Photo Credit: Apple
Apple Watch Series 10 is available for purchase in GPS and LTE variants
ഗുണനിലവാരത്തിൻ്റെ കാര്യത്തിൽ ഏറ്റവും മികച്ചതായതു കൊണ്ടാണ് ആപ്പിൾ പ്രൊഡക്റ്റുകൾക്ക് വലിയ സ്വീകാര്യത ലോകമെമ്പാടും ലഭിക്കുന്നത്. ആപ്പിളിൻ്റെ സ്മാർട്ട്ഫോൺ, ഇയർഫോൺ തുടങ്ങി ഏതു പ്രൊഡക്റ്റ് പുറത്തിറങ്ങുമ്പോഴും അതു കാത്തിരിക്കുന്ന നിരവധി പേരുണ്ട്. കഴിഞ്ഞ ദിവസം കാലിഫോർണിയയിലെ ആപ്പിൾ പാർക്കിൽ വെച്ചു നടന്ന ‘ഇറ്റ്സ് ഗ്ലോടൈം' ഇവൻ്റിൽ നിരവധി പ്രൊഡക്റ്റുകൾ കമ്പനി ലോഞ്ച് ചെയ്തിരുന്നു. ആപ്പിളിൻ്റെ വാച്ച് സിരീസ് 10 സ്മാർട്ട് വാച്ചും ഇതിലുൾപ്പെടുന്നു. രണ്ടു വേരിയൻ്റുകളിലാണ് കമ്പനി തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് സീരീസ് പുറത്തിറക്കിയിരിക്കുന്നത്. ആപ്പിൾ സ്മാർട്ട് വാച്ചിൻ്റെ മുൻഗാമികളെ അപേക്ഷിച്ച് കനം കുറഞ്ഞതാണ് സീരീസ് 10 എങ്കിലും കൂടുതൽ വലിപ്പമുള്ള ഡിസ്പ്ലേ ഇവയ്ക്കു നൽകിയിട്ടുണ്ട്. ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുള്ള ഏറ്റവും പുതിയ ചിപ്സെറ്റിൽ പ്രവർത്തിക്കുന്ന ആപ്പിൾ സീരീസ് 10 സ്മാർട്ട് വാച്ചുകൾക്ക് ഡെപ്ത്ത് ആപ്പിൻ്റെ പിന്തുണ വിപുലീകരിച്ചിട്ടുമുണ്ട്. ഇതിനു പുറമെ 2023ൽ പുറത്തിറങ്ങിയ ആപ്പിൾ വാച്ച് അൾട്രാ 2 പുതിയ നിറത്തിൽ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ആപ്പിൾ വാച്ച് സീരീസ് 10ൻ്റെ 42mm GPS വേരിയൻ്റിന് ഇന്ത്യയിൽ 46900 രൂപയാണു വില വരുന്നത്. അതേസമയം ഇതിൻ്റെ സെല്ലുലാർ വേരിയൻ്റിന് 56900 രൂപ വില വരും. 42mm സെല്ലുലാറിൻ്റെ ടൈറ്റാനിയം വേരിയൻ്റിന് 79900 രൂപ വില വരുമ്പോൾ 46mm വേരിയൻ്റിന് 84900 രൂപയാണു നൽകേണ്ടത്. സെപ്തംബർ 10 മുതൽ പ്രീ ഓർഡർ ചെയ്യാൻ കഴിയുന്ന ഇതിൻ്റെ വിൽപ്പന ആരംഭിക്കുന്നത് സെപ്തംബർ 20 മുതലാണ്.
അതേസമയം ആപ്പിൾ വാച്ച് അൾട്രാ 2 വിൻ്റെ ബ്ലാക്ക് ടൈറ്റാനിയം നിറത്തിലുള്ള ഏറ്റവും പുതിയ വേരിയൻ്റിനു 89900 രൂപക്കു വാങ്ങാൻ കഴിയും. ഇതിൻ്റെയും പ്രീ ഓർഡർ സെപ്തംബർ 10 മുതൽ ആരംഭിച്ചിട്ടുണ്ട്. വിൽപ്പന ആരംഭിക്കുന്നത് സെപ്തംബർ 20 മുതലാണ്.
റൗണ്ട് കോർണറുകളുള്ള വൈഡ് ആംഗിൾ OLED ഡിസ്പ്ലേയാണ് ആപ്പിൾ വാച്ച് സീരീസ് 10 ലുള്ളത്. സ്റ്റാൻഡേർഡ് ആപ്പിൾ വാച്ചുകളുടെ നിരയിൽ ഏറ്റവും വലിയ ഡിസ്പ്ലേ എന്നു കമ്പനി അവകാശപ്പെടുന്ന ഇതിൻ്റെ ഡിസ്പ്ലേ ബ്രൈറ്റ്നസ് മുൻഗാമിയേക്കാൾ 40 ശതമാനം കൂടുതലുമാണ്.
9.7mm മാത്രം കനമുള്ള ആപ്പിൾ വാച്ച് സീരീസ് 10 തങ്ങളുടെ ഏറ്റവും കനം കുറഞ്ഞ സ്മാർട്ട് വാച്ചാണെന്നും കമ്പനി പറയുന്നു. ഫോർ കോർ ന്യൂറൽ എഞ്ചിനുള്ള S10 ചിപ്സെറ്റാണ് ഈ സ്മാർട്ട് വാച്ചിലുള്ളത്. ഇതിലെ ഇൻബിൽറ്റ് സ്പീക്കർ വഴി ഉപയോക്താക്കൾക്ക് മ്യൂസിക്, പോഡ്കാസ്റ്റ് എന്നിവ ആസ്വദിക്കാൻ കഴിയും. 50m വാട്ടർ റെസിസ്റ്റൻസുള്ള ഇത് ഏറ്റവും വേഗത്തിൽ ചാർജാകുന്ന സ്മാർട്ട് വാച്ചാണെന്നു കമ്പനി പറയുന്നു. 30 മിനുട്ടിൽ 80 ശതമാനം ചാർജിലെത്തുമെന്നാണു കമ്പനിയുടെ അവകാശവാദം.
ഉറങ്ങുമ്പോൾ ശ്വാസതടസം വരുന്ന സ്ലീപ് അപ്നീയ കണ്ടെത്താൻ ഇതിൽ സംവിധാനമുണ്ട്. ഇതിനു പുറമെ ശ്വസന സംബന്ധമായ പ്രശ്നങ്ങൾ, ഉറക്കത്തിലെ അസ്വസ്ഥതകൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ കണ്ടെത്തി അതിൻ്റെ വിവരങ്ങൾ 30 ദിവസം കൂടുമ്പോൾ ഉപയോക്താക്കൾക്കു നൽകും. 150 രാജ്യങ്ങളിൽ അപ്പിൾ വാച്ച് സീരീസ് 10 ൻ്റെ ഈ ഫീച്ചർ ലഭ്യമാണ്.
പരസ്യം
പരസ്യം