Photo Credit: JFSL
സാമ്പത്തിക സംബന്ധമായ ജോലികൾ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നതിന് രൂപകൽപ്പന ചെയ്ത ഒരു പുതിയ പ്ലാറ്റ്‌ഫോമായ ജിയോഫിനാൻസ് ആപ്പ് വെള്ളിയാഴ്ച ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ഭാഗമായിരുന്ന ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (JSFL) ആണ് ജിയോഫിനാൻസ് ആപ്പ് നിർമിച്ചത്. ഇപ്പോൾ രാജ്യത്തുടനീളമുള്ള ഉപയോക്താക്കൾക്ക് ആപ്പ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ആപ്പിലൂടെ നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ജിയോഫിനാൻസ് ആപ്പ് ഉപയോഗിച്ച്, നിങ്ങൾക്ക് യുപിഐ ഇടപാടുകൾ നടത്താനും ബില്ലുകൾ അടയ്ക്കാനും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാനും അതിനെ ട്രാക്ക് ചെയ്യാനുമെല്ലാം കഴിയും. ജിയോഫിനാൻസ് ആപ്പിൻ്റെ ഒരു ട്രയൽ പതിപ്പ് (ബീറ്റ) ഇക്കഴിഞ്ഞ മെയ് മാസത്തിൽ അവതരിപ്പിച്ചിരുന്നു. അതിനുശേഷം, ആറ് ദശലക്ഷത്തിലധികം ആളുകൾ ഇതിനകം തന്നെ ആപ്പിൻ്റെ സേവനങ്ങൾ ഉപയോഗിച്ചതായി JFSL റിപ്പോർട്ട് ചെയ്യുന്നു, ഇത് ആപ്പിൽ ജനങ്ങൾക്കുള്ള വർദ്ധിച്ചു വരുന്ന താൽപ്പര്യം എടുത്തുകാണിക്കുന്നു. ഔദ്യോഗികമായ ലോഞ്ചിംഗ് പൂർത്തിയായതോടെ കൂടുതൽ ഉപയോക്താക്കൾക്ക് ആപ്പ് നൽകുന്ന സാമ്പത്തിക സംബന്ധമായ സേവനങ്ങളിൽ നിന്ന് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
JFSL വെളിപ്പെടുത്തന്നതു പ്രകാരം, ആൻഡ്രോയ്ഡ് ഡിവൈസുകൾക്കുള്ള ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ iOS ഡിവൈസുകൾക്കുള്ള ആപ്പ് സ്റ്റോറിൽ നിന്നോ ജിയോഫിനാൻസ് ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. മൈജിയോ പ്ലാറ്റ്‌ഫോമിലൂടെയും നിങ്ങൾക്ക് ഈ ആപ്പ് ആക്‌സസ് ചെയ്യാനാകും.
ജിയോഫിനാൻസ് ആപ്പ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്ത് സ്റ്റോറുകളിലെ ക്യുആർ കോഡുകൾ സ്കാൻ ചെയ്ത് UPI പേയ്‌മെൻ്റുകൾ നടത്താം. ഓൺലൈൻ പേയ്‌മെൻ്റുകൾ നടത്താനും മറ്റുള്ളവർക്ക് പണം അയയ്ക്കാനും ഇതിലൂടെ നിങ്ങൾക്കു കഴിയും. ക്രോസ്-ബോർഡർ പേയ്‌മെൻ്റുകൾ അനുവദിക്കുന്ന യുപിഐ ഇൻ്റർനാഷണൽ ഫീച്ചറും ജിയോഫിനാൻസ് ആപ്പിൽ ഉൾപ്പെടുന്നു. ഉപയോക്താക്കൾക്ക് യുപിഐ ഐഡികൾ നീക്കം ചെയ്യുക, ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടുകൾ മാറ്റുക, പേയ്‌മെൻ്റ് മാൻഡേറ്റുകൾ സജ്ജീകരിക്കുക തുടങ്ങിയ ക്രമീകരണങ്ങൾ ആപ്പ് വഴി നിയന്ത്രിക്കാൻ കഴിയും. കൂടാതെ, ആപ്പ് ഉപയോഗിച്ച് നടത്തുന്ന ഓരോ UPI ഇടപാടിനും ഉപയോക്താക്കൾക്ക് റിവാർഡുകൾ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.
ജിയോഫിനാൻസ് ആപ്പിലൂടെ സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ട് തുറക്കാൻ വളരെയെളുപ്പം:
വെറും മൂന്ന് സ്റ്റെപ്പുകളിലൂടെ സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ടുകൾ ഓപ്പൺ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ജിയോഫിനാൻസ് ആപ്പ് ബാങ്കിംഗ് എളുപ്പമുള്ള പ്രക്രിയയാക്കി മാറ്റുന്നു. ഈ അക്കൗണ്ട് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് NEFT അല്ലെങ്കിൽ IMPS വഴി പണം അയയ്ക്കാനോ സ്വീകരിക്കാനോ കഴിയും. അതിനു പുറമെ ഫിസിക്കൽ ഡെബിറ്റ് കാർഡും അവർക്കു സ്വന്തമാക്കാം.
യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കൽ, മൊബൈൽ ഫോണുകൾ റീചാർജ് ചെയ്യൽ, ഫാസ്ടാഗ്, ഡിടിഎച്ച് സേവനങ്ങൾ, ക്രെഡിറ്റ് കാർഡ് പേയ്‌മെൻ്റുകൾ എന്നിവ പോലെ മറ്റ് പേയ്‌മെൻ്റ് ആപ്പുകൾക്ക് സമാനമായ ഫീച്ചറുകളും ജിയോ ഫിനാൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ആപ്പിൽ "ലോൺ ഓൺ ചാറ്റ്" ഫീച്ചറും ഉൾപ്പെടുന്നു, അതിലൂടെ ഉപയോക്താക്കൾക്ക് മ്യൂച്വൽ ഫണ്ട്, ഭവനവായ്പകൾ, വസ്തുവിന്മേലുള്ള വായ്പകൾ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള വായ്പകൾക്ക് അപേക്ഷിക്കാനും അതു ട്രാൻസ്ഫർ ചെയ്യാനും കഴിയും. ഉപയോക്താക്കൾ ഉപയോഗിക്കുന്ന തുകയ്ക്ക് മാത്രമേ പലിശ നൽകേണ്ടതുള്ളൂവെന്നും, മുഴുവൻ ലോൺ തുകയ്ക്കും അല്ലെന്നും JFSL പറയുന്നു. ഈ വായ്പാ സേവനം ശമ്പളമുള്ള വ്യക്തികൾക്കും ചെറുകിട ബിസിനസുകൾക്കും (എംഎസ്എംഇ) ലഭ്യമാണ്.
ഈ ആപ്പ് ഇൻഷുറൻസ് ഓപ്ഷനുകളും നൽകുന്നു. ഉപയോക്താക്കൾക്ക് ജിയോഫിനാൻസിൽ നിന്ന് ലൈഫ്, ഹെൽത്ത്, ഇരുചക്ര വാഹനം, മോട്ടോർ ഇൻഷുറൻസ് പോളിസികൾ നേരിട്ടു ബ്രൗസ് ചെയ്യാനും വാങ്ങാനും കഴിയും.
പരസ്യം
പരസ്യം