Photo Credit: YouTube
യുട്യൂബ് പരസ്യങ്ങൾ വരുമ്പോഴുള്ള ‘സ്കിപ് ബട്ടൺ‘ കാണാൻ കഴിയുന്നില്ലെന്ന് കുറച്ചു ദിവസങ്ങളായി ചില ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നു. സാധാരണയായി, പരസ്യം ആരംഭിച്ച് കുറച്ച് നിമിഷങ്ങൾക്ക് ശേഷം പരസ്യങ്ങൾ ഒഴിവാക്കാൻ ഈ ബട്ടൺ ആളുകളെ അനുവദിക്കും. എന്നാൽ, ചില ഉപയോക്താക്കൾ ഇത് കാണിക്കുന്നേയില്ലെന്ന് പരാതിപ്പെടുന്നുണ്ട്. മറ്റുള്ളവർ ഇത് കൗണ്ട്ഡൗൺ പൂർത്തിയായതിന് ശേഷം മാത്രമേ ദൃശ്യമാകൂ എന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്കിപ് ബട്ടൺ മനപ്പൂർവം തങ്ങൾ മറച്ചു വെക്കുകയാണെന്ന ആരോപണം യുട്യൂബ് നിഷേധിച്ചു. കാഴ്ചക്കാർക്ക് മികച്ച അനുഭവം നൽകുന്നതിനായി പരസ്യങ്ങൾക്കിടയിൽ സ്‌ക്രീനിൽ വരുന്ന കാര്യങ്ങളുടെ എണ്ണം കുറയ്ക്കുന്ന ഒരു പുതിയ ഡിസൈൻ തങ്ങൾ പരീക്ഷിക്കുകയാണെന്ന് കമ്പനി പറയുന്നു. ഈ മാറ്റങ്ങൾക്ക് പുറമേ, ഷോർട്ട്സിനായുള്ള ഒരു അപ്‌ഡേറ്റും യുട്യൂബ് പ്രഖ്യാപിച്ചു. മുമ്പ്, ഷോർട്ട്‌സിന് ഒരു മിനിറ്റ് വരെ മാത്രമേ ദൈർഘ്യമുണ്ടായിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ മൂന്ന് മിനിറ്റ് വരെ ദൈർഘ്യമുള്ള ഷോർട്ട്‌സ് നിർമ്മിക്കാൻ കഴിയും.
യുട്യൂബിൻ്റെ പരസ്യ ഇൻ്റർഫേസ് കഴിഞ്ഞ വർഷങ്ങൾക്കിടയിൽ മാറിയിട്ടുണ്ട്. ഇപ്പോൾ അത് പ്രവർത്തിക്കുന്ന രീതി വളരെ സാധാരണമാണ്. രണ്ട് തരത്തിലുള്ള പരസ്യങ്ങളുണ്ട്: ഒഴിവാക്കാവുന്ന പരസ്യങ്ങളും ഒഴിവാക്കാനാവാത്ത പരസ്യങ്ങളും. ഒഴിവാക്കാനാകാത്ത പരസ്യങ്ങളുടെ കാര്യത്തിൽ, എത്ര സമയം പിന്നിട്ടുവെന്നും ഇനി എത്ര സമയം പരസ്യം അവശേഷിക്കുന്നുണ്ട് എന്നും സ്‌ക്രീനിൻ്റെ താഴെയുള്ള ഒരു ബാറിൽ നിങ്ങൾക്കു കാണാനാകും.
ഒഴിവാക്കാൻ കഴിയുന്ന പരസ്യങ്ങളെ എടുത്താൽ സ്ക്രീനിൽ കുറച്ച് കാര്യങ്ങൾ കൂടി കാണിക്കും. ഈ പരസ്യങ്ങൾക്ക് ഒരു കൗണ്ട്‌ഡൗൺ ടൈമർ ഉണ്ടാകും, സാധാരണയായി 15 മുതൽ 30 സെക്കൻഡ് വരെയാണ് ഇതുണ്ടാവുക. ഇതിലൂടെ പരസ്യം ഒഴിവാക്കുന്നതിന് മുമ്പ് നിങ്ങൾ എത്ര സമയം നിർബന്ധമായും കാണേണ്ടി വരും എന്ന് കാണിക്കുന്നു. ടൈമർ പൂജ്യത്തിൽ എത്തിക്കഴിഞ്ഞാൽ, ഒരു "സ്കിപ്" ബട്ടൺ ദൃശ്യമാകും, അതിൽ ടാപ് ചെയ്താൽ നിങ്ങൾക്കു പരസ്യം ഒഴിവാക്കി വീഡിയോയിൽ എത്താം. ഒഴിവാക്കാവുന്ന ചില പരസ്യങ്ങൾക്ക് കൗണ്ട്ഡൗൺ ടൈമർ ഉണ്ടാകില്ല, അവ നിങ്ങൾക്ക് ഉടനടി ഒഴിവാക്കാനാകും.
എന്നാൽ, കഴിഞ്ഞ ദിവസം ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പങ്കിട്ട സ്‌ക്രീൻഷോട്ടിൽ കാണിക്കുന്നതു പ്രകാരം, സ്‌കിപ്പ് ബട്ടണും ടൈമറും സ്‌ക്രീനിലെ ഒരു കറുത്ത ചതുരത്താൽ മറച്ചിട്ടുണ്ട്. ബട്ടൺ അവിടെ ഉണ്ടെങ്കിലും ഉപയോക്താക്കൾക്ക് അത് കാണാനോ ഉപയോഗിക്കാനോ കഴിയില്ല. അതേസമയം ആൻഡ്രോയിഡ് പോലീസിൽ നിന്നുള്ള ഒരു ലേഖനത്തിൽ കൗണ്ട്ഡൗൺ ടൈമർ കാണിക്കുന്നില്ലെന്നും എന്നാൽ കുറച്ച് നിമിഷങ്ങൾക്ക് ശേഷം സ്കിപ് ബട്ടൺ വരുന്നുണ്ടെന്നും പരാമർശിച്ചിരുന്നു.
ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളായി കണക്കാക്കാൻ കഴിയില്ല. X-ലെ (പഴയ ട്വിറ്റർ) നിരവധി ഉപയോക്താക്കൾ യുട്യൂബ് പരസ്യങ്ങളിൽ സ്കിപ് ബട്ടൺ കാണുന്നില്ലെന്ന് പരാമർശിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യം ഇതുവരെ ഗാഡ്‌ജെറ്റ്‌സ് 360ലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല, പുതിയ മാറ്റം ചില മേഖലകളിൽ മാത്രം യുട്യൂബ് പരീക്ഷിക്കുന്നതിനാലാകാമിത്.
ഒലുവ ഫലോ ദുൻ എന്ന യുട്യൂബ് വക്താവ്, ദി വെർജിനോട് പറഞ്ഞത് " സ്കിപ് ബട്ടൺ യുട്യൂബ് നീക്കം ചെയ്യുന്നില്ല. ഒഴിവാക്കാവുന്ന പരസ്യങ്ങളിൽ, മുമ്പത്തെ പോലെ തന്നെ 5 സെക്കൻഡ് പ്ലേബാക്കിന് ശേഷം ബട്ടൺ കാണിക്കുന്നു" എന്നാണ്. എന്നിരുന്നാലും, ചില ഘടകങ്ങൾ കുറച്ചുകൊണ്ട് യൂട്യൂബ് പരസ്യങ്ങളുടെ സ്ക്രീനിൽ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. പരസ്യത്തിൽ തന്നെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാഴ്ചക്കാരെ സഹായിക്കാനാണിത്. ഈ മാറ്റങ്ങളുടെ ഭാഗമായി, പരസ്യം ഒഴിവാക്കുന്നതിനുള്ള കൗണ്ട്ഡൗൺ ഇപ്പോൾ സ്ക്രീനിൻ്റെ താഴെ പ്രോഗ്രസ് ബാറായി കാണിക്കും.
ഈ പുതിയ അപ്‌ഡേറ്റുകൾ സജ്ജീകരിക്കുമ്പോഴുള്ള ചെറിയ തകരാറുകൾ കാരണം ചില ഉപയോക്താക്കൾക്ക് സ്‌കിപ്പ് ബട്ടൺ നഷ്‌ടമാകാൻ സാധ്യതയുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് യുട്യൂബ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പരസ്യം
പരസ്യം