ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (Al) വലിയ രീതിയിലുള്ള മാറ്റങ്ങൾ സമൂഹത്തിൽ കൊണ്ടു വരുന്ന സമയമാണിപ്പോൾ. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ വിവിധ വകഭേദങ്ങൾ ഓരോ വ്യക്തിയും ഉപയോഗിക്കാനും അവരുടെ ജീവിതത്തിൽ അതു സ്വാധീനം ചെലുത്താനും ആരംഭിച്ചിട്ടുണ്ട്. വാട്സ്ആപ്പിലും ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമുള്ള മെറ്റ Al അതിനൊരു വലിയ ഉദാഹരണമാണ്. വിവരശേഖരണത്തിനും മറ്റുമായി മെറ്റ Al ഫീച്ചർ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. മെറ്റ Al ഫീച്ചർ കൂടുതൽ മെച്ചപ്പെടുത്തുന്നതിനു വേണ്ടി വാട്സ്ആപ്പ് ഫോർ ആൻഡ്രോയ്ഡ് അതിൽ ടു വേ വോയ്സ് ചാറ്റ് ഫീച്ചർ ഉൾപ്പെടുത്താൻ പോവുകയാണ്. ഈ വോയ്‌സ് ചാറ്റ് ഫീച്ചറിൽ ഒന്നിലധികം പ്രധാന വ്യക്തികളുടെ ശബ്ദങ്ങൾ ഉണ്ടാകും. ആവശ്യാനുസരണം നമുക്കിതു തിരഞ്ഞെടുക്കാം. ഇതിനു പുറമെ യുഎസ്, യുകെ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ശബ്ദങ്ങളും ഉൾപ്പെടുത്തും. മനുഷ്യനെ പോലെത്തന്നെ നമ്മളോടു സംസാരിക്കാൻ മെറ്റ Al വോയ്സ് മോഡിനു കഴിയും.
വാട്സ്ആപ്പ് ഫീച്ചർ ട്രാക്കറായ WABetaInfo പുറത്തു വിട്ട വിവരങ്ങളിൽ നിന്നാണ് പുതിയ ഫീച്ചർ വരുന്ന കാര്യം അറിയുന്നത്. വാട്സ്ആപ്പിൻ്റെ ആൻഡ്രോയ്ഡ് വേർഷൻ 2.24.19.32 ലാണ് പ്രമുഖ വ്യക്തിത്വങ്ങളുടെ ശബ്ദമുള്ള മെറ്റ Al വോയ്സ് മോഡ് ഫീച്ചർ എത്തുന്നത്. ഈ ഫീച്ചർ ഇപ്പോൾ ദൃശ്യമാകാൻ ആരംഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഗൂഗിൾ ബേറ്റ പ്രോഗ്രാമിൽ സൈൻ അപ്പ് ചെയ്തവർക്കും ഇതു കാണാൻ കഴിയുന്നതല്ല.
ഫീച്ചർ ട്രാക്കർ ഷെയർ ചെയ്ത സ്ക്രീൻഷോട്ടിൽ നിന്നും വ്യക്തമാകുന്നത് മെറ്റ Al ക്ക് നിരവധി ശബ്ദങ്ങൾ നൽകാൻ വാട്സ്ആപ്പ് ഒരുങ്ങുന്നുണ്ടെന്നാണ്. പിച്ചിലും ടോണിലും ശൈലിയിലും വ്യത്യസ്തത പുലർത്തുന്ന ഈ ശബ്ദങ്ങൾ ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നാലു വ്യത്യസ്തമായ ശബ്ദങ്ങളുള്ള ചാറ്റ് ജിപിടിയുടെ വോയ്സ് മോഡുമായി സാമ്യമുള്ളതാകും മെറ്റ Al യുടെ വോയ്സ് മോഡും.
ഫീച്ചർ ട്രാക്കർ പുറത്തു വിടുന്ന വിവരങ്ങൾ പ്രകാരം യുകെ ശൈലിയിലുള്ള മൂന്നു ശബ്ദങ്ങളും യുഎസ് ശൈലിയിലുള്ള രണ്ടു ശബ്ദങ്ങളും ഇതിലുണ്ടാകും. ജെൻഡർ, പിച്ച്, റീജിയൺ ആക്സൻ്റ് ഏത് എന്ന വിവരമൊന്നും പങ്കു വെച്ചിട്ടില്ല. ഇതിനു പുറമെ നാലു പ്രമുഖ വ്യക്തിത്വങ്ങളുടെ ശബ്ദവും ഉണ്ടാവും. ഇവർ ആരാണെന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും സെലിബ്രിറ്റികളോ ഇൻഫ്ലുവൻസർമാരോ ആകുമെന്നാണു പ്രതീക്ഷിക്കുന്നത്.
വാട്സ്ആപ്പിൻ്റെ പേരൻ്റ് കമ്പനിയായ മേറ്റയെ സംബന്ധിച്ച് ഈ നീക്കം ആദ്യമല്ല. കഴിഞ്ഞ വർഷം ഇൻഫ്ലുവൻസർമാർ, സെലിബ്രിറ്റികൾ, മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരെ അടിസ്ഥാനമാക്കി മെസഞ്ചറിൽ നിരവധി കസ്റ്റം മേഡ് Al ചാറ്റ്ബോട്ടുകൾ ഇവർ നിർമിച്ചിരുന്നു. വോയ്സ് മോഡ് ഓപ്ഷൻ അതിൻ്റെ വിപുലീകരണമാണ്, അതു ചിലപ്പോൾ Al ക്യാരക്റ്റേഴ്സ് എന്ന നിലയിൽ വീണ്ടും വിപുലീകരിക്കപ്പെട്ടേക്കാം.
ഇതിനു മുൻപു പുറത്തു വന്ന റിപ്പോർട്ടിൽ മെറ്റ Al വോയ്സ് മോഡ് ഫോർ വാട്സ്ആപ്പിൻ്റെ ഇൻ്റർഫേസ് വിവരങ്ങൾ പുറത്തു വന്നിരുന്നു. ആക്റ്റിവേറ്റ് ചെയ്തു കഴിഞ്ഞാൽ മുകൾഭാഗത്ത് ‘മെറ്റ Al' എന്നെഴുതിയും മധ്യഭാഗത്ത് നീല റിംഗ് ഐക്കണുമായി ഒരു ഷീറ്റ് ചുവടെ പോപ്പ് അപ്പ് ആയി വരുമെന്നാണു കരുതപ്പെടുന്നത്.
പരസ്യം
പരസ്യം