നത്തിങ്ങ് ഇയർ 3 ഇയർബഡിൻ്റെ ഫസ്റ്റ് ലുക്ക് ഔദ്യോഗികമായി പുറത്തുവന്നു
Photo Credit: X / Nothing
ഇയർ 3 കേസിൽ 100 ശതമാനം അനോഡൈസ്ഡ് റീസൈക്കിൾഡ് അലുമിനിയം ഉപയോഗിച്ചതായി മുമ്പ് ആരും പറഞ്ഞിട്ടില്ല
വ്യാഴാഴ്ച ലോഞ്ച് ചെയ്യാനിരിക്കുന്ന നത്തിങ്ങ് ഇയർ 3 ഇയർബഡുകളുടെ ഡിസൈൻ കഴിഞ്ഞ ദിവസം കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തി. നേരത്തെ ഭാഗികമായ ചില ചിത്രങ്ങൾ നൽകിയതിനു ശേഷമാണ് കമ്പനി ചാർജിംഗ് കേയ്സിൻ്റെയും ഇയർബഡുകളുടെയും ഡിസൈൻ മുഴുവനായി വെളിപ്പെടുത്തിയത്. സെപ്റ്റംബർ 18-ന് ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഔദ്യോഗിക ലോഞ്ചിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പ്രൊഡക്റ്റിനെ കുറിച്ച് ഏകദേശരൂപം നത്തിങ്ങ് നമുക്കു നൽകുന്നത്. മുൻ മോഡലിനെ അപേക്ഷിച്ച് പുതിയ കേയ്സ് ഡിസൈനാണ് പ്രധാന മാറ്റങ്ങളിലൊന്ന്. നത്തിങ്ങ് ഇയർ 2-ലെ സുതാര്യമായ പ്ലാസ്റ്റിക് ഫ്രെയിമിന് പകരം, ഇയർ 3 കേയ്സ് മെറ്റാലിക് ഫിനിഷുമായാണ് വരുന്നത്. ഇത് കൂടുതൽ പ്രീമിയം, സോളിഡ് ലുക്ക് നൽകുന്നുണ്ടെന്നതിൽ സംശയമില്ല. മറ്റൊരു ശ്രദ്ധേയമായ കൂട്ടിച്ചേർക്കൽ കേയ്സിൽ ടോക്ക് ബട്ടൺ എന്ന് ലേബൽ ചെയ്തിരിക്കുന്ന ഒരു പുതിയ ബട്ടണാണ്. എന്നിരുന്നാലും, ഈ ബട്ടൺ എന്താണ് ചെയ്യുകയെന്നോ എങ്ങനെയാണ് ഉപയോഗിക്കാൻ കഴിയുകയെന്നോ കമ്പനി ഇതുവരെ വിശദീകരിച്ചിട്ടില്ല. എന്തായാലും പുതിയ ഇയർബഡ്സിലൂടെ പുതിയൊരു അനുഭവം നൽകാനാണ് നത്തിങ്ങ് ഒരുങ്ങുന്നത്.
X-ലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിലൂടെയാണ് പുതിയ ഇയർബഡുകളുടെ ഔദ്യോഗിക ചിത്രം ആദ്യമായി നത്തിങ്ങ് വെളിപ്പെടുത്തിയത്. 2023-ൽ പുറത്തിറക്കിയ നത്തിങ്ങ് ഇയർ 2-ന്റെ പിൻഗാമിയാണ് ഈ മോഡൽ. ഒറ്റനോട്ടത്തിൽ, ഇയർ 3-യുടെ ഡിസൈൻ മുമ്പത്തെ പതിപ്പിനോട് വളരെ സാമ്യമുള്ളതായി തോന്നുമെങ്കിലും കമ്പനി ചില ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പ്രധാന മാറ്റങ്ങളിലൊന്ന് കേയ്സിലാണ്. ഇയർ 2-ൽ ഇയർബഡുകൾ വെയ്ക്കാൻ കേയ്സിനുള്ളിൽ ട്രാൻസ്പരൻറായ ഗ്രൂവുകൾ ഉണ്ടായിരുന്നു. എന്നാൽ ഇയർ 3-ൽ ഇവയ്ക്കു പകരം മെറ്റാലിക് ഗ്രൂവുകൾ ആണു നൽകിയിരിക്കുന്നത്. ഈ അപ്‌ഡേറ്റ് കാരണം, കേയ്സ് മുമ്പത്തേക്കാൾ കുറച്ചുകൂടി ചതുരാകൃതിയിലോ ബോക്‌സിയായോ കാണപ്പെടുന്നു. ഈ മാറ്റമുണ്ടെങ്കിലും കേസിന്റെ മുകളിലെ ലിഡ് ഇപ്പോഴും ട്രാൻസ്പരൻ്റായി തുടർന്ന്, നത്തിങ്ങ് അറിയപ്പെടുന്ന അതേ ഡിസൈൻ ശൈലിയെ നിലനിർത്തുന്നുണ്ട്.
ഇയർബഡുകൾ ട്രാൻസ്പരൻ്റ് സ്റ്റെം ഡിസൈനിൽ തുടരുന്നു. പുതിയ മോഡലിൽ നിങ്ങൾക്ക് സ്റ്റെമിനുള്ളിലെ ലോഹ ഭാഗങ്ങൾ വ്യക്തമായി കാണാൻ കഴിയും, നേരത്തെ അതിനു കഴിഞ്ഞിരുന്നില്ല.
ഇയർ 3-യുടെ ചാർജിംഗ് കേസ് "100 ശതമാനം റീസൈക്കിൾ ചെയ്ത ആനോഡൈസ്ഡ് അലുമിനിയം" കൊണ്ടാണ് ഭാഗികമായി നിർമ്മിക്കുന്നതെന്ന് ഓഗസ്റ്റിൽ നത്തിങ്ങ് പരാമർശിച്ചതായി ‘ദി വെർജ്' വെളിപ്പെടുത്തിയിരുന്നു. ഈ മെറ്റീരിയൽ ഉപയോഗിച്ചിരിക്കുന്നത് സ്റ്റൈലിനു വേണ്ടി മാത്രമല്ല, മറിച്ച് ഇത് ഈട് മെച്ചപ്പെടുത്തുകയും ഇയർബഡുകൾക്ക് കൂടുതൽ പ്രീമിയം ലുക്ക് നൽകുകയും ചെയ്യുന്നു. ഇതിനു പുറമെ, ഇയർബഡുകൾക്കുള്ളിലെ മെറ്റൽ ആന്റിനയും കമ്പനി റീഡിസൈൻ ചെയ്തിട്ടുണ്ട്, അവയിപ്പോൾ കൂടുതൽ മെലിഞ്ഞിരിക്കുന്നു. സ്റ്റെമിനുള്ളിൽ ലോഹ ഭാഗങ്ങൾ കാണാൻ കഴിയുന്നതിൻ്റെ പ്രധാന കാരണമതാണ്.
കേസിന്റെ മുൻവശത്താൻ ടോക്ക് ബട്ടൺ എന്ന പുതിയ ഫീച്ചറുമായാണ് നത്തിംഗ് ഇയർ 3 വരുന്നത്. കേസിനുള്ളിൽ തന്നെ സാധാരണ കാണാറുള്ള പെയറിങ്ങ് ബട്ടണിൽ നിന്ന് ഇത് തീർത്തും വ്യത്യസ്തമാണ്. ഈ പുതിയ ബട്ടൺ എന്തിനാണെന്നും എന്താണ് ചെയ്യുന്നതെന്നും കമ്പനി വിശദീകരിച്ചിട്ടില്ല, എന്നാൽ കേയ്സിൽ ഒരു "സൂപ്പർ മൈക്ക്" മൈക്രോഫോൺ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ശബ്ദമുഖരിതമായ സ്ഥലങ്ങളിൽ ഉപയോക്താക്കളെ കൂടുതൽ വ്യക്തമായി സംസാരിക്കാൻ സഹായിക്കുന്നതിനായി ടോക്ക് ബട്ടൺ ഈ വയർലെസ് മൈക്രോഫോൺ സജീവമാക്കിയേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കണ്ടൻ്റുകൾ സൃഷ്ടിക്കാനും മികച്ച വോയ്‌സ് റെക്കോർഡിംഗ് ആവശ്യമുള്ള ആളുകൾക്കുമായി ഇത് ഡിസൈൻ ചെയ്‌തിരിക്കുന്നു. രണ്ട് ഇയർബഡുകൾ തമ്മിൽ വാക്കി-ടോക്കി ശൈലിയിലുള്ള ആശയവിനിമയമാകാം ഇതുകൊണ്ടുള്ള മറ്റൊരു സാധ്യമായ ഉപയോഗം. CMF ബഡ്‌സ് പ്രോ 2-ലെ സ്മാർട്ട് ഡയൽ ഫീച്ചർ പോലെ ഇത് പ്രവർത്തിച്ചേക്കാമെന്നും ചിലർ വിശ്വസിക്കുന്നു.
പരസ്യം
പരസ്യം