ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ വളരെ ശ്രദ്ധിക്കപ്പെട്ട ബ്രാൻഡുകളിൽ ഒന്നാണ് ഇൻഫിനിക്സ്. ന്യായമായ വിലക്ക് മികച്ച ഫീച്ചറുകളുള്ള സ്മാർട്ട്ഫോണുകൾ നൽകിയാണ് ഇൻഫിനിക്സ് ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളുടെ മനസിലിടം നേടിയത്. ഇൻഫിനിക്സ് ആദ്യമായി പുറത്തിറക്കിയ ടാബ്‌ലറ്റ് ആഗോള വിപണിയിൽ ലോഞ്ച് ചെയ്തെങ്കിലും ഇന്ത്യയിലേക്ക് എത്തിയിരുന്നില്ല. ഇപ്പോൾ ആ കാത്തിരിപ്പ് അവസാനിക്കാൻ പോവുകയാണ്. ഇൻഫിനിക്സ് XPad ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന തീയ്യതിയും മറ്റു വിവരങ്ങളും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം ഇന്ത്യയിലേക്ക് എത്തുന്ന, കമ്പനി പുറത്തിറക്കിയ ആദ്യത്തെ ടാബ്‌ലറ്റിൽ 11 ഇഞ്ച് ഡിസ്പ്ലേയാണു നൽകിയിരിക്കുന്നത്. മീഡിയാടെക് ഹീലിയോ G99 ചിപ്പ്സെറ്റ്, 7000mAh ബാറ്ററി എന്നിവ ഇതിൻ്റെ മറ്റു സവിശേഷതകളാണ്. ബഡ്ജറ്റ് നിരക്കിലുള്ള ടാബ്‌ലറ്റായാണ് ഇൻഫിനിക്സ് XPad ഇന്ത്യയിലേക്കു വരാൻ പോകുന്നത് എന്നതിനാൽ തന്നെ മികച്ച സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.
ഇന്ത്യൻ വിപണിയിൽ ഇൻഫിനിക്സ് XPad സെപ്തംബർ 13നു ലോഞ്ച് ചെയ്യുമെന്നാണു കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. മെറ്റൽ യൂണിബോഡിയുള്ള ഈ ടാബ്‌ലറ്റ് രണ്ടു നിറങ്ങളിലാണ് ലഭ്യമാവുക. ടൈറ്റൻ ഗോൾഡ്, ഫ്രോസ്റ്റ് ബ്ലൂ എന്നീ നിറങ്ങളിൽ ഈ ടാബ്‌ലറ്റ് വാങ്ങാൻ കഴിയും. ഇൻഫിനിക്സ് XPad ൻ്റെ വില, ലഭ്യത മുതലായ വിവരങ്ങൾ ലോഞ്ചിംഗിൽ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
പല ആഗോള വിപണിയിലും നേരത്തെ തന്നെ ലോഞ്ച് ചെയ്ത ടാബ്‌ലറ്റാണ് ഇൻഫിനിക്സ് XPad. അതിനാൽ തന്നെ ഇതിൻ്റെ പ്രധാന സവിശേഷതകൾ നേരത്തെ തന്നെ പുറത്തു വന്നതാണ്. ടെക്സ്ച്വേർഡ് പാറ്റേൺ ഫിനിഷിംഗിലുള്ള ഈ ടാബ്‌ലറ്റിൻ്റെ റിയർ ക്യാമറ മൊഡ്യൂൾ ചതുരാകൃതിയിലാണു നൽകിയിരിക്കുന്നത്.
90Hz റീഫ്രഷ് റേറ്റും 440 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള 11 ഇഞ്ച് ഫുൾ HD 1.2K ഡിസ്പ്ലേയാണ് ഈ ടാബ്‌ലറ്റിലുള്ളത്. 8 മെഗാപിക്സൽ സെൻസറുള്ള റിയർ ക്യാമറ യൂണിറ്റും ഫ്ലാഷ്ലൈറ്റോടു കൂടിയ 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.
വിവോ V27e, ടെക്നോ പോവ 5 എന്നിവയിൽ ഉള്ളതു പോലെത്തന്നെ മീഡിയാടെക് ഹീലിയോ G99 ചിപ്പ്സെറ്റ് ഈ ടാബ്‌ലറ്റിനു കരുത്തു നൽകും. 4GB RAM + 128GB ഓൺബോർഡ് സ്റ്റോറേജ്, 8GB RAM + 256GB ഓൺബോർഡ് സ്റ്റോറേജ് എന്നിങ്ങനെ രണ്ടു വേരിയൻ്റുകളിൽ ഈ ടാബ്‌ലറ്റ് സ്വന്തമാക്കാൻ കഴിയും.
7000mAh ബാറ്ററിയാണ് ഇൻഫിനിക്സ് XPad ടാബ്‌ലറ്റിൽ നൽകിയിരിക്കുന്നത്. ഇതു 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്നു. 40 മിനുട്ടിനുള്ളിൽ 50 ശതമാനം ചാർജിലേക്ക് എത്തുമെന്ന് കമ്പനി ഇതെക്കുറിച്ച് അവകാശപ്പെടുന്നു. ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള XOS ഔട്ട് ഓഫ് ദി ബോക്സിലാണ് ഇതു പ്രവർത്തിക്കുന്നത്. 3.5mm ജാക്ക്, ടൈപ്പ് സി പോർട്ട്, വൈഫൈ, എഫ്എം തുടങ്ങിയ ഫീച്ചേഴ്സും ഇതിലുണ്ട്.
ആഗോളതലത്തിൽ ഇറങ്ങിയ മോഡലിൽ ഉള്ളതു പോലെ 11 ഇഞ്ച് ഡിസ്പ്ലേയും ക്വാഡ് സ്പീക്കറുകളും ഇതിൽ പ്രതീക്ഷിക്കുന്നു. ഇൻഫിനിക്സിൻ്റെ ഉൽപന്നങ്ങൾക്ക് മറ്റു പ്രമുഖ ബ്രാൻഡുകളെ അപേക്ഷിച്ച് വില കുറവായിരിക്കും എന്നതിനാൽ തന്നെ ഇൻഫിനിക്സ് XPad ടാബ്‌ലറ്റിൻ്റെ ഇന്ത്യയിലെ വില സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിനു വേണ്ടിയാണ് ഏവരും കാത്തിരിക്കുന്നത്.
പരസ്യം
പരസ്യം