ഗൂഗിൾ പിക്സൽ 10, പിക്സൽ 10 പ്രോ, പിക്സൽ 10 പ്രോ XL എന്നിവ ഇന്ത്യൻ വിപണിയിലെത്തി
Photo Credit: Google
ഗൂഗിൾ പിക്സൽ 10 സീരീസ് ഇന്ത്യയിൽ ഫ്ലിപ്കാർട്ട് വഴി ലഭ്യമാകും
ഗൂഗിൾ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ സീരീസ് ബുധനാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. പിക്‌സൽ 10, പിക്സൽ 10 പ്രോ, പിക്സൽ 10 പ്രോ XL, മടക്കാവുന്ന ഫോണായ പിക്‌സൽ 10 പ്രോ ഫോൾഡ് എന്നിവയാണ് ഈ സീരീസിൽ ഉൾപ്പെടുന്ന ഹാൻഡ്സെറ്റുകൾ. ഗൂഗിളിന്റെ പുതിയ ടെൻസർ G5 പ്രോസസറിൽ പ്രവർത്തിക്കുന്ന നാല് ഫോണുകളും വ്യക്തിഗത ഡാറ്റയ്ക്കു മികച്ച സംരക്ഷണം നൽകുന്ന ടൈറ്റൻ M2 സുരക്ഷാ ചിപ്പുമായി വരുന്നു. എല്ലാ ഫോണുകളും Qi2 വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നവയാണ്. കൂടാതെ ബിൽറ്റ്-ഇൻ മാഗ്നറ്റുകളും ഇതിലുണ്ട്. പിക്‌സൽ 10 പ്രോയിലും പിക്‌സൽ 10 പ്രോ XL-ലും 50 മെഗാപിക്‌സൽ മെയിൻ റിയർ ക്യാമറയും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 42 മെഗാപിക്‌സൽ മുൻ ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. പിക്‌സൽ 10, പിക്സൽ 10 പ്രോ മോഡലുകളിൽ 5x ഒപ്റ്റിക്കൽ സൂമുള്ള ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്നുണ്ട്. ഇതിനുപുറമെ, അവർ ഗൂഗിളിന്റെ നൂതന ഡിജിറ്റൽ സൂം ഫീച്ചറുകളെയും പിന്തുണയ്ക്കുന്നു.
256 ജിബി സ്റ്റോറേജുള്ള സ്റ്റാൻഡേർഡ് ഗൂഗിൾ പിക്സൽ 10-ൻ്റെ സിംഗിൾ വേരിയന്റിന് 79,999 രൂപയാണ് വില. ഇൻഡിഗോ, ഫ്രോസ്റ്റ്, ലെമൺഗ്രാസ്, ഒബ്സിഡിയൻ എന്നീ നിറങ്ങളിൽ ഉപഭോക്താക്കൾക്ക് ഈ മോഡൽ വാങ്ങാം.
പിക്സൽ 10 പ്രോ, പിക്സൽ 10 പ്രോ XL എന്നിവയ്ക്ക് യഥാക്രമം 1,09,999 രൂപയും 1,24,999 രൂപയുമാണ് വില. ഇവ രണ്ടും 256 ജിബി സ്റ്റോറേജ് ഓപ്ഷനുള്ളവയാണ്. ഈ രണ്ട് പ്രീമിയം മോഡലുകളും ജേഡ്, മൂൺസ്റ്റോൺ, ഒബ്സിഡിയൻ എന്നീ നിറങ്ങളിൽ ലഭ്യമാണ്. അതേസമയം, പിക്സൽ 10 പ്രോ പോർസലൈൻ എന്ന കളർ ഓപ്ഷനിലും ലഭ്യമാണ്.
ഗൂഗിൾ പിക്സൽ 10 സീരീസിലെ എല്ലാ സ്മാർട്ട്‌ഫോണുകളും ഫ്ലിപ്പ്കാർട്ടിലൂടെ മാത്രമാണ് ഇന്ത്യയിൽ ലഭ്യമാവുക.
1,080×2,424 പിക്സൽ റെസല്യൂഷനുള്ള 6.3 ഇഞ്ച് OLED സൂപ്പർ ആക്റ്റുവ ഡിസ്പ്ലേയാണ് ഗൂഗിൾ പിക്സൽ 10-ൽ വരുന്നത്. 120Hz റിഫ്രഷ് റേറ്റ് 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതു വാഗ്ദാനം ചെയ്യുന്നു. മുന്നിലും പിന്നിലും ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പരിരക്ഷണവുമുണ്ട്.
ടൈറ്റൻ M2 സെക്യൂരിറ്റി ചിപ്പുള്ള ഗൂഗിളിന്റെ 3nm ടെൻസർ G5 ചിപ്പിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 12GB റാമും 256GB സ്റ്റോറേജും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് 16 ഔട്ട് ഓഫ് ദി ബോക്സുമായി വരുന്ന ഇതിന് ഏഴ് വർഷത്തെ അപ്‌ഡേറ്റുകൾ ലഭിക്കും.
പിൻവശത്ത്, പിക്സൽ 10-ന് 48MP പ്രധാന സെൻസർ, 5x സൂമുള്ള 10.8MP ടെലിഫോട്ടോ ലെൻസ്, 13MP അൾട്രാ-വൈഡ് ക്യാമറ എന്നിങ്ങനെ മൂന്ന് ക്യാമറകളുണ്ട്. സെൽഫികൾക്കും കോളുകൾക്കുമായി മുൻവശത്ത് 10.5MP ക്യാമറയും നൽകിയിരിക്കുന്നു. ക്യാമറ കോച്ച് പോലുള്ള AI സവിശേഷതകളും ഇതിലുണ്ട്.
30W ഫാസ്റ്റ് ചാർജിംഗും 15W Qi2 വയർലെസ് ചാർജിംഗും ഉള്ള 4,970mAh ബാറ്ററിയാണ് ഈ ഉപകരണത്തിന് കരുത്ത് പകരുന്നത്. വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP68 റേറ്റിങ്ങുള്ള ഈ ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.
പിക്സൽ 10 പ്രോയ്ക്ക് 1,280×2,856 റെസല്യൂഷനുള്ള 6.3 ഇഞ്ച് ഡിസ്പ്ലേയുണ്ട്, അതേസമയം പിക്സൽ 10 പ്രോ എക്സ്എല്ലിന് 1,344×2,992 റെസല്യൂഷനുള്ള വലിയ 6.8 ഇഞ്ച് പാനലാണുള്ളത്. രണ്ട് മോഡലുകൾക്കും ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പരിരക്ഷണമുണ്ട്. ഇവയും ടെൻസർ G5 ചിപ്പിലാണ് പ്രവർത്തിക്കുന്നതെങ്കിലും 16GB റാമിലാണ് വരുന്നത്. പിക്സൽ 10-ലുള്ള മിക്ക ഡിസൈൻ, ചാർജിംഗ്, സുരക്ഷാ സവിശേഷതകളാണ് പ്രോ മോഡലുകളിലുമുള്ളത്.
ക്യാമറകളെ സംബന്ധിച്ചിടത്തോളം, രണ്ട് പ്രോ ഫോണുകളിലും 50MP പ്രധാന സെൻസർ, 48MP ടെലിഫോട്ടോ ലെൻസ്, 48MP അൾട്രാ-വൈഡ് ക്യാമറ, 42MP ഫ്രണ്ട് ക്യാമറ എന്നിവയുണ്ട്. പിക്സൽ 10 പ്രോയ്ക്ക് 4,870mAh ബാറ്ററിയും പ്രോ XL-ൽ 5,200mAh ബാറ്ററിയുമാണുള്ളത്. ഇവ 45W വയർഡ് ഫാസ്റ്റ് ചാർജിങ്ങ്, 25W വയർലെസ് ചാർജിംഗ് എന്നിവയെ പിന്തുണയ്ക്കുന്നു.
പരസ്യം
പരസ്യം