Photo Credit: Paytm
പേടിഎം സോളാർ സൗണ്ട്ബോക്സ് 4ജി കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നു
പേടിഎം ബ്രാൻഡിന് പിന്നിലെ കമ്പനിയായ One97 കമ്മ്യൂണിക്കേഷൻസ് പേടിഎം സോളാർ സൗണ്ട്ബോക്സ് എന്ന പുതിയ ഉൽപ്പന്നം പുറത്തിറക്കി. വ്യാഴാഴ്ച ലോഞ്ച് ചെയ്ത പുതിയ ഉപകരണം ചെറുകിട കട ഉടമകൾക്കും വ്യാപാരികൾക്കും വേണ്ടി രൂപകൽപ്പന ചെയ്തതാണ്. പേടിഎം സോളാർ സൗണ്ട് ബോക്‌സിൻ്റെ പ്രധാന ഹൈലൈറ്റ് സൗരോർജ്ജത്തിൽ പ്രവർത്തിക്കാനുള്ള കഴിവാണ്. സാധാരണ ഉപകരണങ്ങൾ വൈദ്യുതിയെ പൂർണമായും ആശ്രയിക്കുമ്പോൾ ഇത് പരിസ്ഥിതി സൗഹൃദ ബദൽ വാഗ്ദാനം ചെയ്യുന്നു. ഉപകരണത്തിന് മുകളിൽ ഒരു ബിൽറ്റ്-ഇൻ സോളാർ പാനൽ ഉണ്ട്, ഇതു വഴിയാണ് ചാർജ് ചെയ്യുക. സൂര്യപ്രകാശം ഇല്ലെങ്കിൽ പോലും പ്രവർത്തനം നടക്കുമെന്ന് ഉറപ്പാക്കാൻ, സോളാർ സൗണ്ട്ബോക്‌സ് ഡ്യുവൽ ബാറ്ററി സംവിധാനത്തോടെയാണ് വരുന്നത്. പ്രാഥമിക ബാറ്ററി സോളാർ എനർജി ഉപയോഗിക്കുമ്പോൾ രണ്ടാമത്തെ ബാറ്ററി വൈദ്യുതി ഉപയോഗിച്ച് ചാർജ് ചെയ്യാം. സോളാർ ചാർജ് തീർന്നാലും ഉപകരണം സുഗമമായി പ്രവർത്തിക്കുന്നത് ഇതിലൂടെ ഉറപ്പാക്കപ്പെടുന്നു.
പേടിഎം സോളാർ സൗണ്ട്ബോക്സ് എന്ന പേരിൽ ഒരു പുതിയ ഉപകരണം ലോഞ്ച് ചെയ്യുന്നതായി പേടിഎം പ്രഖ്യാപിച്ചു. ഇത് ചെലവ് കുറഞ്ഞ ബദൽ ഊർജ്ജ സ്രോതസ്സ് ഉപയോഗിക്കുന്ന ഒരു പരിസ്ഥിതി സൗഹൃദ ഉപകരണം ആയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഈ ഉപകരണം പ്രധാനമായും ചെറുകിട കടയുടമകൾ, തെരുവ് കച്ചവടക്കാർ, വണ്ടിയിൽ വിൽപ്പന നടത്തുന്നവർ, വൈദ്യുതി എപ്പോഴും ലഭ്യമല്ലാത്ത ഗ്രാമങ്ങളിലോ വിദൂര പ്രദേശങ്ങളിലോ ഉള്ള ആളുകൾ എന്നിവർക്കു വേണ്ടിയുള്ളതാണ്.
പേടിഎം സോളാർ സൗണ്ട്‌ബോക്‌സിന് മുകളിൽ ഒരു സോളാർ പാനൽ ഉണ്ട്, അതിലൂടെ ഉപകരണം സൂര്യപ്രകാശത്തിൽ യാന്ത്രികമായി ചാർജ് ചെയ്യപ്പെടുന്നു. ഇത് പ്രധാനമായും സൗരോർജ്ജം ഉപയോഗിക്കുമ്പോൾ, വൈദ്യുതി ഉപയോഗിച്ച് ചാർജ് ചെയ്യാൻ കഴിയുന്ന മറ്റൊരു ബാറ്ററിയും ഇതിലുണ്ട്. കമ്പനി പറയുന്നതനുസരിച്ച്, സോളാർ ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ 2-3 മണിക്കൂർ സൂര്യപ്രകാശം ഏൽക്കണം, ഇത് ഒരു ദിവസം മുഴുവൻ നിലനിൽക്കുകയും ചെയ്യും.
ഒറ്റ ചാർജിൽ 10 ദിവസം വരെ നിൽക്കാൻ കഴിയുന്ന രണ്ടാമത്തെ ബാറ്ററിയാണ് പേടിഎം സോളാർ സൗണ്ട് ബോക്‌സിനുള്ളത്. യുപിഐ (യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ്), റുപേ ക്രെഡിറ്റ് കാർഡ് പേയ്‌മെൻ്റുകൾ എന്നിവ നടത്താൻ സ്‌കാൻ ചെയ്യാവുന്ന പേടിഎം QR കോഡും ഇതിലുണ്ട്.
ഈ ഉപകരണം 4G കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നു, ഇതിലൂടെ വ്യാപാരികൾക്ക് പേയ്‌മെൻ്റ് അറിയിപ്പുകൾ തൽക്ഷണം ലഭിക്കും. പേയ്‌മെൻ്റ് സ്ഥിരീകരണങ്ങൾ പ്രഖ്യാപിക്കാൻ 3W സ്പീക്കർ ഇതിനുണ്ട്. ലഭ്യമായ 11 ഭാഷകളിൽ ഏതിലും ഈ അലേർട്ടുകൾ കടയുടമകൾക്ക് സജ്ജീകരിക്കാനാകും.
പുതിയ പേടിഎം സോളാർ സൗണ്ട്‌ബോക്‌സിനെ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പ്രശംസിച്ചു. ചെറുകിട ബിസിനസ്സുകളെ, പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിലുള്ളവയെ പിന്തുണയ്ക്കുന്നതിനു സഹായിക്കുന്ന മികച്ച നീക്കമാണിതെന്നും സ്വാശ്രയത്വവും പരിസ്ഥിതി സൗഹൃദവും എന്ന ഇന്ത്യയുടെ കാഴ്ചപ്പാടുമായി ഇത് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം, പേടിഎം തങ്ങളുടെ ആപ്പിൽ "UPI സ്റ്റേറ്റ്മെൻ്റ് ഡൗൺലോഡ്" എന്ന പേരിൽ ഒരു പുതിയ ഫീച്ചർ ചേർത്തിരുന്നു. ഈ ഫീച്ചർ ഉപയോക്താക്കളെ അവരുടെ ട്രാൻസാക്ഷൻ ഹിസ്റ്ററിയുടെ വിശദമായ ഡോക്യുമെൻ്റ് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുന്നു. അവർക്ക് ഏത് തീയ്യതിയും ഇതിനായി തിരഞ്ഞെടുക്കാം അല്ലെങ്കിൽ ഏതാനും ഘട്ടങ്ങളിലൂടെ മുഴുവൻ സാമ്പത്തിക വർഷത്തെ ഇടപാടുകളും ഡൗൺലോഡ് ചെയ്യാൻ കഴിയും.
പരസ്യം
പരസ്യം