ഇൻസ്റ്റഗ്രാമിനു സമാനമായി ‘സ്റ്റാറ്റസ് ക്വസ്റ്റ്യൻ’ ഫീച്ചർ വാട്സ്ആപ്പിലും; വിശദമായി അറിയാം
Photo Credit: Unsplash/Grant Davies
വരും ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കളിലേക്ക് സ്റ്റാറ്റസ് ചോദ്യങ്ങൾ എത്തിക്കാൻ വാട്ട്‌സ്ആപ്പ് ആരംഭിച്ചേക്കാം
ഫീച്ചർ ട്രാക്കിംഗ് റിപ്പോർട്ട് അനുസരിച്ച്, ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്ട്‌സ്ആപ്പ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി "സ്റ്റാറ്റസ് ക്വസ്റ്റ്യൻ" എന്ന പുതിയ ഫീച്ചറിൻ്റെ ടെസ്റ്റിങ്ങ് ആരംഭിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഏറ്റവും പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്ത ചില ബീറ്റാ ടെസ്റ്റർമാർക്ക് നിലവിൽ ഈ ഫീച്ചർ ലഭ്യമായിട്ടുണ്ട്. വരുന്ന ആഴ്ചകളിൽ കൂടുതൽ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഇത് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റാറ്റസ് ക്വസ്റ്റ്യൻ ഫീച്ചർ ഇൻസ്റ്റാഗ്രാമിലുള്ള ക്വസ്റ്റ്യൻ സ്റ്റിക്കറിന് സമാനമായാണു പ്രവർത്തിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ ഒരു ചോദ്യം പോസ്റ്റ് ചെയ്യാൻ കഴിയും. ഇതു കാണുന്നവർക്ക് ഇൻസ്റ്റഗ്രാമിലേതു പോലെ തങ്ങളുടെ ഉത്തരങ്ങൾ അല്ലെങ്കിൽ പ്രതികരണങ്ങൾ ഒരു ബോക്സിനുള്ളിൽ ടൈപ്പ് ചെയ്ത് അയയ്ക്കാനും കഴിയും. എല്ലാ പ്രതികരണങ്ങളും സ്വകാര്യമായി തുടരുമെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു. ചോദ്യം പോസ്റ്റ് ചെയ്ത വ്യക്തിക്കും മറുപടി നൽകിയ വ്യക്തിക്കും മാത്രമേ ഉത്തരങ്ങൾ കാണാൻ കഴിയൂ. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് കൂടുതൽ സംവേദനാത്മകമാക്കുക എന്നതാണ് ഈ ഫീച്ചർ ലക്ഷ്യമിടുന്നത്.
ഫീച്ചർ ട്രാക്കർ പറയുന്നതനുസരിച്ച്, പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ ആൻഡ്രോയ്ഡ് വേർഷൻ 2.25.29.12 വഴി ചില ബീറ്റാ ടെസ്റ്റർമാർക്കായി വാട്ട്‌സ്ആപ്പ് "സ്റ്റാറ്റസ് ക്വസ്റ്റ്യൻസ്" എന്ന പുതിയ ഫീച്ചർ പുറത്തിറക്കിയിട്ടുണ്ട്. ഇതു ലോഞ്ച് ചെയ്യുന്നത് സാവധാനത്തിൽ ആയതിനാൽ, ഏറ്റവും പുതിയ ബീറ്റാ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്താലും ചില ഉപയോക്താക്കൾക്ക് ഫീച്ചർ ലഭിച്ചേക്കില്ല.
വരും ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കളിലേക്ക് ഈ ഫീച്ചർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ റോൾഔട്ടിലൂടെ വാട്ട്‌സ്ആപ്പിന് ബഗുകളും പ്രശ്‌നങ്ങളും പരിഹരിക്കാനും പുതിയ സ്റ്റാറ്റസ് ക്വസ്റ്റ്യൻസ് ഫീച്ചറിനെക്കുറിച്ചുള്ള ഫീഡ്‌ബാക്ക് ശേഖരിക്കാനും കഴിയും.
ഇൻസ്റ്റാഗ്രാമിൽ ലഭ്യമായ ക്വസ്റ്റ്യൻ സ്റ്റിക്കറിനു സമാനമായ ഫീച്ചറാണിത്. ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി കാണുമ്പോൾ ചോദ്യങ്ങൾ ചോദിച്ചും ഉത്തരം നൽകിയും തങ്ങളുടെ സുഹൃത്തുക്കളുമായി സംവദിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണിത്.
ഈ അപ്‌ഡേറ്റ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഫോട്ടോകളും വീഡിയോകളും സഹിതം അവരുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ ഒരു ക്വസ്റ്റ്യൻ ബോക്സ് ചേർക്കാൻ കഴിയും. മറ്റ് ഉപയോക്താക്കൾക്ക് ഈ ക്വസ്റ്റ്യൻ ബോക്സിൽ ടാപ്പ് ചെയ്തിനു ശേഷം മറുപടി ടൈപ്പ് ചെയ്ത് അയക്കാം.
ഫീച്ചർ ട്രാക്കറുടെ റിപ്പോർട്ട് അനുസരിച്ച്, വാട്ട്‌സ്ആപ്പ് ഉപയോക്താവിൻ്റെ ചോദ്യത്തിനു ലഭിക്കുന്ന ഉത്തരങ്ങളെല്ലാം വ്യൂവേഴ്‌സ് ലിസ്റ്റിൽ കാണാൻ കഴിയും. ഉപയോക്താവിന്റെ കോൺടാക്റ്റിലുള്ള ആളുകൾ ഇതുവരെ ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിട്ടില്ലെങ്കിൽ, അവരുടെ ആപ്പിന്റെ വേർഷൻ ഈ ഫീച്ചറിനെ പിന്തുണയ്ക്കുന്നില്ലെന്ന് പറയുന്ന ഒരു സന്ദേശം വാട്ട്‌സ്ആപ്പ് കാണിക്കും. എല്ലാ ഉത്തരങ്ങളും ചോദ്യം പോസ്റ്റ് ചെയ്ത വ്യക്തിക്ക് സ്വകാര്യമായി അയക്കപ്പെടും, അവർക്ക് മാത്രമേ ഉത്തരങ്ങൾ കാണാൻ കഴിയൂ.
ഓരോ തവണയും കോൺടാക്റ്റുകളിൽ ഒരാൾ ചോദ്യത്തിന് മറുപടി നൽകുമ്പോൾ ഉപയോക്താക്കൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റിൽ ഈ പ്രതികരണങ്ങൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനും വാട്ട്‌സ്ആപ്പ് നൽകാൻ സാധ്യതയുണ്ട്. എന്നാൽ ഉത്തരം അയച്ച വ്യക്തിയുടെ ഐഡന്റിറ്റി അപ്പോഴും രഹസ്യമായി തുടരും. മോശം പ്രതികരണങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള മാർഗവും ഉണ്ടായിരിക്കാം.
എല്ലാ ഉത്തരങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് സംരക്ഷിക്കപ്പെടുമെന്ന് ഫീച്ചർ ട്രാക്കർ സ്ഥിരീകരിച്ചു. ഇതിനർത്ഥം പ്രതികരണങ്ങൾ സുരക്ഷിതമാണെന്നും അയച്ചയാൾക്കും സ്വീകർത്താവിനും മാത്രമേ അവ കാണാൻ കഴിയൂ എന്നുമാണ്. ഇതിലൂടെ സ്വകാര്യത ഉറപ്പാക്കുകയും എല്ലാ ഇടപെടലുകളും രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു.
പരസ്യം
പരസ്യം