ആദ്യത്തെ ആൻഡ്രോയ്ഡ് XR ഹെഡ്സെറ്റായ സാംസങ്ങ് ഗാലക്സി XR ഹെഡ്സെറ്റ് ലോഞ്ച് ചെയ്തു
Photo Credit: Samsung
ലോഞ്ച് ചെയ്‌ത Samsung Galaxy XR ഹെഡ്‌സെറ്റിന്റെ പ്രധാന വിവരങ്ങൾ
ബുധനാഴ്ച നടന്ന, 2025 ഒക്ടോബറിലെ ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിനിടെ സാംസങ്ങ് തങ്ങളുടെ ഗാലക്‌സി XR ഹെഡ്‌സെറ്റ് പുറത്തിറക്കി. രണ്ട് ഇൻ്റേണൽ ലെൻസുകൾ ഉപയോഗിച്ച് ഡിജിറ്റൽ എലമൻ്റുകളെ യഥാർത്ഥ ലോകവുമായി സംയോജിപ്പിക്കുന്ന കമ്പനിയുടെ ആദ്യത്തെ എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) ഹെഡ്‌സെറ്റാണിത്. ഈ ഹെഡ്‌സെറ്റ് ഓഗ്‌മെന്റഡ് റിയാലിറ്റിയെയും (AR) പിന്തുണയ്ക്കും. ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ യഥാർത്ഥ ചുറ്റുപാടുകൾ കാണുന്നതിനൊപ്പം തന്നെ ഡിജിറ്റൽ കണ്ടൻ്റുകളും കാണാൻ കഴിയും. കൈ കൊണ്ടുള്ള ആംഗ്യങ്ങൾ വഴി ആപ്പുകളും വിജറ്റുകളും നിയന്ത്രിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഹാൻഡ് ട്രാക്കിംഗും ഈ ഹെഡ്സെറ്റിൽ വരുന്നുണ്ട്. ഉപകരണത്തിന്റെ അടിഭാഗത്തു സ്ഥിതി ചെയ്യുന്ന സെൻസറുകളിലൂടെയാണ് ഇത് സാധ്യമാകുന്നത്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ XR2+ ജെൻ 2 ചിപ്‌സെറ്റാണ് ഗാലക്‌സി XR-ന് കരുത്ത് പകരുന്നത്. എക്സറ്റൻഡഡ് റിയാലിറ്റി എക്സ്പീരിയൻസിനായി പ്രത്യേകം ഡിസൈൻ ചെയ്ത പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയ്ഡ് XR-മായാണ് സാംസങ്ങ് ഗാലക്‌സി XR എത്തുന്നത്. ഈ സിസ്റ്റവുമായെത്തുന്ന ആദ്യത്തെ ഹെഡ്സെറ്റുമാണിത്.
സാംസങ്ങ് ഗാലക്സി XR-ൻ്റെ 16 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയൻ്റിന് യുഎസിൽ 1,799 ഡോളർ (ഏകദേശം 1,58,000 രൂപ) ആണ് വില. ദക്ഷിണ കൊറിയയിൽ, അതേ മോഡലിന് KRW 2,690,000 (ഏകദേശം 1,65,000 രൂപ) ആണ്.
മുഴുവൻ തുകയും ഒരേസമയം അടയ്ക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, പ്രതിമാസം 149 ഡോളർ (ഏകദേശം 13,000 രൂപ) നിരക്കിൽ ഹെഡ്‌സെറ്റ് വാങ്ങാൻ കഴിയുന്ന 12 മാസത്തെ പേയ്‌മെന്റ് പ്ലാൻ സാംസങ്ങ് വാഗ്ദാനം ചെയ്യുന്നു.
നിലവിൽ, ഗാലക്‌സി XR ഹെഡ്‌സെറ്റ് യുഎസിലും ദക്ഷിണ കൊറിയയിലും മാത്രമേ ലഭ്യമാകൂ. സാംസങ്ങിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ വഴി മാത്രം വാങ്ങാൻ കഴിയുന്ന ഈ ഉപകരണം സിൽവർ ഷാഡോ എന്ന ഒരു കളർ ഓപ്ഷനിൽ മാത്രമാണു ലഭ്യമാവുക.
സാംസങ് ഗാലക്‌സി XR ഹെഡ്‌സെറ്റ് ആൻഡ്രോയിഡ് XR പ്ലാറ്റ്‌ഫോമിലാണ് പ്രവർത്തിക്കുന്നത്. 27 ദശലക്ഷം പിക്‌സലുകൾ, 3,552x3,840 റെസല്യൂഷൻ, 6.3 മൈക്രോൺ പിക്‌സൽ വലുപ്പം എന്നിവയുള്ള മൈക്രോ-OLED ഡിസ്‌പ്ലേകളാണ് ഇതിലുപയോഗിക്കുന്നത്. സ്‌ക്രീൻ 90Hz വരെ റീഫ്രഷ് റേറ്റ്, DCI-P3 കളർ റേഞ്ചിൻ്റെ 95%, 109 ഡിഗ്രി ഹൊറിസോണ്ടൽ വ്യൂ, 100 ഡിഗ്രി വെർട്ടിക്കൽ വ്യൂ എന്നിവയെ പിന്തുണയ്ക്കുന്നു. ഗൂഗിളിന്റെ ജെമിനി AI അസിസ്റ്റന്റും ഇതിൽ ഉൾപ്പെടുന്നു.
16GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ XR2+ ജെൻ 2 ചിപ്പ് ഈ ഹെഡ്‌സെറ്റിന് കരുത്ത് പകരുന്നു. 18mm ഫോക്കൽ ലെങ്തും f/2.0 അപ്പേർച്ചറും ഉള്ള 6.5 മെഗാപിക്‌സലിൽ 3D ഫോട്ടോകളും വീഡിയോകളും പകർത്താൻ കഴിയുന്ന ഒന്നിലധികം ക്യാമറകൾ ഇതിലുണ്ട്. AR (ഓഗ്‌മെന്റഡ് റിയാലിറ്റി) ഘടകങ്ങളുള്ള, യഥാർത്ഥ ചുറ്റുപാടുകൾ കാണാൻ ഉപയോക്താക്കളെ അനുവദിക്കുന്ന രണ്ട് പാസ്-ത്രൂ ക്യാമറകളും ഇതിലുണ്ട്.
ഗാലക്‌സി XR ഹെഡ്‌സെറ്റിൽ ആറ് വേൾഡ്-ട്രാക്കിംഗ് ക്യാമറകൾ, നാല് ഐ-ട്രാക്കിംഗ് ക്യാമറകൾ, അഞ്ച് ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റുകൾ, ഒരു ഡെപ്ത് സെൻസർ, ഒരു ഫ്ലിക്കർ സെൻസർ എന്നിവ ഉൾപ്പെടുന്നു. അധിക സുരക്ഷയ്ക്കായി ഇത് ഐറിസ് റെക്കഗ്നിഷനെ പിന്തുണയ്ക്കുന്നു. ശബ്ദത്തിനായി, വൂഫറുകളും ട്വീറ്ററുകളും ഉള്ള രണ്ട് ടു-വേ സ്പീക്കർ സിസ്റ്റങ്ങളും ബീംഫോമിംഗ് ടെക്നോളജിയുള്ള ആറ് മൈക്രോഫോൺ സെറ്റപ്പുമുണ്ട്.
ഇത് വൈ-ഫൈ 7, ബ്ലൂടൂത്ത് 5.4 എന്നീ കണക്റ്റിവിറ്റികളെ പിന്തുണയ്ക്കുന്നു. 2 മണിക്കൂർ വരെ സാധാരണ ഉപയോഗവും 2.5 മണിക്കൂർ വരെ വീഡിയോ പ്ലേബാക്കും ഇതു വാഗ്ദാനം ചെയ്യുമെന്ന് സാംസങ് അവകാശപ്പെടുന്നു. എക്സ്റ്റേണൽ ബാറ്ററി പായ്ക്കാണ് ഹെഡ്സെറ്റിനു കരുത്ത് പകരുന്നത്.
ഗാലക്‌സി XR ഓപ്ഷണൽ പ്രിസ്‌ക്രിപ്ഷൻ ലെൻസുകളിലൂടെ 54mm മുതൽ 70mm വരെയുള്ള ഇന്റർപില്ലറി ഡിസ്റ്റൻസിനെയും (ഐപിഡി) പിന്തുണയ്ക്കുന്നുണ്ട്. ഇതിന് 121.92 x 195.58 x 264.16 മില്ലിമീറ്റർ വലിപ്പവും നെറ്റിത്തടത്തിനുള്ള കുഷ്യനുൾപ്പെടെ ഏകദേശം 545 ഗ്രാം ഭാരവുമുണ്ട്. എക്സ്റ്റേണൽ ബാറ്ററി പായ്ക്കിന് 302 ഗ്രാം ഭാരവും വരുന്നു.
പരസ്യം
പരസ്യം