മേഡ് ബൈ ഗൂഗിൾ ഇവൻ്റിൽ പിക്സൽ 9 സീരീസിൽ വരുന്ന നാലു സ്മാർട്ട്ഫോണുകൾക്കൊപ്പം പിക്സൽ വാച്ച് 3, പിക്സൽ ബഡ്സ് പ്രോ 2 എന്നീ രണ്ടു പ്രൊഡക്റ്റുകൾ കൂടി ഗൂഗിൾ അവതരിപ്പിച്ചിരുന്നു. അടിയന്തിര ഘട്ടങ്ങളിൽ വൈദ്യസഹായമെത്തിക്കാൻ സഹായിക്കുന്ന ലോസ്റ്റ് ഓഫ് പൾസ് ഡിറ്റക്ഷനുമായി പിക്സൽ വാച്ച് 3 എത്തുമ്പോൾ ടെൻസർ ചിപ്പിൽ പ്രവർത്തിക്കുന്ന ഗൂഗിളിൻ്റെ ആദ്യത്തെ ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണായാണ് പിക്സൽ ബഡ്സ് പ്രോ 2 യുടെ വരവ്.
പിക്സൽ വാച്ച് 3, പിക്സൽ ബഡ്സ് പ്രോ 2 എന്നിവയുടെ ഇന്ത്യയിലെ വിലയും ലഭ്യതയും:
പിക്സൽ വാച്ച് 3 യുടെ വൈഫൈ കണക്റ്റിവിറ്റിയുള്ള 41mm മോഡലിന് 39900 രൂപയും 45mm മോഡലിന് 43900 രൂപയുമാണ് വില വരുന്നത്. 45mm വേരിയൻ്റ് മൂന്നു നിറങ്ങളിൽ ലഭ്യമാകുമ്പോൾ 41mm വേരിയൻ്റ് നാലു നിറങ്ങളിലാണ് ഇന്ത്യയിൽ വാങ്ങാനാവുക. അതേസമയം പിക്സൽ ബഡ്സ് പ്രോ 2 22900 രൂപക്കാണ് ഇന്ത്യയിൽ ലഭ്യമാകുന്നത്. ഈ ഇയർബഡ്സ് നാലു നിറങ്ങളിൽ ലഭ്യമാകും. ഫ്ലിപ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, ക്രോമ റീട്ടെയിൽ ഔട്ട്ലെറ്റുകളിലൂടെ ഓഗസ്റ്റ് 22 മുതൽ ഈ പ്രൊഡക്റ്റുകളുടെ വിൽപ്പന ആരംഭിക്കും.
പിക്സൽ വാച്ച് 3 യുടെ സവിശേഷതകൾ:
രണ്ടു സ്ക്രീൻ സൈസിൽ ലഭ്യമായ പിക്സൽ വാച്ച് 3 യിൽ കമ്പനിയുടെ തന്നെ ആക്ച്വ ഡിസ്പ്ലേയാണുള്ളത്. ഇതിനു മുൻപുള്ള ഗൂഗിളിൻ്റെ സ്മാർട്ട്‌വാച്ചുകളിലെല്ലാം AMOLED സ്ക്രീനായിരുന്നു ഉണ്ടായിരുന്നത്. 2000nits പീക്ക് ബ്രൈറ്റ്നസ് ലെവൽ ഇതു നൽകുന്നു. ജീവിതശൈലി ചിട്ടപ്പെടുത്താനും അതിനു വേണ്ട നിരവധി വിവരങ്ങൾ നൽകാനും കഴിയുന്ന ഈ സ്മാർട്ട്‌വാച്ചിൽ ശരീരത്തിലെ പൾസ് കുറഞ്ഞാൽ എമർജൻസി നമ്പറിലേക്കു സ്വയമേവ കോൾ പോകുന്ന ഒപ്ഷൻ സെറ്റ് ചെയ്തു വെക്കാനും കഴിയും.
പിക്സൽ വാച്ച് 3 യുടെ ബാറ്ററി ലൈഫിൽ മാറ്റമൊന്നുമില്ല. 24 മണിക്കൂർ ബാറ്ററി ലൈഫാണ് ഈ സ്മാർട്ട്‌വാച്ചും നൽകുന്നത്. ബാറ്ററി സേവർ മോഡിലാണെങ്കിൽ 36 മണിക്കൂർ ചാർജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കമ്പനിയുടെ സെക്കൻഡ് ജെനറേഷൻ സ്മാർട്ട്‌വാച്ചുകളെ അപേക്ഷിച്ച് ചാർജിംഗ് റേറ്റ് 20 ശതമാനം കൂടുതൽ പിക്സൽ വാച്ച് 3 നൽകുന്നുണ്ട്.
പിക്സൽ ബഡ്സ് പ്രോ 2 ൻ്റെ സവിശേഷതകൾ:
ടെൻസർ A1 ചിപ്പിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ആദ്യത്തെ ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണാണ് പിക്സൽ ബഡ്സ് പ്രോ 2. ഓഡിയോ 90 ഇരട്ടി വേഗത്തിൽ പ്രോസസ് ചെയ്യാനും ഫസ്റ്റ് ജനറേഷൻ പിക്സൽ ബഡ്സ് പ്രോ മോഡലുകളെ അപേക്ഷിച്ച് രണ്ടിരട്ടി മികവോടെ ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ (ANC) നൽകാനും ഇതിനു കഴിയുന്നു.
11mm ഡൈനാമിക് ഡ്രൈവറുകളാണ് പിക്സൽ ബഡ്സ് പ്രോ 2 വിലുള്ളത്. കൂടുതൽ ഒപ്റ്റിമൈസ് ചെയ്ത മ്യൂസിക് പ്ലേബാക്ക് ലഭിക്കുന്നതിനായി ടെൻസർ A1 ചിപ്പ് സഹായിക്കുന്നു. ഫോൺ കോളുകൾ വളരെ കൃത്യതയോടെ കേൾക്കാൻ കഴിയുന്ന ക്ലിയർ കോളിംഗ് ഫീച്ചറിനെ സഹായിക്കുന്ന അപ്ഡേറ്റഡ് അൽഗോരിതവുമായാണ് ഈ ഇയർബഡ്സ് എത്തുന്നത്. പിക്സൽ വാച്ച് ഉൾപ്പെടെയുള്ള പിക്സൽ ഉപകരണങ്ങൾക്കിടയിൽ തടസമില്ലാതെയുള്ള ഓഡിയോ സ്വിച്ചിങ്ങിനെയും ഇതു പിന്തുണക്കുന്നു.
ഇതിലെ കോൺവർസേഷൻ ഡിറ്റക്ഷൻ ഫീച്ചർ നമുക്കു കോൾ വരുമ്പോൾ മീഡിയാ പ്ലേബാക്ക് നിർത്തുകയും ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്നു. സംഭാഷണം അവസാനിച്ചതിനു ശേഷം മീഡിയാ പ്ലേബാക്ക് പുനരാരംഭിക്കും. ഗൂഗിളിൻ്റെ ‘ഫൈൻഡ് മൈ ഡിവൈസ്' ഫീച്ചറിനെ പിക്സൽ ബഡ്സ് പ്രോ 2 പിന്തുണക്കുന്നു. പ്രൊഡക്റ്റ് ഏതെങ്കിലും തരത്തിൽ നഷ്ടപ്പെട്ടാൽ അതു കണ്ടെത്തുന്നത് ഇതിലൂടെ എളുപ്പമാകും.