തങ്ങളുടെ ജെമിനി 2.5 Al മോഡലുകൾ ഗൂഗിൾ അപ്ഗ്രേഡ് ചെയ്തു
Photo Credit: Google
ജെമിനി 2.5 പ്രോയും ഫ്ലാഷും ഇപ്പോൾ ജെമിനി API, വെർട്ടെക്സ് AI എന്നിവയിൽ ചിന്താ സംഗ്രഹങ്ങൾ ഉൾപ്പെടുത്തും
ചൊവ്വാഴ്ച നടന്ന ഗൂഗിളിൻ്റെ ഡെവലപ്പർ കോൺഫറൻസായ ഗൂഗിൾ I/O 2025-ൽ, ജെമിനി 2.5 ഫാമിലിയിലെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡലുകൾക്കായി ഗൂഗിൾ നിരവധി പുതിയ സവിശേഷതകൾ അവതരിപ്പിച്ചു. ഉപയോക്താക്കളെ Al എങ്ങനെ മനസ്സിലാക്കുന്നുവെന്നതും അവരുമായി ഇടപഴകുന്നുവെന്നതും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അപ്‌ഗ്രേഡുകൾ ഗൂഗിൾ വെളിപ്പെടുത്തി. ഡീപ് തിങ്ക് എന്ന സവിശേഷതയായിരുന്നു പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോഴോ പ്രശ്നങ്ങൾ പരിഹരിക്കുമ്പോഴോ AI കൂടുതൽ ശ്രദ്ധാപൂർവ്വം ചിന്തിക്കാൻ സഹായിക്കുന്നതിനാണിത്. നേറ്റീവ് ഓഡിയോ ഔട്ട്‌പുട്ട് എന്ന വോയ്‌സ് സാങ്കേതികവിദ്യയും ഗൂഗിൾ പ്രദർശിപ്പിച്ചു. ഇതിലൂടെ AI-ക്ക് കൂടുതൽ സ്വാഭാവികവും മനുഷ്യസമാനവുമായ ശബ്ദത്തിൽ സംസാരിക്കാനാവും. ഡെവലപ്പർമാർക്ക് ലൈവ് API (ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ്) വഴി ഈ വോയ്‌സ് ഫീച്ചർ ആക്‌സസ് ചെയ്യാം. ഇവ കൂടാതെ, AI എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും ഡെവലപ്പർമാരെ സഹായിക്കുന്നതിന് തോട്ട് സമ്മറീസ്, തിങ്കിങ്ങ് ബഡ്ജറ്റ്സ് എന്നീ രണ്ട് പുതിയ ടൂളുകളും ഗൂഗിൾ ചേർക്കുന്നു.
ഒരു ബ്ലോഗ് പോസ്റ്റിലൂടെ, അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ ജെമിനി 2.5 AI മോഡൽ സീരീസിൽ വരാനിരിക്കുന്ന പുതിയ ഫീച്ചറുകൾ ഗൂഗിൾ പങ്കിടുകയുണ്ടായി. ഈ മാസം ആദ്യമാണ് മികച്ച കോഡിംഗ് കഴിവുകളുള്ള ജെമിനി 2.5 പ്രോയുടെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് ഗൂഗിൾ പുറത്തിറക്കിയത്. വെബ്‌ഡെവ് അരീന, എൽഎം അരീന ലീഡർബോർഡുകളിലും ഈ പതിപ്പ് ഒന്നാം സ്ഥാനത്തെത്തി.
ഇപ്പോൾ, ഡീപ് തിങ്ക് മോഡ് എന്ന പുതിയ സവിശേഷത ഇതിൽ ഗൂഗിൾ ചേർക്കുന്നു. ഉത്തരം നൽകുന്നതിന് മുമ്പ് ഒന്നിലധികം സാധ്യതകളെക്കുറിച്ച് ചിന്തിക്കാൻ ജെമിനി 2.5 പ്രോയെ അനുവദിക്കുന്നതാണ് ഈ മോഡ്. പഴയ മോഡലുകളിൽ ഉപയോഗിക്കുന്ന തിങ്കിംഗ് മോഡുകളിൽ നിന്ന് വ്യത്യസ്തമായ ഒരു രീതിയാണിത്.
ടെസ്റ്റുകളിൽ, ഈ റീസണിങ്ങ് മോഡിനുള്ള ബെഞ്ച്മാർക്ക് സ്കോറുകൾ ഗൂഗിൾ പങ്കിട്ടു. 2025-ലെ UAMO ടെസ്റ്റിൽ ജെമിനി 2.5 പ്രോ ഡീപ് തിങ്ക് 49.4% സ്കോർ ചെയ്തു, ഇത് ഏറ്റവും ബുദ്ധിമുട്ടേറിയ ഗണിത പരീക്ഷകളിൽ ഒന്നാണ്. ഇത് ലൈവ് കോഡ് ബെഞ്ച് v6, MMMU എന്നിവയിലും മികച്ച പ്രകടനം കാഴ്ചവച്ചു. ഡീപ് തിങ്ക് ഇപ്പോഴും ടെസ്റ്റ് ചെയ്യുകയാണ്.
ഒരു മാസം മുമ്പ് പുറത്തിറക്കിയ ജെമിനി 2.5 ഫ്ലാഷ് മോഡലിൽ ഗൂഗിൾ പുതിയ സവിശേഷതകൾ ചേർത്തിട്ടുണ്ട്. റീസണിങ്ങ്, ഒന്നിലധികം തരം ഉള്ളടക്കം കൈകാര്യം ചെയ്യൽ, കോഡിംഗ്, നീണ്ട സംഭാഷണങ്ങൾ തുടങ്ങിയ മേഖലകളിൽ ഈ മോഡൽ ഇപ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്ന് കമ്പനി പറഞ്ഞു.
അപ്‌ഡേറ്റ് ചെയ്‌ത ജെമിനി 2.5 ഫ്ലാഷ് ഇപ്പോൾ ഗൂഗിൾ Al സ്റ്റുഡിയോ വഴി ഡെവലപ്പർമാർക്ക് ഒരു പ്രിവ്യൂ ആയി ലഭ്യമാണ്. വെർട്ടെക്സ് Al വഴി ബിസിനസുകൾക്കും ഇത് ഉപയോഗിക്കാൻ കഴിയും, കൂടാതെ വ്യക്തികൾക്ക് ജെമിനി ആപ്പിൽ ഇത് കണ്ടെത്താം. ജൂണിൽ ഇത് പൂർണ്ണമായും പുറത്തിറക്കാൻ ഗൂഗിൾ പദ്ധതിയിടുന്നു.
ജെമിനി 2.5 മോഡലുകൾക്കൊപ്പം, ലൈവ് എപിഐ ഉപയോഗിക്കുന്ന ഡെവലപ്പർമാർക്ക് നേറ്റീവ് ഓഡിയോ ഔട്ട്‌പുട്ട് (പ്രിവ്യൂ പതിപ്പ്) എന്ന പുതിയ സവിശേഷതയുമുണ്ട്. ഇത് കൂടുതൽ സ്വാഭാവികമായ സംഭാഷണം സൃഷ്ടിക്കാൻ സഹായിക്കുന്നതാണ്. ഉപയോക്താക്കൾക്ക് ശബ്ദത്തിന്റെ ടോൺ, ആക്‌സന്റ്, ശൈലി എന്നിവ മാറ്റാൻ കഴിയും.
ഇതിൽ മൂന്ന് സവിശേഷതകൾ ഉൾപ്പെടുന്നു. ആദ്യത്തേത് അഫക്റ്റീവ് ഡയലോഗ് ആണ്. അവിടെ മോഡൽ ഉപയോക്താവിന്റെ ശബ്ദം ശ്രദ്ധിച്ച് വൈകാരികതയോടെ പ്രതികരിക്കുന്നു. രണ്ടാമത്തേത് പ്രോആക്ടീവ് ഓഡിയോ ആണ്, ഇത് പശ്ചാത്തല ശബ്‌ദം അവഗണിച്ച് നേരിട്ട് സംസാരിക്കുമ്പോൾ പ്രതികരിക്കാൻ Al മോഡലിനെ സഹായിക്കുന്നു. മൂന്നാമത്തേത് തിങ്കിങ്ങ് ആണ്, ഇത് മോഡലിനെ സ്വന്തം യുക്തി ഉപയോഗിച്ച് ഉത്തരങ്ങൾ പറയാൻ അനുവദിക്കുന്നു.
കൂടാതെ, API, Vertex AI എന്നിവയിലെ ജെമിനി 2.5 പ്രോ, ഫ്ലാഷ് മോഡലുകൾ ഇപ്പോൾ തോട്ട് സമ്മറീസ് കാണിക്കും.
ഇതിനു പുറമെ, വരും ആഴ്ചകളിൽ, ജെമിനി 2.5 പ്രോ ഉപയോഗിക്കുന്ന ഡെവലപ്പർമാർക്ക് തിങ്കിങ്ങ് ബജറ്റുകൾ സജ്ജമാക്കാനും കഴിയും.
പരസ്യം
പരസ്യം