ഓപ്പോ K13 ടർബോ പ്രോ, ഓപ്പോ K13 ടർബോ എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
Photo Credit: Oppo
Oppo K13 Turbo സീരീസ് IPX6, IPX8, IPX9 വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗുകൾ പാലിക്കുമെന്ന് അവകാശപ്പെടുന്നു
ദീർഘനേരം ഉപയോഗിക്കുമ്പോൾ ചൂടാകുന്ന ഫോണുകൾ എല്ലാവരുടെയും പേടിസ്വപ്നമാണ്. ഇതിനു പ്രതിവിധിയുമായി ഓപ്പോ രണ്ട് പുതിയ സ്മാർട്ട്‌ഫോണുകൾ തിങ്കളാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്തു ഓപ്പോ K13 ടർബോ, ഓപ്പോ K13 ടർബോ പ്രോ എന്നിവയാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. രണ്ട് ഫോണുകൾക്കും 7,000mAh ബാറ്ററിയാണുള്ളത്, ഇത് 80W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. കനത്ത ഉപയോഗത്തിനിടെ ഫോണുകൾ ചൂടാകുന്നത് തടയാൻ 7,000 ചതുരശ്ര മില്ലീമീറ്റർ VC (വേപ്പർ ചേമ്പർ) കൂളിംഗ് സിസ്റ്റവും ഇവയിലുണ്ട്. കൂടാതെ, ഓരോ ഹാൻഡ്‌സെറ്റിലും ബിൽറ്റ്-ഇൻ ഫാൻ യൂണിറ്റുകളും ആക്റ്റീവ് കൂളിംഗിനായി എയർ ഡക്റ്റുകളും നൽകിയിരിക്കുന്നു. രണ്ടു ഫോണുകളിലും 50 മെഗാപിക്സൽ പ്രധാന സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണുള്ളത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. IPX6, IPX8, IPX9 റേറ്റിംഗുകളുള്ള ഈ ഫോണുകൾ വെള്ളത്തിൽ മുങ്ങിയാൽ പോലും പ്രവർത്തിക്കുന്നവയാണ്. ഇന്ത്യൻ വിപണിയിൽ എത്തുന്നതിനുമുമ്പ് ജൂലൈയിൽ ചൈനയിൽ ഈ മോഡലുകൾ ആദ്യമായി അവതരിപ്പിച്ചിരുന്നു.
ഓപ്പോ K13 ടർബോയുടെ 8 ജിബി + 128 ജിബി മോഡലിൻ്റെ ഇന്ത്യയിലെ വില 27,999 രൂപയിൽ ആരംഭിക്കുന്നു. അതേസമയം, 8 ജിബി + 256 ജിബി മോഡലിന് 29,999 രൂപയാണു വില. ഫസ്റ്റ് പർപ്പിൾ, നൈറ്റ് വൈറ്റ്, മിഡ്‌നൈറ്റ് മാവെറിക് എന്നീ നിറങ്ങളിൽ ഇത് ലഭ്യമാകും, ഓഗസ്റ്റ് 18 മുതലാണ് ഇതിൻ്റെ വിൽപ്പന ആരംഭിക്കുക.
ഓപ്പോ K13 ടർബോ പ്രോയുടെ 8 ജിബി + 256 ജിബി മോഡലിന് 37,999 രൂപയും 12 ജിബി + 256 ജിബി മോഡലിന് 39,999 രൂപയുമാണ് വില. മിഡ്‌നൈറ്റ് മാവെറിക്, പർപ്പിൾ ഫാന്റം, സിൽവർ നൈറ്റ് എന്നീ നിറങ്ങളിൽ ഇത് ലഭ്യമാകും, ഓഗസ്റ്റ് 15 മുതൽ ഇതിൻ്റെ വിൽപ്പന ആരംഭിക്കും.
ഓപ്പോ K13 ടർബോ സീരീസ് ഫോണുകൾ ഇന്ത്യയിൽ ഫ്ലിപ്പ്കാർട്ട്, ഓപ്പോ ഇന്ത്യയുടെ ഓൺലൈൻ സ്റ്റോർ, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി വിൽക്കും. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ചു വാങ്ങുന്നവർക്ക് 3,000 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടും ഒമ്പത് മാസം വരെ നോ-കോസ്റ്റ് ഇഎംഐ പ്ലാനുകളും തിരഞ്ഞെടുക്കാം.
എക്സ്റ്റേണൽ കൂളിംഗിനായി ടർബോ ബാക്ക് ക്ലിപ്പും ഓപ്പോ പുറത്തിറക്കിയിട്ടുണ്ട്. ഇതിനു വില 3,999 രൂപയാണ്.
ഓപ്പോ K13 ടർബോ സീരീസിലെ രണ്ട് ഫോണുകളും 1600nits പീക്ക് ബ്രൈറ്റ്നസ് ലെവലും 1.5K റെസല്യൂഷനുമുള്ള (1,280×2,800 പിക്സലുകൾ) വലിയ 6.80 ഇഞ്ച് AMOLED ഡിസ്പ്ലേയുമായാണ് വരുന്നത്. 120Hz വരെ റീഫ്രഷ് റേറ്റിനെയും 240Hz ടച്ച് സാമ്പിൾ റേറ്റിനെയും സ്ക്രീൻ പിന്തുണയ്ക്കുന്നു.
സ്റ്റാൻഡേർഡ് ഓപ്പോ K13 ടർബോയ്ക്ക് മീഡിയടെക് ഡൈമെൻസിറ്റി 8450 ചിപ്‌സെറ്റാണ് കരുത്തു നൽകുന്നത്, അതേസമയം പ്രോ പതിപ്പിൽ സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്‌സെറ്റ് ഉപയോഗിക്കുന്നു. രണ്ട് മോഡലുകൾക്കും 12GB വരെ റാമും 256GB വരെ ഇന്റേണൽ സ്റ്റോറേജുമുണ്ട്. ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയ ഓപ്പോയുടെ കളർഒഎസ് 15.0.2-ലാണ് ഇവ പ്രവർത്തിക്കുന്നത്. രണ്ട് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇവക്കു ലഭിക്കുമെന്ന് ഓപ്പോ പറയുന്നു.
രണ്ട് മോഡലുകളിലും 50 മെഗാപിക്സൽ മെയിൻ റിയർ ക്യാമറയും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉണ്ട്. മുൻവശത്ത്, 16 മെഗാപിക്സൽ സെൽഫി ക്യാമറയാണുള്ളത്. കനത്ത ഉപയോഗത്തിനിടയിൽ ചൂട് നിയന്ത്രിക്കുന്നതിന്, ഫോണുകളിൽ ഒരു ബിൽറ്റ്-ഇൻ കൂളിംഗ് ഫാൻ, എയർ ഡക്റ്റുകൾ, 7,000 ചതുരശ്ര മില്ലീമീറ്റർ വേപ്പർ കൂളിംഗ് ചേമ്പർ എന്നിവ ഉൾപ്പെടുന്നു.
80W വയർഡ് ഫാസ്റ്റ് ചാർജിംഗും ബൈപാസ് ചാർജിംഗും പിന്തുണയ്ക്കുന്ന 7,000mAh ബാറ്ററിയാണ് ഈ ഫോണുകളിലുള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, 4G, Wi-Fi 7, ബ്ലൂടൂത്ത് 5.4, GPS, NFC, ഒരു USB ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു.
രണ്ട് ഹാൻഡ്‌സെറ്റുകൾക്കും IPX6, IPX8, IPX9 വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗുകൾ ഉണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറുകളുമുള്ള ഈ ഫോണുകളുടെ വലിപ്പം 162.78×77.22×8.31 മില്ലിമീറ്റർ ആണ്. സ്റ്റാൻഡേർഡ് മോഡലിന് 207 ഗ്രാമും പ്രോ മോഡലിന് 208 ഗ്രാമുമാണ് ഭാരം.
പരസ്യം
പരസ്യം