2.5 ബില്യൺ ആക്റ്റീവ് ഡിവൈസുകളുമായി ആപ്പിളിനു വൻ കുതിപ്പ്; വിശദമായ വിവരങ്ങൾ അറിയാം
ആപ്പിളിന്റെ ഐഫോൺ വരുമാനം പ്രധാനമായും ഐഫോൺ 17 (ചിത്രത്തിൽ) കുടുംബത്തിൽ നിന്നാണ് ലഭിച്ചത്.
ആഗോള തലത്തിൽ ഇപ്പോൾ ഏകദേശം 2.5 ബില്യൺ ആക്റ്റീവ് ഉപകരണങ്ങളെന്ന നേട്ടവുമായി ആപ്പിൾ ഒരു പുതിയ നാഴികക്കല്ല് പിന്നിട്ടുവെന്ന് കമ്പനിയുടെ സിഇഒ ആയ ടിം കുക്ക് കഴിഞ്ഞ ദിവസം പറഞ്ഞു. കമ്പനിയുടെ 2026 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിലെ വരുമാന അവലോകന വേളയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. കൂടാതെ ഐഫോൺ, ഐപാഡ്, മാക്, ആപ്പിൾ വാച്ച്, മറ്റ് ഉപകരണങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളിലെല്ലാം ആപ്പിളിന്റെ വളർച്ചയും അദ്ദേഹം എടുത്തു കാണിച്ചു. ഈ വളർച്ച ആപ്പിളിന്റെ ഹാർഡ്‌വെയറിനുള്ള, പ്രത്യേകിച്ച് കമ്പനിയുടെ ഏറ്റവും വലിയ വരുമാന സ്രോതസായി തുടരുന്ന ഐഫോണിനുള്ള ശക്തമായ ഡിമാൻഡിനെ പ്രതിഫലിപ്പിക്കുന്നതാണ്. ഐഫോൺ ലൈനപ്പുകൾ സമീപകാലത്തു നടത്തിയ പ്രകടനത്തെ ടിം കുക്ക് പ്രശംസിക്കുകയും ചെയ്തു. ആപ്പിളിന്റെ വിജയത്തിൽ ഐഫോണുകൾ എത്രത്തോളം പ്രധാനമാണെന്ന് ഇത് അടിവരയിടുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച്, ആപ്പിൾ അതിന്റെ ആക്റ്റീവ് ഡിവൈസിൻ്റെ അടിത്തറ ക്രമാനുഗതമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ ആപ്പിൾ ഡിവൈസുകളിൽ സ്ഥിരമായി തുടരുന്നുണ്ടെന്നു കണക്കുകൾ വ്യക്തമാക്കുന്നു.
2.5 ബില്യൺ ആക്റ്റീവ് ഡിവൈസുകൾ എന്ന കണക്ക് ആപ്പിളിന്റെ വ്യക്തമായ കുതിച്ചുചാട്ടത്തെ സൂചിപ്പിക്കുന്നു. 2025 ജനുവരിയിൽ കമ്പനി ഏകദേശം 2.35 ബില്യൺ ആക്റ്റീവ് ഉപകരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു, ഇത് 2024-ലെ 2.2 ബില്യണെ അപേക്ഷിച്ചു വർദ്ധനവാണ്. ഇതിനർത്ഥം കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 150 മില്യൺ പുതിയ ആക്റ്റീവ് ഡിവൈസുകൾ ആപ്പിൾ ഇതിനൊപ്പം കൂട്ടിച്ചേർത്തു എന്നാണ്. ആപ്പിളിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന ഐഫോൺ, ഐപാഡ്, മാക്, ആപ്പിൾ വാച്ച് തുടങ്ങിയ പ്രധാന പ്രെഡക്റ്റുകൾ ഈ കണക്കുകളിൽ ഉൾപ്പെടുന്നു.
ഈ വളർച്ചയിൽ ഐഫോൺ തന്നെയാണ് ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്. ഐഫോണിനെ കേന്ദ്രീകരിച്ച് ശക്തമായ ഒരു ആവാസവ്യവസ്ഥ ആപ്പിൾ നിർമ്മിച്ചിട്ടുണ്ട്, സേവനങ്ങളും അനുബന്ധ ഉപകരണങ്ങളും അവയ്ക്കൊപ്പം സുഗമമായി പ്രവർത്തിക്കുന്നതിനു വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. 2026-ലെ ആദ്യ പാദത്തിൽ ആപ്പിൾ 143.8 ബില്യൺ ഡോളറിന്റെ റെക്കോർഡ് വരുമാനം രേഖപ്പെടുത്തിയതായി വരുമാന ചർച്ചയ്ക്കിടെ ടിം കുക്ക് വെളിപ്പെടുത്തി. ഐഫോണുകൾ മാത്രം 85.3 ബില്യൺ ഡോളർ നേടി, ഇത് വർഷം തോറുമുള്ള കണക്കിൽ 23 ശതമാനം വളർച്ച കാണിക്കുന്നു. സേവനങ്ങളിലേക്കും മറ്റ് പ്രൊഡക്റ്റുകളിലേക്കും ആപ്പിൾ വ്യാപിക്കുന്ന സമയത്തും ഐഫോൺ എത്രത്തോളം പ്രധാനമാണെന്ന് ഈ പ്രകടനം എടുത്തു കാണിക്കുന്നു.
ആപ്പിളിന്റെ സേവന വിഭാഗം സർവകാല റെക്കോർഡ് വരുമാനം കൈവരിച്ചു, ഈ പാദത്തിൽ $30.01 ബില്യൺ വരുമാനമാണു നേടിയത്. ഇതിൽ ഐക്ലൗഡ്, ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി+, ആപ്പ് സ്റ്റോർ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു.
മറ്റ് ആപ്പിൾ പ്രൊഡക്റ്റുകൾ ഈ പാദത്തിൽ സമ്മിശ്രമായ ഫലങ്ങളാണു കാണിച്ചത്. ഐപാഡ് വരുമാനം 8.60 ബില്യൺ ഡോളറായിരുന്നു, അതേസമയം മാക് വരുമാനം 8.39 ബില്യൺ ഡോളറാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ശക്തമായ ലോഞ്ചുകൾ കാരണം മാക് വിൽപ്പനയിൽ കടുത്ത മത്സരം നേരിടേണ്ടി വന്നതായി ആപ്പിൾ അഭിപ്രായപ്പെട്ടു. ആപ്പിൾ വാച്ച് സീരീസ് 11, ആപ്പിൾ വാച്ച് അൾട്ര പോലുള്ള പ്രൊഡക്റ്റുകൾ ഉൾപ്പെടുന്ന ആപ്പിളിന്റെ വെയറബിൾസ് വിഭാഗം 11.49 ബില്യൺ ഡോളറിന്റെ വരുമാനം റിപ്പോർട്ട് ചെയ്തു.
ആപ്പിളിൻ്റെ വരുമാനത്തിലെ പ്രധാന സ്രോതസുകളിൽ ഒന്ന് ഇന്ത്യയാണ്. രാജ്യത്ത് വരുമാന വളർച്ച ഇരട്ട അക്കത്തിലെത്തിയെന്നും ഡിസംബർ പാദത്തിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ചതായും ടിം കുക്ക് പറഞ്ഞു. ഇന്ത്യയിൽ വികസിച്ചു കൊണ്ടിരിക്കുന്ന ആപ്പിളിൻ്റെ റീട്ടെയിൽ സാന്നിധ്യമാണ് ഈ വളർച്ചയെ പിന്തുണച്ചത്. ഇന്ത്യയിൽ ആപ്പിളിൻ്റെ സ്ഥാപിതമായ അടിത്തറ ഇരട്ട അക്കമെത്തുന്ന തരത്തിൽ വളർന്നതായും ഇന്ത്യ ഒരു പ്രധാനപ്പെട്ട ദീർഘകാല വളർച്ചാ വിപണിയാകുമെന്ന കമ്പനിയുടെ വിശ്വാസത്തെ അതു ശക്തിപ്പെടുത്തുന്നതായും സിഎഫ്ഒ കെവൻ പരേഖ് കൂട്ടിച്ചേർത്തു. ആപ്പിളിന്റെ ഭാവി പദ്ധതികളിൽ ഇന്ത്യക്കു കൂടുതൽ പ്രാധാന്യവും നൽകുന്നുണ്ട്.
പരസ്യം
പരസ്യം
Oppo Reno 16 Series Early Leak Hints at Launch Timeline, Dimensity 8500 Chipset and Other Key Features