ഓപ്പോ F31 സീരീസ് ഫോണുകളുടെ വിവരങ്ങൾ ലീക്കായി പുറത്ത്.
Photo Credit: Oppo
80W ചാർജിംഗിനുള്ള പിന്തുണയുമായി Oppo F29 സീരീസിന്റെ പിൻഗാമികൾ എത്തുമെന്ന് സൂചന
നിലവിലുള്ള ഓപ്പോ F29 ലൈനപ്പിൻ്റെ പിൻഗാമികളായി വരാനിരിക്കുന്ന ഓപ്പോ F31 സീരീസ് ഫോണുകളുടെ ഡിസൈൻ ഓൺലൈനിലൂടെ ലീക്കായ ചിത്രങ്ങൾ വഴി പുറത്തു വന്നിട്ടുണ്ട്. ഈ പുതിയ F31 സീരീസിൽ മൂന്ന് മോഡലുകൾ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു - സാധാരണ ഓപ്പോ F31, ഓപ്പോ F31 പ്രോ, ഓപ്പോ F31 പ്രോ+ എന്നിവയാണ് ഈ ഫോണുകൾ. കഴിഞ്ഞ ദിവസം ഒരു ടിപ്‌സ്റ്റർ ഈ ഫോണുകളുടെ ചില പ്രധാന സവിശേഷതകളും വെളിപ്പെടുത്തിയിട്ടുണ്ട്. ഓപ്പോ F31, ഓപ്പോ F31 പ്രോ എന്നിവക്ക് മീഡിയടെക് ഡൈമെൻസിറ്റി പ്രോസസർ കരുത്തു നൽകാനാണു സാധ്യത. കൂടുതൽ നൂതനമായ ഓപ്പോ F31 പ്രോ+ മികച്ച പെർഫോമൻസിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റിലാകും പ്രവർത്തിക്കുക. ഈ സീരീസ് ഫോണുകളുടെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന് ബാറ്ററിയാണ്. മൂന്ന് മോഡലുകളും വലിയ 7,000mAh ബാറ്ററിയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ലീക്കായ വിവരങ്ങൾ ഫോൺ ഏതൊക്കെ നിറങ്ങളിൽ ലഭ്യമാകും എന്നതിനെക്കുറിച്ചുള്ള സൂചനകളും നൽകിയിട്ടുണ്ട്.
വരാനിരിക്കുന്ന ഓപ്പോ F31 സീരീസ് ഫോണുകളുടെ ഡിസൈൻ വ്യക്തമാക്കുന്ന ചിത്രങ്ങളും പ്രധാന വിശദാംശങ്ങളും X-ലെ പോസ്റ്റിലൂടെ (മുമ്പ് ട്വിറ്റർ) ടിപ്‌സ്റ്ററായ അഭിഷേക് യാദവ് (@yabhishekhd) ആണ് പുറത്തു വിട്ടത്. ലീക്കായ റെൻഡറുകൾ ഈ സീരീസ് ഫോണുകളുടെ വ്യത്യസ്ത മോഡലുകളെ വ്യത്യസ്ത കളർ ഓപ്ഷനുകളിലും വ്യത്യസ്ത ക്യാമറ ഡിസൈനുകളിലും കാണിക്കുന്നു. ഓപ്പോ F31 പ്രോ+ വൈറ്റ്, പിങ്ക്, ബ്ലൂ നിറങ്ങളിലാണു കാണിക്കുന്നത്. മറ്റ് മോഡലുകളെ അപേക്ഷിച്ച് ഇതിനു വൃത്താകൃതിയിലുള്ള പിൻ ക്യാമറ മൊഡ്യൂളാണുള്ളത്. ഇതു ഫോണിനു കൂടുതൽ സവിശേഷമായ രൂപം നൽകുന്നു.
ഓപ്പോ F31 പ്രോ ഗോൾഡ്, ബ്ലാക്ക് നിറങ്ങളിൽ കാണപ്പെടുന്നു. ഈ മോഡലിന് കർവ്ഡ് എഡ്ജുകളുള്ള ചതുരാകൃതിയിലുള്ള റിയർ ക്യാമറ ഐലൻഡ് ഉണ്ട്. സ്റ്റാൻഡേർഡ് ഓപ്പോ F31 റെഡ്, പർപ്പിൾ, ബ്ലൂ നിറങ്ങളിൽ കാണിച്ചിരിക്കുന്നു. ഇതിന് ചതുരാകൃതിയിലുള്ള ക്യാമറ ഐലൻഡും ഉണ്ട്. ഈ ഫോണിൻ്റെ ക്യാമറ സെൻസറുകൾ LED ഫ്ലാഷിന് അടുത്തായി ലംബമായാണ് സ്ഥാപിച്ചിരിക്കുന്നത്. ടിപ്‌സ്റ്റർ പറയുന്നതനുസരിച്ച്, ഓപ്പോ F31, ഓപ്പോ F31 പ്രോ, ഓപ്പോ F31 പ്രോ+ എന്നീ മൂന്ന് മോഡലുകളും 7,000mAh ബാറ്ററിയുമായി എത്തും.
ഈ മൂന്നു ഫോണുകളിൽ, ഓപ്പോ F31 പ്രോ+ ഏറ്റവും ശക്തമായതായിരിക്കും എന്നു പ്രതീക്ഷിക്കുന്നു. ഫ്ലാറ്റ് ഡിസ്‌പ്ലേ ആയിരിക്കുമെന്നു പ്രതീക്ഷിക്കുന്ന ഈ ഫോണിന് സ്‌നാപ്ഡ്രാഗൺ 7 Gen 3 പ്രോസസർ ആയിരിക്കും കരുത്തു നൽകുക. ഈ മോഡൽ 12GB RAM + 256GB സ്റ്റോറേജ് ഓപ്ഷനിൽ ലഭ്യമാകുമെന്നും ലീക്കുകൾ സൂചിപ്പിക്കുന്നു.
ലീക്കായി പുറത്തു വന്ന വിവരങ്ങൾ പ്രകാരം, ഓപ്പോ F31 പ്രോ മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോസസർ ഉപയോഗിക്കും, അതേസമയം സാധാരണ ഓപ്പോ F31 മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറിലാണു പ്രവർത്തിക്കുക. രണ്ട് ഫോണുകളും 80W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്ന് പറയപ്പെടുന്നു. അതുകൊണ്ടു തന്നെ സാധാരണ സ്മാർട്ട്‌ഫോണുകളേക്കാൾ വളരെ വേഗത്തിൽ ചാർജ് ചെയ്യാൻ ഇവയ്ക്ക് കഴിയും.
സെപ്റ്റംബർ 12-നും സെപ്റ്റംബർ 14-നും ഇടയിൽ ഓപ്പോ F31 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കുമെന്ന് നേരത്തെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. പഴയ ഓപ്പോ F29 സീരീസുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ഫോണുകൾ ഹാർഡ്‌വെയറിൽ ചില അപ്ഗ്രേഡുകൾ ചെയ്തു വരുമെന്ന് പ്രതീക്ഷിക്കുന്നു.
റഫറൻസിനായി, ഓപ്പോ F29, ഓപ്പോ F29 പ്രോ എന്നിവ 2025 മാർച്ചിൽ ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ ഫോണുകളിൽ 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയും 50 മെഗാപിക്സൽ റിയർ ക്യാമറയും ഉണ്ട്. സ്റ്റാൻഡേർഡ് ഓപ്പോ F29-ന് സ്നാപ്ഡ്രാഗൺ 6 Gen 1 ചിപ്പാണ് കരുത്തു നൽകുന്നത്, അതേസമയം പ്രോ പതിപ്പ് മീഡിയടെക് ഡൈമെൻസിറ്റി 7300 എനർജി പ്രോസസർ ഉപയോഗിക്കുന്നു.
F31 ലൈനപ്പിലൂടെ, ഉപയോക്താക്കൾക്ക് മികച്ച പ്രകടനവും വേഗതയേറിയ ചാർജിംഗും F29 മോഡലുകളെ അപേക്ഷിച്ച് അപ്‌ഗ്രേഡ് ചെയ്ത കൂടുതൽ സവിശേഷതകളും നൽകാനാണ് ഓപ്പോ ലക്ഷ്യമിടുന്നത്.
പരസ്യം
പരസ്യം