ലാവ ഷാർക്ക് 2-ൻ്റെ ഡിസ്പ്ലേ സവിശേഷതകൾ പുറത്തു വന്നു; ലോഞ്ചിങ്ങ് ഉടനെ
Photo Credit: Lava Mobiles
കമ്പനി പറയുന്നതനുസരിച്ച് ഹാൻഡ്‌സെറ്റ് 120Hz പുതുക്കൽ നിരക്കിനെ പിന്തുണയ്ക്കും
ലാവ ഷാർക്ക് 5G-യുടെ പിൻഗാമിയായ ലാവ ഷാർക്ക് 2 സ്മാർട്ട്ഫോൺ ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഔദ്യോഗിക റിലീസിന് വളരെക്കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഫോണിന്റെ സവിശേഷതകൾ ഓരോന്നായി പുറത്തു വരുന്നുണ്ട്. കഴിഞ്ഞ ദിവസം ഡിസ്പ്ലേ സംബന്ധിച്ചുള്ള ചില വിശദാംശങ്ങളാണു കമ്പനി പങ്കുവെച്ചത്. വരാനിരിക്കുന്ന ലാവ ഷാർക്ക് 2 സ്മാർട്ട്ഫോണിൽ 6 ഇഞ്ചിൽ കൂടുതൽ വലിപ്പമുള്ള സ്ക്രീൻ ഉണ്ടായിരിക്കും. HD+ റെസല്യൂഷനും ഉയർന്ന റിഫ്രഷ് റേറ്റും വാഗ്ദാനം ചെയ്യുന്നതായിരിക്കും ഈ ഡിസ്പ്ലേ. നേരത്തെ, കമ്പനി ലാവ ഷാർക്ക് 2-ന്റെ ഡിസൈനും വെളിപ്പെടുത്തിയിരുന്നു. തിളങ്ങുന്ന ബാക്ക് പാനലും, മുകളിൽ ഇടത് മൂലയിൽ ചതുരത്തിലുള്ള മൊഡ്യൂളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറ സെറ്റപ്പും ഫോണിൽ ഉണ്ടാകുമെന്നു വ്യക്തമായിട്ടുണ്ട്. എൽഇഡി ഫ്ലാഷും മൂന്നു സെൻസറുമാണ് ക്യാമറ ഐലൻഡിലുണ്ടാവുക. സാധാരണക്കാരുടെ ബ്രാൻഡായി അറിയപ്പെടുന്ന ലാവ മെച്ചപ്പെട്ട ഡിസൈൻ, മികച്ച ഡിസ്പ്ലേ ക്വാളിറ്റി, അപ്‌ഗ്രേഡ് ചെയ്ത ക്യാമറ സവിശേഷതകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന മികച്ച ഫോണുമായാണ് എത്തുന്നത്.
എക്സിലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റ് അനുസരിച്ച്, ലാവ ഷാർക്ക് 2-ൽ HD+ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും പിന്തുണയ്ക്കുന്ന 6.75 ഇഞ്ച് ഡിസ്‌പ്ലേയും ഉണ്ടായിരിക്കും. ടീസർ ചിത്രത്തിൽ മുൻവശത്തെ സെൽഫി ക്യാമറയ്‌ക്കായി സ്‌ക്രീനിൽ ഒരു ഹോൾ-പഞ്ച് കട്ടൗട്ടും കാണിക്കുന്നു.
ലാവ ഷാർക്ക് 2-ന്റെ ഡിസ്‌പ്ലേ സവിശേഷതകൾ 2025 മെയ് മാസത്തിൽ പുറത്തിറങ്ങിയ മുൻ മോഡലായ ലാവ ഷാർക്ക് 5G-യോട് വളരെ സാമ്യമുള്ളതാണ്. 20:9 ആസ്പെക്റ്റ് റേഷ്യോയുള്ള 6.75 ഇഞ്ച് HD+ (720×1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് ആ ഫോണിലുള്ളത്. എന്നാൽ അതിന്റെ റിഫ്രഷ് നിരക്ക് 90Hz വരെ മാത്രമാണ്. അതായത് പഴയ പതിപ്പിനേക്കാൾ മെച്ചപ്പെട്ട റിഫ്രഷ് റേറ്റ് ലാവ ഷാർക്ക് 2 വാഗ്ദാനം ചെയ്യും.
പുതിയ ഫോൺ ബ്ലാക്ക്, സിൽവർ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകുമെന്ന് കമ്പനി നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. കൂടുതൽ ആകർഷകമാക്കാൻ ഫോണിന്റെ ഫ്രെയിം റിയർ പാനലുമായി കളർ-മാച്ച് ചെയ്തിട്ടുണ്ടെന്നും പറയപ്പെടുന്നു.
ലാവ ഷാർക്ക് 2 തിളക്കമുള്ള ബാക്ക് ഡിസൈനുമായാണ് വരുന്നതെന്ന് പറയപ്പെടുന്നു. ടീസർ ചിത്രങ്ങളിൽ റിയർ പാനലിനു മുകളിൽ ഇടത് മൂലയിലായി ചതുരാകൃതിയിലുള്ള ക്യാമറ ഏരിയയും അതിനു താഴെ ലാവയുടെ ലോഗോയും കാണിക്കുന്നു. ഫോണിന്റെ ക്യാമറ ഡിസൈൻ ലാവ ബോൾഡ് N1 പ്രോയ്ക്ക് സമാനമാണ്. 50 മെഗാപിക്സൽ AI- പവർഡ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉണ്ടാവുകയെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
സിം ട്രേ സ്ലോട്ട് ലാവ ഷാർക്ക് 2-ന്റെ ഇടതുവശത്താണു സ്ഥാപിച്ചിരിക്കുന്നത്, പവർ, വോളിയം ബട്ടണുകൾ വലതുവശത്തും സ്ഥിതി ചെയ്യുന്നു. ഫോണിൽ ഒരു സ്പീക്കർ ഗ്രിൽ, 3.5mm ഹെഡ്‌ഫോൺ ജാക്ക്, താഴെ ഒരു USB ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുമെന്ന് മുൻപു പുറത്തുവന്ന ടീസറുകൾ വെളിപ്പെടുത്തിയിരുന്നു.
ഫോണിന്റെ ഡിസൈനിനെയും ക്യാമറയെയും കുറിച്ച് ലാവ നിരവധി വിശദാംശങ്ങൾ പങ്കിട്ടിട്ടുണ്ടെങ്കിലും, ഇന്ത്യയിൽ ലാവ ഷാർക്ക് 2-ന്റെ കൃത്യമായ ലോഞ്ച് തീയതി കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഫോണിന്റെ സവിശേഷതകൾ, വില, ലഭ്യത എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പരസ്യം
പരസ്യം