'ദി ബ്രില്യന്റ് കളക്ഷൻ' എന്ന സ്‌പെഷ്യൽ എഡിഷൻ ബണ്ടിൽ പുറത്തിറക്കി മോട്ടറോള
Photo Credit: Motorola
മോട്ടറോള ബഡ്‌സ് ലൂപ്പ് മുമ്പ് സ്വരോവ്‌സ്കി ക്രിസ്റ്റലുകളുള്ള ഒരു ഫ്രഞ്ച് ഓക്ക് ഫിനിഷിൽ എത്തി
സ്റ്റെലിഷ് ഫോണുകളാവുമ്പോൾ അതു സ്റ്റൈലിഷ് ഡിസൈനിൽ തന്നെ ലഭ്യമാവണം. ഉപയോക്താക്കളുടെ ഈ ആവശ്യം മനസിലാക്കി തങ്ങളുടെ ഫ്ലിപ്പ്-സ്റ്റൈൽ ഫോൾഡബിൾ ഫോണായ റേസർ 60-ന്റെ പുതിയ ഡിസൈനിലുള്ള സ്പെഷ്യൽ എഡിഷൻ മോട്ടറോള പുറത്തിറക്കി. ഇതിനൊപ്പം ജോഡിയാക്കി മോട്ടോ ബഡ്സ് ലൂപ്പ് ഓപ്പൺ-ഇയർ ഇയർബഡുകളും ഇതേ ഡിസൈനിൽ പുറത്തു വരുന്നുണ്ട്. ജ്വല്ലറി ബ്രാൻഡായ സ്വരോവ്‌സ്‌കിയുമായി സഹകരിച്ച് സൃഷ്ടിച്ച ബ്രില്യന്റ് കളക്ഷൻ്റെ ഭാഗമാണിത്. ഈ സ്പെഷ്യൽ എഡിഷൻ്റെ ഭാഗമായി ഫോണും ഇയർബഡുകളും പാന്റോൺ ഐസ് മെൽറ്റ് നിറത്തിൽ പുറത്തിറങ്ങും. തിളങ്ങുന്ന സ്വരോവ്‌സ്‌കി ക്രിസ്റ്റലുകൾ കൊണ്ട് അലങ്കരിച്ചതിനാൽ ഇവയ്ക്ക് പ്രീമിയം ലുക്ക് ലഭിക്കുന്നു. ഈ സ്പെഷ്യൽ എഡിഷൻ പാക്കേജിന്റെ ഭാഗമായി, തങ്ങളുടെ ഫോൾഡബിൾ ഫോൺ സുരക്ഷിതമായി കൊണ്ടുനടക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു ക്രോസ്ബോഡി ബാഗും മോട്ടറോള വാഗ്ദാനം ചെയ്യുന്നുണ്ട്. മോട്ടറോള റേസർ 60 ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി ഫാഷനും സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്ന മോട്ടറോളയുടെ നീക്കം വളരെയധികം ശ്രദ്ധിക്കപ്പെടുമെന്നുറപ്പാണ്.
സ്വരോവ്സ്കി എന്ന ജ്വല്ലറി ബ്രാൻഡുമായി സഹകരിച്ചാണ് മോട്ടറോള 'ദി ബ്രില്യന്റ് കളക്ഷൻ' എന്ന സ്‌പെഷ്യൽ എഡിഷൻ ബണ്ടിൽ പുറത്തിറക്കിയത്. ഈ ലിമിറ്റഡ് എഡിഷൻ സെറ്റിൽ മോട്ടറോള റേസർ 60 ഫ്ലിപ്പ് ഫോണും മോട്ടോ ബഡ്സ് ലൂപ്പ് ഇയർബഡുകളും ഉൾപ്പെടുന്നു. രണ്ടും പാന്റോൺ ഐസ് മെൽറ്റ് നിറത്തിലാണ് വരുന്നത്, ഇവ സ്വരോവ്‌സ്‌കി ക്രിസ്റ്റലുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇത് ഈ പ്രൊഡക്റ്റുകൾക്ക് പ്രീമിയം ലുക്ക് നൽകും.
യുഎസിൽ, ബ്രില്യന്റ് കളക്ഷന്റെ വില 999 ഡോളർ(ഏകദേശം 87,000 രൂപ) ആണ്. ഇതിൽ സ്‌പെഷ്യൽ എഡിഷൻ റേസർ 60, ക്രിസ്റ്റൽ സ്റ്റഡ്ഡഡ് മോട്ടോ ബഡ്സ് ലൂപ്പ് ഇയർബഡുകൾ എന്നിവ ഉൾപ്പെടുന്നു. ഓഗസ്റ്റ് 7 മുതൽ motorola.com-ൽ ഈ ബണ്ടിൽ പരിമിതമായ എണ്ണം ലഭ്യമാകും.
ഒന്നിലധികം രാജ്യങ്ങളിൽ ഈ കളക്ഷൻ ലോഞ്ച് ചെയ്യുമെന്ന് മോട്ടറോള സ്ഥിരീകരിച്ചു, എന്നാൽ ഇന്ത്യ, യുഎസിന് പുറത്തുള്ള മറ്റ് രാജ്യങ്ങൾ എന്നിവയിലെ വിലയോ ലഭ്യത സംബന്ധിച്ച വിശദാംശങ്ങളോ കമ്പനി ഇതുവരെ പങ്കുവെച്ചിട്ടില്ല.
സാധാരണ മോട്ടറോള റേസർ 60 ഫോണിൻ്റെ ഇന്ത്യയിലെ വില 49,999 രൂപയാണ്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിനാണ് ഈ വില. പാന്റോൺ ഫ്രഞ്ച് ഓക്ക് നിറത്തിലുള്ള മോട്ടോ ബഡ്‌സ് ലൂപ്പിന് $299 (ഏകദേശം 26,000 രൂപ) ആണ് വില വരുന്നത്.
ഈ ബ്രില്യന്റ് കളക്ഷനിൽ വരുന്ന മോട്ടറോള റേസർ 60, ഈ വർഷം ആദ്യം പുറത്തിറങ്ങിയ അതേ ഫോൾഡബിൾ ഫോൺ തന്നെയാണ്. പ്രീമിയം ഫീലിനായി 3D ക്വിൽറ്റഡ് പാറ്റേൺഡ് ലെതർ ഫിനിഷാണ് ഇതിനു നൽകിയിരിക്കുന്നത്. ഈ സ്പെഷ്യൽ വേരിയൻ്റ് 35 സ്വരോവ്സ്കി ക്രിസ്റ്റലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവയെല്ലാം കൈകൊണ്ടാണു സ്ഥാപിച്ചിരിക്കുന്നത്. അതിലൊന്ന് ഹിഞ്ചിൽ സ്ഥാപിച്ചിരിക്കുന്ന 26-ഫേസറ്റ് ക്രിസ്റ്റലാണ്. വോളിയം ബട്ടണുകൾക്കും ക്രിസ്റ്റൽ-പ്രചോദിതമായ ലുക്ക് നൽകിയിട്ടുണ്ട്. ഫോണിനൊപ്പം സുരക്ഷിതമായി കൊണ്ടുപോകാൻ രൂപകൽപ്പന ചെയ്ത ഒരു സ്റ്റൈലിഷ് ക്രോസ്ബോഡി ബാഗും മോട്ടറോള ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
മോട്ടോ ബഡ്സ് ലൂപ്പ് വയർലെസ് ഇയർബഡുകളും ഈ കളക്ഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ ഓപ്പൺ-ഇയർ, ബോസ്-ട്യൂൺഡ് ഇയർബഡുകളാണ്. ആഭരണങ്ങൾ പോലെ തോന്നിപ്പിക്കാൻ ഉദ്ദേശിച്ചു തന്നെയാണ് ഇവ ഡിസൈൻ ചെയ്തിരിക്കുന്നത്. അവയിലും സ്വരോവ്സ്കി ക്രിസ്റ്റലുകൾ ഉൾപ്പെടുന്നു. കഴിഞ്ഞ ഏപ്രിലിൽ മോട്ടറോള ഈ ഇയർബഡുകൾ ഫ്രഞ്ച് ഓക്ക് നിറത്തിൽ പുറത്തിറക്കിയിരുന്നു, എംബഡഡ് ക്രിസ്റ്റലുകളും ഇതിൽ ഉൾപ്പെട്ടിരുന്നു.
ഈ പ്രത്യേക റേസർ 60 പതിപ്പിന് സാധാരണ മോഡലിന്റെ അതേ സ്പെസിഫിക്കേഷനുകൾ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ 6.9 ഇഞ്ച് മെയിൻ സ്‌ക്രീനും 3.6 ഇഞ്ച് ഔട്ടർ കവർ സ്‌ക്രീനും ഉൾപ്പെടാൻ സാധ്യതയുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7400X ചിപ്പാണ് ഫോണിന് കരുത്ത് പകരുന്നത്. പിന്നിൽ 50 മെഗാപിക്സൽ പ്രധാന ക്യാമറയും 13 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും ഉൾപ്പെടുന്നു. ഫ്രണ്ട് ക്യാമറ 32 മെഗാപിക്സലാണ്. മികച്ച ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന 4,500mAh ബാറ്ററിയും ഇതിലുണ്ട്.
പരസ്യം
പരസ്യം