ക്നോ സ്പാർക്ക് ഗോ 5G ഇന്ത്യയിലേക്ക്; ലോഞ്ചിങ്ങ് തീയ്യതി പ്രഖ്യാപിച്ചു
Photo Credit: Tecno
ടെക്നോ സ്പാർക്ക് ഗോ 5G യിൽ 6,000mAh ബാറ്ററിയുണ്ടാകും
ഇന്ത്യയിലെ സാധാരണക്കാരുടെ കൊക്കിലൊതുങ്ങുന്ന വിലയ്ക്ക് മികച്ച സ്മാർട്ട്ഫോണുകൾ പുറത്തിറക്കി ശ്രദ്ധ പിടിച്ചു പറ്റിയ ബ്രാൻഡുകളിൽ ഒന്നാണ് ടെക്നോ. അതുകൊണ്ടു തന്നെ ടെക്നോയുടെ പുതിയ ഫോണുകൾ പുറത്തിറങ്ങുന്നതു കാത്തിരിക്കുന്ന നിരവധി പേരുണ്ട്. എന്തായാലും അടുത്ത കുറച്ച് ദിവസങ്ങളിൽ ടെക്നോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ടെക്നോ സ്പാർക്ക് ഗോ 5G ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും. ലോഞ്ച് തീയതി പ്രഖ്യാപിക്കുന്നതിനൊപ്പം, ഫോണിനെക്കുറിച്ചുള്ള ചില പ്രധാന വിവരങ്ങളും കമ്പനി പങ്കുവച്ചിട്ടുണ്ട്. ടെക്നോ സ്പാർക്ക് ഗോ 5G വലിയ ബാറ്ററിയും AI അടിസ്ഥാനമാക്കിയുള്ള നിരവധി സവിശേഷതകളുമായാണ് വിപണിയിലേക്ക് എത്തുന്നത്. ഗൂഗിളിന്റെ സർക്കിൾ ടു സെർച്ച് ടൂളും നിരവധി ഇന്ത്യൻ ഭാഷകൾ മനസ്സിലാക്കാനും അതനുസരിച്ചു പ്രവർത്തിക്കാനും കഴിയുന്ന ടെക്നോയുടെ എല്ല AI അസിസ്റ്റന്റും ഇതിൽ ഉൾപ്പെടുന്നു. ഈ പുതിയ മോഡൽ സ്പാർക്ക് ഗോ സീരീസിന്റെ 5G പതിപ്പായിരിക്കും. ജൂണിന്റെ തുടക്കത്തിൽ, 5,000mAh ബാറ്ററിയും 4G LTE പിന്തുണയുമുള്ള സ്പാർക്ക് ഗോ 2 ഇന്ത്യയിൽ ടെക്നോ പുറത്തിറക്കിയിരുന്നു.
ടെക്നോയുടെ സ്വാതന്ത്ര്യദിന സമ്മാനമായാണ് ടെക്നോ സ്പാർക്ക് ഗോ 5G ഇന്ത്യയിലെത്തുന്നത്. ആഗസ്റ്റ് 14-ന് ഉച്ചയ്ക്ക് 12 മണിക്ക് (ഉച്ചയ്ക്ക്) ഇന്ത്യൻ സമയം പുതിയ ടെക്നോ സ്പാർക്ക് ഗോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ആമസോണിന്റെ മൈക്രോസൈറ്റിൽ പറയുന്നു. ലോഞ്ച് ചെയ്തതിന് ശേഷം ആമസോണിലൂടെ ഫോൺ വാങ്ങാൻ ലഭ്യമാകും.
പേര് സൂചിപ്പിക്കുന്നത് പോലെ, ഈ മോഡൽ 5G കണക്റ്റിവിറ്റിയെ പിന്തുണയ്ക്കും. ടെക്നോ സ്പാർക്ക് ഗോ സീരീസ് ആദ്യമായാണ് 5G കണക്റ്റിവിറ്റിയുമായി എത്തുന്നത്. നിലവിലെ സ്പാർക്ക് ഗോ ഫോണുകൾ 4G നെറ്റ്‌വർക്കുകളെ മാത്രം പിന്തുണയ്ക്കുന്നതാണ്. അതിനാൽ ഈ അപ്‌ഗ്രേഡ് ഉപയോക്താക്കൾക്ക് മികച്ച ഇന്റർനെറ്റ് വേഗതയും തടസമില്ലാത്ത നെറ്റ്‌വർക്ക് പെർഫോമൻസും നൽകും.
വരാനിരിക്കുന്ന ടെക്നോ സ്പാർക്ക് ഗോ 5G സ്മാർട്ട്‌ഫോണിൻ്റെ ചില സവിശേഷതകൾ ടെക്നോ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന് 6,000mAh ബാറ്ററിയാണ്. ഇത്രയും വലിയ ബാറ്ററി ഉണ്ടെങ്കിലും, അതിൻ്റെ പ്രൈസ് റേഞ്ചിൽ ഇന്ത്യയിലെ ഏറ്റവും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ 5G സ്മാർട്ട്‌ഫോൺ ആയിരിക്കും ഇതെന്ന് ടെക്നോ അവകാശപ്പെടുന്നു. ഇതിന് 7.99 മില്ലിമീറ്റർ കനവും 194 ഗ്രാം ഭാരവുമുണ്ടാകും.
മറ്റൊരു പ്രധാനപ്പെട്ട സവിശേഷത നെറ്റ്‌വർക്ക് ഇല്ലാത്തപ്പോഴും ഈ ഫോൺ ഉപയോഗിച്ചു ആശയവിനിമയം നടത്താം എന്നതാണ്. ടെക്നോയുടെ ഫ്രീ ലിങ്ക് ആപ്പ് വഴിയാണ് ഇത് സാധ്യമാവുക. ഈ സവിശേഷത ഉപയോഗിച്ച്, മൊബൈൽ നെറ്റ്‌വർക്ക് സിഗ്നൽ ഇല്ലെങ്കിൽ പോലും, ചില ടെക്നോ ഡിവൈസുകൾക്ക്, ഈ ഫീച്ചർ സപ്പോർട്ട് ചെയ്യുന്ന മറ്റുള്ള ഡിവൈസുകളിലേക്ക് വോയ്‌സ് കോളുകൾ ചെയ്യാനോ ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കാനോ കഴിയും. അടിയന്തര ഘട്ടങ്ങളിലോ കണക്റ്റിവിറ്റി കുറവുള്ള പ്രദേശങ്ങളിലോ വളരെയധികം ഉപയോഗപ്രദമാകുന്ന ഫീച്ചറാണിത്. മുമ്പത്തെ മോഡലായ ടെക്നോ സ്പാർക്ക് ഗോ 2-ലും ഈ സവിശേഷത ഉണ്ടായിരുന്നു.
ടെക്നോ സ്പാർക്ക് ഗോ 5G ഫോണിൽ AI അടിസ്ഥാനമാക്കിയുള്ള നിരവധി സവിശേഷതകളും ഉൾപ്പെടും. ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, ബംഗ്ലാ തുടങ്ങിയ ജനപ്രിയ ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്ന എല്ല AI അസിസ്റ്റന്റ് ഇതിലുണ്ടാകും. എളുപ്പത്തിൽ ടൈപ്പു ചെയ്യുന്നതിനായുള്ള AI റൈറ്റിംഗ് അസിസ്റ്റന്റ്, സ്‌ക്രീനിലെ ടെക്‌സ്റ്റിലോ ചിത്രങ്ങളിലോ വട്ടം വരച്ച് വിവരങ്ങൾ വേഗത്തിൽ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഗൂഗിളിന്റെ സർക്കിൾ ടു സെർച്ച് ടൂൾ എന്നിവയും ഈ ഫോണിൽ ഉൾപ്പെടും.
വിലയുടെ റഫറൻസ് നോക്കുകയാണെങ്കിൽ മുൻഗാമിയായ ടെക്നോ സ്പാർക്ക് ഗോ 2 ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള പതിപ്പിന് 6,999 രൂപയാണ് വില വരുന്നത്. ഇതിൽ 5,000mAh ബാറ്ററി, യൂണിസോക്ക് T7250 പ്രൊസസർ, 13 മെഗാപിക്സൽ പ്രധാന പിൻ ക്യാമറ, 8 മെഗാപിക്സൽ മുൻ ക്യാമറ എന്നിവയുണ്ട്. പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഇതിന് IP64 റേറ്റിങ്ങാണുള്ളത്. കൂടാതെ ടെക്നോയുടെ ഫ്രീ ലിങ്ക് ആപ്പ്, 4G കാരിയർ അഗ്രഗേഷൻ 2.0, ലിങ്ക്ബൂമിംഗ് V1.0 ടെക്നോളജി എന്നിവയെ ഇതു പിന്തുണയ്ക്കുന്നു.
പരസ്യം
പരസ്യം