സ്റ്റോറേജ് കൈകാര്യം ചെയ്യാൻ വാട് ആപ്പിൻ്റെ പുതിയ ഫീച്ചർ വരുന്നു; ബീറ്റ ടെസ്റ്റിങ്ങ് ആരംഭിച്ചു
പരീക്ഷണ ആവശ്യങ്ങൾക്കായി വരും ആഴ്ചകളിൽ കൂടുതൽ പേർക്ക് ഈ സവിശേഷത ലഭ്യമാക്കിയേക്കാം
അപ്ഡേറ്റുകളിലൂടെ വാട്സ്ആപ്പ് അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകളുടെ കൂട്ടത്തിലേക്കു മറ്റൊന്നു കൂടിയെത്തുന്നു. സ്റ്റോറേജ് കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്ന ഒരു ഫീച്ചർ വാട്ട്‌സ്ആപ്പ് ആൻഡ്രോയിഡ് ആപ്പിൽ പരീക്ഷിക്കുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഫീച്ചർ ട്രാക്കർ പറയുന്നതനുസരിച്ച്, മെറ്റാ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്പായ വാട്സ്ആപ്പ് , ഉപയോക്താക്കൾക്ക് ചാറ്റ് സ്‌ക്രീനിൽ നിന്ന് നേരിട്ട് സ്റ്റോറേജ് പരിശോധിക്കാനും ആവശ്യമെങ്കിൽ സ്പേസ് ക്ലിയർ ചെയ്യാനും അനുവദിക്കുന്ന ഒരു ഫീച്ചർ കൊണ്ടുവരുന്നതിനായി പ്രവർത്തിക്കുന്നുണ്ട്. അതായത്, സ്റ്റോറേജ് കൈകാര്യം ചെയ്യാൻ ഉപയോക്താക്കൾക്ക് ഇനി ആപ്പ് സെറ്റിങ്ങ്സിലേക്കു പോകേണ്ടതില്ല എന്നാണ് ഇതിനർത്ഥം. ഈ ഫീച്ചറിലൂടെ, തങ്ങളുടെ ഫോണിൽ ഏറ്റവും കൂടുതൽ സ്ഥലം എടുക്കുന്ന വാട്സ്ആപ്പ് ഫയലുകൾ ഏതൊക്കെയാണെന്ന് എളുപ്പത്തിൽ കാണാൻ കഴിയും. സ്റ്റോറേജ് ക്ലിയർ ചെയ്യാൻ അവർക്ക് വലിയ ഫയലുകൾ വേഗത്തിൽ ഡിലീറ്റ് ചെയ്യാനും ഇതു സഹായിക്കുന്നു. സ്റ്റോറേജ് മാനേജ്മെന്റ് ലളിതമാക്കുക എന്നതാണ് ഈ ഫീച്ചറിന്റെ ലക്ഷ്യം. ആവശ്യമില്ലാത്ത ഫയലുകൾ എളുപ്പത്തിൽ കണ്ടെത്തി നീക്കം ചെയ്യാൻ പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും.
ഫീച്ചർ ട്രാക്കറായ WABetaInfo പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം, വാട്ട്‌സ്ആപ്പിലെ ഡിവൈസ് സ്റ്റോറേജ് കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ഫീച്ചർ ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ അപ്‌ഡേറ്റിൽ കണ്ടെത്തിയതായി ചില ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കമ്പനി അടുത്തിടെ പുറത്തിറക്കിയ ആൻഡ്രോയിഡിനുള്ള വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.25.31.13-ലാണ് ഈ ഫീച്ചർ കണ്ടെത്തിയത്. നിലവിൽ, ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമല്ല, കാരണം വാട്സ്ആപ്പ് ഇതിപ്പോഴും വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ ആപ്പിന്റെ ഭാവി അപ്ഡേറ്റിൽ ഈ ഫീച്ചറും ഉൾപ്പെടുത്താം.
WABetaInfo പങ്കിട്ട ഒരു സ്‌ക്രീൻഷോട്ട് പ്രകാരം, ചാറ്റ് വിൻഡോയിൽ നിന്ന് നേരിട്ട് ഡിവൈസ് സ്റ്റോറേജ് നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ഒരു ക്വിക്ക് ഷോർട്ട്കട്ട് ഉണ്ടാക്കാൻ വാട്സ്ആപ്പ് പദ്ധതിയിടുന്നു. വാട്ട്‌സ്ആപ്പ് സെറ്റിങ്ങ്സിലെ സ്റ്റോറേജ് ടാബിന് കീഴിൽ ഇതിനകം ലഭ്യമായ അതേ ഓപ്ഷൻ തന്നെയായിരിക്കും ഈ ഷോർട്ട്കട്ട്. ഈ ഷോർട്ട്കട്ട് ഓപ്ഷനിലേക്ക് വേഗത്തിലുള്ള ആക്‌സസ് അനുവദിക്കും.
ഈ ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവരുടെ ചാറ്റുകളിൽ പങ്കിട്ട എല്ലാ ഫയലുകളുടെയും ഒരു പൊതുവായ അവലോകനം കാണാൻ കഴിയും. ഫയലുകൾ വലുപ്പത്തിന്റെ അടിസ്ഥാനത്തിലാണു ക്രമീകരിക്കുക എന്നതിനാൽ വലിയ ഫയലുകൾ കണ്ടെത്താനും ഇല്ലാതാക്കാനും എളുപ്പമാണ്. ഉപയോക്താക്കൾക്ക് ആവശ്യമില്ലാത്ത ഫയലുകൾ പരിശോധിച്ച് അവ നീക്കം ചെയ്ത് സ്റ്റോറേജ് സ്പേസ് വലുതാക്കാം. ഒന്നിലധികം ഫയലുകൾ ഒരേസമയം തിരഞ്ഞെടുക്കാനും ഇല്ലാതാക്കാനും കഴിയുന്ന ബൾക്ക് ഡിലീറ്റേഷനെ പുതിയ ഫീച്ചർ പിന്തുണയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഡിലീറ്റ് ചെയ്യുമ്പോൾ ആവശ്യമുള്ള ചില മീഡിയ ഫയലുകൾ അബദ്ധത്തിൽ അതിനൊപ്പം ഉൾപ്പെടാതിരിക്കാൻ സ്റ്റാർ അടയാളപ്പെടുത്താനുള്ള ഓപ്ഷനും ഉപയോക്താക്കൾക്ക് ഉടൻ ലഭിച്ചേക്കാം. ഡിവൈസ് സ്റ്റോറേജ് മാനേജ്‌മെന്റ് സ്‌ക്രീനിനു മുകളിൽ ഫയലുകളും കണ്ടൻ്റുകളും പിൻ ചെയ്യാനും കഴിഞ്ഞേക്കും. ആവശ്യമുള്ളപ്പോൾ ഇവ എളുപ്പത്തിൽ കണ്ടെത്താനും ആക്‌സസ് ചെയ്യാനും ഇത് സഹായിക്കും.
WABetaInfo പ്രകാരം, വാട്ട്‌സ്ആപ്പിലെ ഡിവൈസ് സ്റ്റോറേജ് മാനേജ്‌മെന്റിനായുള്ള പുതിയ ഷോർട്ട്‌കട്ട് ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാമിൽ ചേർന്ന ബീറ്റാ ടെസ്റ്റർമാർക്ക് മാത്രമേ ഇത് നിലവിൽ ലഭ്യമാകൂ. വാട്ട്‌സ്ആപ്പ് സാധാരണയായി ബീറ്റ അപ്‌ഡേറ്റുകൾ ഘട്ടം ഘട്ടമായി പുറത്തിറക്കാറുള്ളത്. അതിനാൽ ഈ ഫീച്ചർ പുറത്തു വന്നാലും എല്ലാ ഉപയോക്താക്കൾക്കും ഒരേ സമയം ലഭ്യമാകില്ലെന്നും ഫീച്ചർ ട്രാക്കറിൽ പരാമർശിച്ചിട്ടുണ്ട്.
പരസ്യം
പരസ്യം
Mecturing Mop X2 With 15,000Pa Suction Power Launched in India