സങ്ങ് ഗാലക്സി A17 5G യൂറോപ്പിൽ ലോഞ്ച് ചെയ്തു
Photo Credit: Samsung
സാംസങ് ഗാലക്‌സി എ17 5ജിയിൽ സെൽഫി ക്യാമറയ്ക്കായി വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഉണ്ട്
വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയ എ സീരീസിൻ്റെ ഭാഗമായി മറ്റൊരു ഫോൺ കൂടി സാംസങ്ങ് ബുധനാഴ്ച തിരഞ്ഞെടുത്ത വിപണികളിൽ പുറത്തിറക്കി. സാംസങ്ങ് ഗാലക്സി A16 5G-യുടെ അപ്‌ഗ്രേഡ് ചെയ്ത പതിപ്പായ സാംസങ്ങ് ഗാലക്സി A17 ആണ് യൂറോപ്യൻ വിപണികളിൽ ലോഞ്ച് ചെയ്തത്. നിരവധി മികച്ച സവിശേഷതകളുമായാണ് ഈ ഫോൺ വിപണിയിലേക്കെത്തുന്നത്. 5nm എക്സിനോസ് 1330 പ്രോസസറാണ് ഈ ഫോണിനു കരുത്തു നൽകുന്നത്. ആൻഡ്രോയിഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള സാംസങ്ങിന്റെ വൺ UI 7-ൽ ഈ ഫോൺ പ്രവർത്തിക്കും. 90Hz റിഫ്രഷ് റേറ്റ് പിന്തുണയുള്ള 6.7 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായി എത്തുന്ന ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുണ്ട്. ഇതിലെ പ്രധാന ക്യാമറ 50 മെഗാപിക്സൽ സെൻസറാണ്. യൂറോപ്പിൽ ലോഞ്ച് ചെയ്ത ഫോൺ ഉടനെ തന്നെ ഇന്ത്യൻ വിപണിയിലേക്കും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ കഴിവുള്ള ഒരു ഫോണായിരിക്കും സാംസങ്ങ് ഗാലക്സി A17 5G.
സാംസങ്ങ് ഗാലക്‌സി A17 5G ഫോണിനു യൂറോപ്യൻ വിപണികളിൽ വില നിശ്ചയിച്ചിരിക്കുന്നത് 239 യൂറോ ആണ്. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 24,000 രൂപയാണ്. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള പതിപ്പിനാണ് ഈ വില വരുന്നത്. 6 ജിബി, 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മറ്റൊരു വേരിയൻ്റുകൾ കൂടി സാംസങ്ങ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ആ മോഡലുകളുടെ വില ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സാംസങ്ങ് സ്റ്റോർ വഴി യൂറോപ്പിൽ പ്രീ-ഓർഡറിന് ഫോൺ ഇപ്പോൾ ലഭ്യമാണ്. ബ്ലാക്ക്, ബ്ലൂ, ഗ്രേ എന്നീ മൂന്ന് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും. ഗാലക്‌സി A17 5G അതിന്റെ മുൻഗാമിയായ മോഡലിനേക്കാൾ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. കൂടുതൽ മികച്ച മിഡ്-റേഞ്ച് സ്മാർട്ട്ഫോണുകൾ ലഭ്യമാക്കി വിപണിയിൽ മുന്നേറ്റമുണ്ടാക്കാനുള്ള ശ്രമം കൂടിയാണ് സാംസങ്ങ് നടത്തുന്നത്.
ഏറ്റവും പുതിയ ആൻഡ്രോയിഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള സാംസങ്ങിൻ്റെ വൺ Ul 7-ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം സ്മാർട്ട്‌ഫോണാണ് (നാനോ + നാനോ) സാംസങ് ഗാലക്‌സി A17 5G. 1,080 x 2,340 പിക്‌സൽ റെസല്യൂഷനുള്ള 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ഇൻഫിനിറ്റി-യു നോച്ച് ഡിസൈനിലുള്ള സ്ക്രീൻ 90Hz റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നു. പൊടി, വെള്ളത്തുള്ളികൾ എന്നിവയിൽ നിന്നും സംരക്ഷണം വാഗ്ദാനം ചെയ്യുന്ന IP54 റേറ്റിംഗും ഫോണിനുണ്ട്.
ഗ്രാഫിക്‌സ് കൈകാര്യം ചെയ്യുന്നതിനായി മാലി-G68 MP2 ജിപിയുവുമായി ജോടിയാക്കിയിരിക്കുന്ന 5nm എക്‌സിനോസ് 1330 ഒക്ടാ-കോർ പ്രോസസറാണ് ഗാലക്‌സി A17 5G-യിൽ പ്രവർത്തിക്കുന്നത്. 8 ജിബി വരെ റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ഈ ഫോൺ നൽകുന്നു. ഫോണിൻ്റെ സുരക്ഷയ്ക്കായി, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ക്യാമറകളുടെ കാര്യത്തിൽ, ഫോണിന് ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. പ്രധാന ക്യാമറയിൽ f/1.8 അപ്പേർച്ചറും ഓട്ടോഫോക്കസും ഉള്ള 50 മെഗാപിക്സൽ സെൻസറാണുള്ളത്. അതിനൊപ്പം f/2.2 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഉണ്ട്, ഇത് ക്ലോസ്-അപ്പ് ഷോട്ടുകൾ പകർത്താൻ സഹായിക്കും. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കും അനുയോജ്യമായ f/2.0 അപ്പേർച്ചറുള്ള 13 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്.
ഗാലക്സി A17 5G സ്മാർട്ട്ഫോൺ 5G കണക്റ്റിവിറ്റിയും ഡ്യുവൽ 4G VoLTE-ഉം പിന്തുണയ്ക്കുന്നു. മറ്റ് കണക്റ്റിവിറ്റി ഫീച്ചറുകളിൽ Wi-Fi 5, ബ്ലൂടൂത്ത് 5.3, ചാർജിംഗിനും ഡാറ്റാ ട്രാൻസ്ഫറിനും വേണ്ടിയുള്ള USB ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. 5,000mAh ബാറ്ററി പായ്ക്ക് ചെയ്യുന്ന ഈ ഫോൺ 25W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഫോണിന്റെ വലിപ്പം 164.4 x 77.9 x 7.5 മില്ലിമീറ്ററും, ഭാരം 192 ഗ്രാമും ആണ്.
പരസ്യം
പരസ്യം