ലാവ ബ്ലേസ് അമോലെഡ് 2 5G ഇന്ത്യൻ വിപണിയിലെത്തി
Photo Credit: Lava
ലാവ ബ്ലേസ് അമോലെഡ് 2 5G സ്റ്റീരിയോ സ്പീക്കറുകളുമായി സജ്ജീകരിച്ചിരിക്കുന്നു
ബജറ്റ് നിരക്കിൽ മികച്ച സ്മാർട്ട്ഫോണുകൾ പുറത്തിറക്കി ശ്രദ്ധ പിടിച്ചു പറ്റിയ ഇന്ത്യൻ സ്മാർട്ട്‌ഫോൺ കമ്പനിയാണ് ലാവ ഇന്റർനാഷണൽ. കഴിഞ്ഞ ദിവസം തങ്ങളുടെ ബ്ലേസ് സീരീസിൻ്റെ ഭാഗമായുള്ള പുതിയ ബജറ്റ് ഫോണായ ലാവ ബ്ലേസ് അമോലെഡ് 2 5G ഇന്ത്യയിൽ കമ്പനി ലോഞ്ച് ചെയ്തു. അടുത്തിടെ ലോഞ്ച് ചെയ്ത ബ്ലേസ് ഡ്രാഗണു ശേഷം അവതരിപ്പിച്ചിരിക്കുന്ന പുതിയ മോഡൽ രണ്ട് നിറങ്ങളിൽ ലഭ്യമാകും. മീഡിയടെക് ഡൈമെൻസിറ്റി 7060 പ്രോസസറാണ് ലാവ ബ്ലേസ് അമോലെഡ് 2 5G ഫോണിനു കരുത്തു നൽകുന്നത്. സെഗ്മെൻ്റിലെ ഏറ്റവും കനം കുറഞ്ഞ ഫോണാണിതെന്നു കമ്പനി അവകാശപ്പെടുന്ന ഈ ഹാൻഡ്സെറ്റിനു വെറും 7.55 മില്ലിമീറ്റർ കനം മാത്രമാണുള്ളത്. 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുള്ള ഈ ഫോണിൽ 6 ജിബി റാം ആണു വരുന്നത്. 50 മെഗാപിക്സൽ മെയിൻ റിയർ ക്യാമറയുമായി വരുന്ന ഫോണിൻ്റെ ബാറ്ററി ശേഷി 5,000mAh ആണ്. ഇതു 33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
ലാവ ബ്ലേസ് അമോലെഡ് 2 5G ഫോണിൻ്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡൽ 13,499 രൂപയ്ക്കാണ് ഇന്ത്യയിൽ വിൽക്കുന്നത്. ഫെതർ വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ഈ സ്മാർട്ട്‌ഫോൺ ലഭ്യമാകും. ആമസോൺ വഴി ഓൺലൈനായി മാത്രമാണ് ഈ ഫോൺ വാങ്ങാൻ കഴിയുക. ഓഗസ്റ്റ് 16 മുതൽ ഇതിൻ്റെ വിൽപ്പന ആരംഭിക്കും.
മറ്റൊരു പ്രധാനപ്പെട്ട കാര്യം ലാവ ബ്ലേസ് അമോലെഡ് 2 5G ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് വിൽപ്പനാനന്തര സേവനങ്ങൾ അവരുടെ വാതിൽപ്പടിയിൽ തന്നെ ലഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനർത്ഥം ഫോണിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ, ഉപഭോക്താവ് ഒരു സർവീസ് സെന്റർ സന്ദർശിക്കണമെന്നു നിർബന്ധമില്ല. അതിനു ഒരു സർവീസ് പ്രതിനിധി ഉപഭോക്താവിന്റെ വീട് അല്ലെങ്കിൽ താമസസ്ഥലത്തേക്കു വന്ന് ആവശ്യമുള്ള സർവീസ് നൽകുമെന്നാണ്.
ആൻഡ്രോയിഡ് 15 പ്രീ-ഇൻസ്റ്റാൾ ചെയ്ത ഒരു പുതിയ സ്മാർട്ട്‌ഫോണാണ് ലാവ ബ്ലേസ് അമോലെഡ് 2 5G. ആൻഡ്രോയിഡ് 16-ലേക്കുള്ള ഒരു പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റും രണ്ട് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിനു ലഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. സ്ക്രോൾ ചെയ്യുമ്പോഴും ഗെയിമിംഗ് നടത്തുമ്പോഴും വീഡിയോകൾ കാണുമ്പോഴുമെല്ലാം സുഗമമായ ദൃശ്യങ്ങൾ ലഭിക്കുന്നതിനായി 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഫുൾ HD+ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ഫ്രണ്ട് ക്യാമറയ്‌ക്കായി സ്‌ക്രീനിൽ ഒരു ഹോൾ-പഞ്ച് കട്ട്ഔട്ട് ഉണ്ട്.
6GB LPDDR5 റാമും 128GB UFS 3.1 സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 7060 പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, സോണി IMX752 സെൻസറും LED ഫ്ലാഷും ഉള്ള 50 മെഗാപിക്സൽ മെയിൻ ക്യാമറ ഫോണിലുണ്ട്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ക്യാമറയാണുള്ളത്.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഈ ഫോണിലുള്ളതിനാൽ വേഗത്തിലും സുരക്ഷിതമായും അൺലോക്ക് ചെയ്യാൻ കഴിയും. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഇതിന് IP64 റേറ്റിംഗാണുള്ളത്. മികച്ച ഓഡിയോ ക്വാളിറ്റി ലഭിക്കുന്നതിനായി ലാവ ബ്ലേസ് അമോലെഡ് 2 5G-യിൽ സ്റ്റീരിയോ സ്പീക്കറുകൾ ആണു നൽകിയിരിക്കുന്നത്. ഗെയിമിംഗ് അല്ലെങ്കിൽ കനത്ത ഉപയോഗത്തിനിടയിൽ ഫോൺ ഹീറ്റ് ആകുന്നതു നിയന്ത്രിക്കാൻ ഒരു പ്രത്യേക കൂളിംഗ് ചേമ്പറും ഇതിലുണ്ടാകും.
33W ഫാസ്റ്റ് ചാർജിംഗുള്ള 5,000mAh ബാറ്ററിയാണ് ഈ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വലിയ ബാറ്ററി ഉണ്ടെങ്കിലും സെഗ്മൻ്റിലെ ഏറ്റവും കനം കുറഞ്ഞ ഫോൺ ഇതാണെന്ന് ലാവ അവകാശപ്പെടുന്നു. വെറു 7.55mm കനമുള്ള ഈ ഫോണിൻ്റെ ഭാരം 174 ഗ്രാമാണ്. ബജറ്റ് വിലയിലുള്ള മികച്ച ഫോണുകൾ നോക്കുന്നവർക്ക് അനുയോജ്യമായ ഒരു ഓപ്ഷനായിരിക്കും ലാവ ബ്ലേസ് അമോലെഡ് 2 5G.
പരസ്യം
പരസ്യം