ഉത്സവസീസണിൽ ഓഫറുകളുമായി സാംസങ്ങ്; നിരവധി ഫോണുകൾ വൻ വിലക്കുറവിൽ
Photo Credit: Samsung
സാംസങ് ഗാലക്‌സി എസ് 24 അൾട്രാ (ചിത്രം) 2024 ജനുവരിയിൽ പുറത്തിറക്കി
പൂജ അവധി ദിവസങ്ങളും ദീപാവലിയുമെല്ലാം വരുന്നതിനാൽ ഇന്ത്യ ഉത്സവകാലത്തേക്കുള്ള ചുവടുവെപ്പിലാണ്. ഇതു കണക്കിലെടുത്ത് വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ ഫെസ്റ്റിവൽ സെയിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കാൻ പോവുകയാണ്. ഇവർക്കൊപ്പം ഇന്ത്യയിലെ ജനപ്രിയ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിൽ ഒന്നായ സാംസങ്ങ് നിരവധി ഫെസ്റ്റിവൽ ഡീലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ആഴ്ച മുതൽ, സാംസങ്ങ് ഗാലക്സി S24 അൾട്രാ, ഗാലക്സി S24 FE, ഗാലക്സി S24 (Snapdragon), ഗാലക്സി A55 5G, ഗാലക്‌സി A സീരീസ്, M സീരീസ്, F സീരീസ് എന്നിവയിൽ നിന്നുള്ള നിരവധി മോഡലുകൾ ഉപഭോക്താക്കൾക്ക് ഡിസ്‌കൗണ്ട് വിലയിൽ വാങ്ങാൻ കഴിയും. ഫെസ്റ്റിവൽ സീസണിൻ്റെ ഭാഗമായുള്ള ഈ ഓഫറുകൾ ഒരു ചെറിയ കാലയളവിൽ മാത്രമേ ലഭ്യമാകൂ. സെയിലിൽ ഉൾപ്പെടുത്തിയിരിക്കുന്ന സ്മാർട്ട്‌ഫോണുകളുടെ വിവരങ്ങൾ കമ്പനി സ്ഥിരീകരിച്ചതിനു പുറമെ, ഓഫർ സെയിലിൽ അവയുടെ പുതിയ വില എന്തായിരിക്കുമെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സാംസങ്ങിന്റെ പ്രീമിയം, ബജറ്റ് ഫ്രണ്ട്ലി ഫോണുകൾ കൂടുതൽ പേർക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യമാകും.
സെപ്റ്റംബർ 22-ന് സാംസങ്ങിന്റെ ഫെസ്റ്റിവൽ സീസൺ ഡീലുകൾ ആരംഭിക്കും. ഈ കാലയളവിൽ, പുതിയ ഗാലക്‌സി സ്മാർട്ട്‌ഫോൺ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 58,000 രൂപ വരെ ലാഭിക്കാം. 9,999 രൂപ മുതൽ 1,29,999 രൂപ വരെ വിലയുള്ള പ്രീമിയം, മിഡ്-റേഞ്ച്, ബജറ്റ് ഫോണുകളിലും ഓഫറുകൾ ലഭ്യമാകും. എന്നിരുന്നാലും, ഈ കിഴിവുകൾ എത്ര കാലം ഉണ്ടാകുമെന്ന് സാംസങ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന്, 2024 ജനുവരിയിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറുമായി പുറത്തിറങ്ങിയ സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഫോണായ ഗാലക്‌സി S24 അൾട്രാ ഇപ്പോൾ 75,000 രൂപയിൽ താഴെയുള്ള വിലയ്ക്ക് ലഭ്യമാകുമെന്നതാണ്. 25,000 രൂപയിൽ താഴെയുള്ള വിലയ്ക്ക് മിഡ്-റേഞ്ച് ഗാലക്‌സി A55 5G വിൽപ്പനയ്‌ക്കെത്തും. കൂടാതെ, ഗാലക്‌സി F06 5G, ഗാലക്സി M06 5G, ഗാലക്‌സി M16 5G തുടങ്ങിയ ബജറ്റ് ഫ്രണ്ട്ലി മോഡലുകളും മറ്റ് പല ഫോണുകളും സെയിൽ സമയത്ത് ഡിസ്കൗണ്ട് വിലയിൽ ലഭിക്കും.
പരസ്യം
പരസ്യം