണിക്കൂർ മ്യൂസിക്ക്, 46 മണിക്കൂർ കോളിംഗ് എന്നിവ നൽകാൻ ഈ ബാറ്ററിക്കു കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. വെറും 2 ശതമാനം ചാർജിൽ 75 മിനിറ്റ് വരെ വോയ്‌സ് കോളിംഗ് അനുവദിക്കുന്ന അൾട്രാ പവർ-സേവിംഗ് മോഡും ഇത് വാഗ്ദാനം ചെയ്യുന്നു. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, GPS, AGPS, GLONASS, BeiDou, ഗലീലിയോ എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളെ ഹോണർ X7c 5G പിന്തുണയ്ക്കുന്നു.
പരസ്യം
പരസ്യം