Photo Credit: Star Health
ഇന്ത്യയിലെ ഏറ്റവും വലിയ ഹെൽത്ത് ഇൻഷുറൻസ് കമ്പനികളിലൊന്നാണ് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്. ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ടതിൻ്റെ പ്രാധാന്യം ജനങ്ങൾ കൂടുതൽ മനസിലാക്കിയ സാഹചര്യത്തിൽ നിരവധി പേരാണ് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് എടുത്തിരിക്കുന്നത്. എന്നാൽ ഇവർക്ക് ആശങ്കയുണ്ടാക്കുന്ന ഒരു വാർത്ത ഇപ്പോൾ പുറത്തു വരുന്നു. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിനെതിരെ സൈബർ ആക്രമണം ഉണ്ടായത് സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകളാണു പുറത്തു വരുന്നത്. ആക്രമണം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ മാസമാണ്, എന്നാൽ ആഭ്യന്തര അന്വേഷണം പൂർത്തിയാകുന്നതു വരെ കമ്പനി ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ സ്റ്റാർ ഹെൽത്ത് ക്രിമിനൽ പരാതി നൽകുകയും ഇൻഷുറൻസ്, സൈബർ സുരക്ഷാ അധികാരികളെ വിവരങ്ങൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കമ്പനിയുടെ വിവരങ്ങൾ ചോർത്താൻ ഹാക്കർമാർ ടെലിഗ്രാം ചാറ്റ്ബോട്ടുകൾ ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. നിരവധി ഡാറ്റകളിലേക്ക് ഹാക്കർമാർ പ്രവേശനം നേടിയെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തങ്ങൾ ഡാറ്റാ ചോർച്ചയുടെ ഇരയാണെന്ന് കമ്പനി ടെക്ക്രഞ്ചിനോട് വെളിപ്പെടുത്തിയെന്നാണു നിലവിലെ റിപ്പോർട്ടുകൾ. ലംഘനം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട് ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷമാണ് സ്റ്റാർ ഹെൽത്ത് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹാക്കർമാർക്ക് ഏതാനും ഡാറ്റകൾ ആക്‌സസ് ചെയ്യാൻ കഴിഞ്ഞുവെന്ന് ചെന്നൈ ആസ്ഥാനമായുള്ള ഇൻഷുറൻസ് ഭീമൻമാരായ സ്റ്റാർ ഹെൽത്ത് പരാമർശിച്ചു. എന്നാൽ ഉപഭോക്താക്കളെ സംബന്ധിച്ച വിവരങ്ങളെ ഈ ഹാക്കിംഗ് ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കിയിട്ടില്ല.
സ്വതന്ത്ര സൈബർ സുരക്ഷാ വിദഗ്ധർ നടത്തുന്ന ഫോറൻസിക് അന്വേഷണം നടക്കുന്നുണ്ടെന്നും സ്റ്റാർ ഹെൽത്ത് സൂചിപ്പിച്ചു. അന്വേഷണത്തിൻ്റെ ഓരോ ഘട്ടത്തിലും കമ്പനി സർക്കാരുമായും റെഗുലേറ്ററി അതോറിറ്റികളുമായും ചേർന്നു പ്രവർത്തിക്കുന്നുണ്ട്. ബന്ധപ്പെട്ട സൈബർ സെക്യൂരിറ്റിയെയും റെഗുലേറ്ററി ബോഡികളെയും കമ്പനി ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ മാസമാണ് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിനെരെ ഒരു സൈബർ ആക്രമണം നടന്നതും അതൊരു വലിയ ഡാറ്റാ ചോർച്ചയ്ക്ക് കാരണമാവുകയും ചെയ്തത്. 31 ദശലക്ഷം പോളിസി ഉടമകളുടെ വ്യക്തിഗത വിവരങ്ങളും 5.8 ദശലക്ഷത്തിലധികം ഇൻഷുറൻസ് ക്ലെയിമുകളുടെ വിശദാംശങ്ങളും ഈ സൈബർ ആക്രമണത്തിലൂടെ ഹാക്കർമാർ മോഷ്ടിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. മോഷ്ടിച്ച ഡാറ്റ പിന്നീട് മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിലൂടെ പുറത്തു വരികയും ചെയ്തിരുന്നു.
ഹാക്ക് ചെയ്തു സ്വന്തമാക്കിയ ഡാറ്റ പങ്കിടുന്നതിനു വേണ്ടി ഹാക്കർമാർ ടെലിഗ്രാമിൽ ഓട്ടോമേറ്റഡ് ചാറ്റ്ബോട്ടുകൾ ഉപയോഗിച്ചതായി കരുതപ്പെടുന്നു. പേരുകൾ, ഫോൺ നമ്പറുകൾ, വിലാസങ്ങൾ, നികുതി വിശദാംശങ്ങൾ, ഐഡി കാർഡുകളുടെ പകർപ്പുകൾ, മെഡിക്കൽ പരിശോധനാ ഫലങ്ങൾ, രോഗനിർണയം സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചോർന്ന വിവരങ്ങളിൽ ഉൾപ്പെടുന്നു.
ചോർച്ച നടന്നു കുറച്ച് ദിവസങ്ങൾക്ക് ശേഷം, കമ്പനിയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ പ്രചരിപ്പിക്കാൻ സഹായിച്ചെന്ന് ആരോപിച്ച് സ്റ്റാർ ഹെൽത്ത് ടെലിഗ്രാമിനെതിരെ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് മോഷ്ടിച്ച വിവരങ്ങൾ പങ്കിടുന്ന ഇന്ത്യയിലെ ഏതു ചാറ്റ്ബോട്ടുകളും വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്യാൻ മദ്രാസ് ഹൈക്കോടതി ടെലിഗ്രാമിനോട് ഉത്തരവിടുകയും ചെയ്തു. തങ്ങളിൽ നിന്നും ചോർത്തിയ വിവരങ്ങൾ ഹോസ്റ്റ് ചെയ്യുന്ന വെബ്‌സൈറ്റുകൾക്ക് സേവനങ്ങൾ നൽകുന്നുവെന്ന് ആരോപിച്ച് ടെക് കമ്പനിയായ ക്ലൗഡ്ഫ്ലെയറിനെതിരെയും സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് പരാതി നൽകിയിരുന്നു.
പരസ്യം
പരസ്യം