Photo Credit: Instagram
ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വലിയൊരു മാറ്റത്തിനൊരുങ്ങി ഇൻസ്റ്റഗ്രാം. നിരവധി ഉപയോക്താക്കൾ പരാതി പറഞ്ഞിട്ടുള്ള ഒരു ഫീച്ചർ ഇൻസ്റ്റാഗ്രാം നീക്കം ചെയ്യാൻ പോവുകയാണ്. ആപ്പിൽ നിന്നും ചെറിയ ഇടവേള എടുത്തതിനു ശേഷം വീണ്ടും തുറക്കുമ്പോൾ ഫീഡ് ഓട്ടോമാറ്റിക്കായി റീഫ്രഷ് ആകുന്ന ഫീച്ചർ ഒഴിവാക്കുകയാണെന്ന് ഇൻസ്റ്റഗ്രാം തലവൻ സോഷ്യൽ മീഡിയയിൽ സ്ഥിരീകരിച്ചു. ഇതിനർത്ഥം നിങ്ങൾ ഒരിടവേളക്കു വീണ്ടും ഇൻസ്റ്റാഗ്രാം തുറക്കുമ്പോൾ, ഏറ്റവും പുതിയ പോസ്റ്റുകൾ ഫീഡിൽ കാണിക്കുന്നതിനു പകരം നിങ്ങൾ മുമ്പ് നോക്കിയിരുന്ന പോസ്റ്റുകൾ തുടർന്നും കാണാനാകും. കൂടുതൽ വ്യൂസ് ലഭിക്കാത്ത സ്റ്റോറികളുടെയും റീലുകളുടെയും ക്വാളിറ്റി കുറയ്ക്കുന്നതായി ഇൻസ്റ്റാഗ്രാം അടുത്തിടെ സമ്മതിച്ചതിനു പിന്നാലെയാണ് ഈ മാറ്റം. കൂടുതൽ പ്രചാരം ലഭിക്കുന്നതും ധാരാളം വ്യൂസ് ഉള്ളതുമായ വീഡിയോകൾക്കായി കമ്പ്യൂട്ടിംഗ് സോഴ്സസ് സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഇതു ചെയ്യുന്നതെന്നും ഇൻസ്റ്റഗ്രാം പറഞ്ഞിരുന്നു.
ബ്ലണ്ടർചീഫ് (@_blunderchief) അടുത്തിടെ നടത്തിയ ആസ്ക് മി എനിത്തിംഗ് (AMA) സെഷനിലാണ് ഇൻസ്റ്റഗ്രാം മേധാവിയായ ആദം മൊസേരി ആളുകൾ ഇതുവരെ ശ്രദ്ധിക്കാത്ത ഒരു പുതിയ മാറ്റം വന്നിട്ടുണ്ടെന്നു വെളിപ്പെടുത്തിയത്. ഇൻസ്റ്റാഗ്രാം, അവർക്കിടയിൽ"റഗ് പുൾ" എന്ന് വിളിക്കുന്ന ഫീച്ചർ ഇപ്പോൾ നിർത്തിയതായി അദ്ദേഹം വിശദീകരിച്ചു. ഇത് യൂസർ ഇൻ്റർഫേസുമായി (UI) ബന്ധപ്പെട്ട ഫീച്ചറായിരുന്നു. ഈ ഫീച്ചറുള്ളപ്പോൾ ഉപയോക്താക്കൾ ആപ്പ് തുറന്നാലുടൻ ഫീഡ് ഓട്ടോമാറ്റിക്കായി റീഫ്രഷ് ചെയ്യപ്പെടും.
പുതിയ കണ്ടൻ്റുകൾ ലോഡുചെയ്യാൻ ആപ്പിന് സമയം ആവശ്യമായതിനാലാണ് ഇത് ചെയ്തതെന്നും പുതിയവ തയ്യാറാകുന്നതുവരെ അവസാനം ഡൗൺലോഡ് ചെയ്ത പോസ്റ്റുകളും വീഡിയോകളും കാണിക്കുമെന്നും മൊസേരി പറഞ്ഞു. ഉപയോക്തൃ ഇടപഴകൽ വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ സവിശേഷതയെങ്കിലും സ്‌ക്രീനിൽ ആദ്യം പ്രത്യക്ഷപ്പെട്ട രസകരമായ ഏതെങ്കിലും ഉള്ളടക്കം ഫീഡ് പുതുക്കുമ്പോൾ പെട്ടെന്ന് അപ്രത്യക്ഷമായി പോകുമെന്നതിനാൽ ഇത് "ശല്യപ്പെടുത്തുന്ന" ഒന്നായി അനുഭവപ്പെടാറുണ്ടെന്ന് മൊസെരി തന്നെ സമ്മതിച്ചു. ഉപയോക്താക്കൾക്ക് അത് വീണ്ടും കണ്ടെത്താൻ താഴേക്ക് സ്ക്രോൾ ചെയ്യുകയേ വഴിയുണ്ടായിരുന്നുള്ളൂ.
നിരവധി പേർ പരാതി പറഞ്ഞ ഈ പ്രശ്നമാണ് ഇപ്പോൾ പരിഹരിച്ചത്. ഇൻസ്റ്റാഗ്രാം ഇനി ഫീഡ് ഓട്ടോമാറ്റിക്കായി പുതുക്കുന്നില്ലെന്ന് മൊസേരി സ്ഥിരീകരിച്ചു. പകരം, ആപ്പ് ഇപ്പോൾ പുതിയ കണ്ടൻ്റുകൾ പ്രദർശിപ്പിക്കാതെ മുൻപ് കണ്ടിരുന്ന പോസ്റ്റ് തന്നെ ലോഡ് ചെയ്യും. ഉപയോക്താവ് താഴേക്ക് സ്ക്രോൾ ചെയ്‌താൽ മാത്രമേ പുതിയ പോസ്റ്റുകൾ ദൃശ്യമാകൂ, അവ ഇതിനകം സ്‌ക്രീനിലുള്ള കണ്ടൻ്റിനു താഴെയായി ചേർക്കും.
ഇത് പ്ലാറ്റ്‌ഫോമിൽ ആളുകൾ ഇടപഴകുന്ന രീതിയിൽ നേരിയ മാറ്റങ്ങളുണ്ടാകാൻ കാരണമായേക്കാം. എന്നാൽ ഇത് സാധാരണ ഉപയോക്താവിന് "വളരെ മികച്ച അനുഭവം" സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരസ്യം
പരസ്യം