ഇന്ത്യൻ ടെലികോം രംഗത്ത് വിപ്ലവം കൊണ്ടുവന്ന കമ്പനിയാണ് റിലയൻസ് ജിയോ. വളരെ കൂടിയ നിരക്കിൽ മറ്റു കമ്പനികൾ ഇൻ്റർനെറ്റ് നൽകിക്കൊണ്ടിരുന്ന സമയത്താണ് സൗജന്യമായി ഇൻ്റർനെറ്റ് നൽകി റിലയൻസ് ജിയോ ഏവരെയും ഞെട്ടിക്കുന്നത്. പിന്നീട് ജിയോ തങ്ങളുടെ പ്ലാൻ നിരക്കുകൾ മെല്ലെ മെല്ലെ വർദ്ധിപ്പിച്ചെങ്കിലും ഏറ്റവും കുറഞ്ഞ നിരക്കിൽ ഇൻ്റർനെറ്റ് ലഭിക്കുന്ന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയതിൽ റിലയൻസ് ജിയോ നടത്തിയ വിപ്ലവത്തിന് വലിയ പങ്കുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
അടുത്തിടെ തങ്ങളുടെ ഇൻ്റർനെറ്റ് താരിഫ് നിരക്കുകൾ വലിയ രീതിയിൽ വർദ്ധിപ്പിച്ചതിനെ തുടർന്ന് ജിയോക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു എങ്കിലും ഇപ്പോഴും ഇന്ത്യൻ ടെലികോം രംഗത്തെ അതികായനായി അവർ തുടരുകയാണ്. കഴിഞ്ഞ ദിവസം തങ്ങളുടെ ഏറ്റവും പുതിയ 5G റീചാർജ് പ്ലാൻ ഉപയോക്താക്കൾക്കു മുന്നിൽ റിലയൻസ് ജിയോ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വലിയ കൊട്ടിഘോഷിക്കലൊന്നും ഇല്ലാതെയാണ് തങ്ങളുടെ പ്രീ പെയ്ഡ് കസ്റ്റമേഴ്സിനു വേണ്ടി പുതിയ റീചാർജ് പ്ലാൻ ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ലിമിറ്റഡ് വാലിഡിറ്റി പിരീഡിൽ അൺലിമിറ്റഡ് 5G ഡാറ്റ നൽകുന്ന, കമ്പനിയുടെ ഏറ്റവും ചിലവു കുറഞ്ഞ പ്രീ പെയ്ഡ് പ്ലാനുമായാണ് റിലയൻസ് ജിയോ എത്തിയിരിക്കുന്നത്. 198 രൂപ വരുന്ന ഈ പ്ലാനിനൊപ്പം അൺലിമിറ്റഡ് വോയ്സ് കോൾ, ജിയോ സിനിമ, ജിയോ ക്ലൗഡ്, ജിയോ ടിവി തുടങ്ങിയവയും നിങ്ങൾക്ക് ആസ്വദിക്കാം.
റിലയൻസ് ജിയോയുടെ 198 രൂപ റീചാർജ് പ്ലാനിൻ്റെ പ്രധാന ഗുണങ്ങൾ:
റിലയൻസിൻ്റെ വെബ്സൈറ്റിൽ 198 രൂപക്കുള്ള അൺലിമിറ്റഡ് 5G റീചാർജ് പ്ലാനിൻ്റെ വിവരങ്ങൾ വന്നിട്ടുണ്ട്. കമ്പനിയുടെ അൺലിമിറ്റഡ് ട്രൂ 5G പ്ലാനുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നതിൽ അവസാനമാണ് ഇതുള്ളത്. ഇതിനു മുൻപ് 349 രൂപയുടെ പ്ലാൻ ആയിരുന്നു റിലയൻസ് ജിയോയുടെ ഏറ്റവും ചിലവു കുറഞ്ഞ അൺലിമിറ്റഡ് 5G പ്ലാൻ എങ്കിൽ ഇപ്പോഴത് 198 രൂപയുടെ പ്ലാനിനു സ്വന്തം. 14 ദിവസം വാലിഡിറ്റിയുള്ള ഈ റീചാർജ് പ്ലാൻ പ്രകാരം ഓരോ ദിവസവും 2GB ഹൈ സ്പീഡ് 5G ഡാറ്റയാണ് ലഭിക്കുക.
മറ്റു പ്ലാനുകളിൽ എന്നതു പോലെ ഈ പുതിയ റീചാർജ് പ്ലാനിലും ഹൈ സ്പീഡ് ഡാറ്റ ഉപയോഗിച്ചു തീർന്നാൽ ഇൻ്റർനെറ്റിൻ്റെ വേഗത 64kbps ലേക്കു ചുരുങ്ങും. ഡാറ്റക്കു പുറമെ അൺലിമിറ്റഡ് വോയ്സ് കോളിംഗ്, ഒരോ ദിവസവും 100 SMS എന്നിവയും ഈ പ്ലാനിൻ്റെ ഭാഗമായി റിലയൻസ് ജിയോ നൽകുന്നുണ്ട്. ജിയോ സിനിമ, ജിയോ ക്ലൗഡ്, ജിയോ ടിവി തുടങ്ങിയ നിരവധി ആപ്പുകളും ഇതിനൊപ്പം നൽകുന്നുണ്ടെങ്കിലും ജിയോ സിനിമ പ്രീമിയം ഈ റീചാർജ് പ്ലാനിലൂടെ ലഭിക്കില്ല.
ഏറ്റവും ചിലവു കുറഞ്ഞ ജിയോയുടെ 5G അൺലിമിറ്റഡ് പ്ലാനായ ഇതിൻ്റെ വാലിഡിറ്റി 14 ദിവസമാണെന്നു നേരത്തെ പറഞ്ഞുവല്ലോ. ഇതിനു മുൻപുണ്ടായിരുന്ന 349 രൂപയുടെ 5G അൺലിമിറ്റഡ് പ്ലാനിന് 28 ദിവസം വാലിഡിറ്റി ആയിരുന്നെങ്കിൽ അതിൻ്റെ നേർപകുതിയാണ് പുതിയ പ്ലാനിൻ്റെ വാലിഡിറ്റി. രണ്ടിൻ്റെയും തുകയിലുള്ള വ്യത്യാസം നിങ്ങൾ തന്നെ താരതമ്യം ചെയ്തു നോക്കുമല്ലോ.
അതേസമയം ഇന്ത്യയിൽ റിലയൻസ് ജിയോയുടെ പ്രധാന എതിരാളിയായി കണക്കാക്കപ്പെടുന്ന ഭാരതി എയർടെൽ സമാനമായ തുകയുടെ ഉള്ളിൽ വരുന്ന അൺലിമിറ്റഡ് 5G പ്ലാനുകൾ ഒന്നും നൽകുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. അവരുടെ ഏറ്റവും ചിലവു കുറഞ്ഞ 5G പ്ലാൻ 379 രൂപയുടേതാണ്. ഒരു മാസം വാലിഡിറ്റിയുള്ള ഈ പ്ലാനിൽ ഓരോ ദിവസവും 2GB ഹൈ സ്പീഡ് ഡാറ്റ, 100 SMS, അൺലിമിറ്റഡ് വോയ്സ് കോൾ എന്നിവ ലഭിക്കും. ഇതിനു പുറമേ എക്സ്ട്രീം പ്ലേ, വിങ്ക്, ഹെലോ ട്യൂൺസ് തുടങ്ങിയവയും എയർടെല്ലിൻ്റെ ഈ പ്ലാൻ വഴി ഉപയോഗിക്കാൻ കഴിയും.