സൈബർ അറ്റാക്കുകളിൽ നിന്നും കൂടുതൽ സംരക്ഷണം; പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ വാട്സ്ആപ്പ്
Photo Credit: WhatsApp
വാട്സ്ആപ്പ് സൈബർ ആക്രമണങ്ങൾ തടയാൻ പുതിയ ഫീച്ചറുകൾ വികസിപ്പിക്കുന്നു
സൈബർ ആക്രമണങ്ങളിൽ നിന്ന് ഉപയോക്താക്കൾക്കു കൂടുതൽ സംരക്ഷണം നൽകുന്നതിനായി വാട്ട്‌സ്ആപ്പ് ഉടൻ തന്നെ ഒരു പുതിയ സെക്യൂരിറ്റി ഫീച്ചർ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഒരു ഉപയോക്താവിനെ ടാർഗെറ്റു ചെയ്‌തുള്ള ഹാക്കിംഗ് ശ്രമങ്ങൾക്ക് സാധ്യത കൂടുതലാണെന്നു കണ്ടെത്തിയിൽ, ആപ്പിനുള്ളിലെ ചില ആക്ഷൻസ്, ടൂൾസ് എന്നിവയെ ഈ ഫീച്ചർ ലോക്ക് ചെയ്യും. ആൻഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പിൽ ഈ ഫീച്ചർ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ഒരു ഫീച്ചർ ട്രാക്കർ പറയുന്നു. അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കി, സൈബർ ആക്രമണകാരികൾക്ക് ആക്‌സസ് ചെയ്യാനും ദുരുപയോഗം ചെയ്യാനും ബുദ്ധിമുട്ടാക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. ഇതിനുപുറമെ, കോൺടാക്റ്റുകളിൽ സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്ന് ഉപയോക്താക്കൾക്ക് എത്ര സന്ദേശങ്ങൾ വരെ സ്വീകരിക്കാനാകും എന്നതു നിയന്ത്രിക്കുന്ന മറ്റൊരു ഫീച്ചറും വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. ഇങ്ങിനെയാരു ലിമിറ്റ് വരുന്നത് സ്പാം, അനാവശ്യ സന്ദേശങ്ങൾ, സംശയാസ്പദമായ പ്രവർത്തനങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കും. എല്ലാവർക്കും ഏറ്റവും സുരക്ഷിതവും സുഖകരവുമായ മെസേജിങ്ങ് എക്‌സ്പീരിയൻസ് സൃഷ്ടിക്കുക എന്നതാണ് ഈ അപ്‌ഡേറ്റുകളുട
ആൻഡ്രോയിഡിനുള്ള വാട്ട്‌സ്ആപ്പ് ബീറ്റയുടെ (വേർഷൻ 2.25.33.4) കോഡിലാണ് ‘സ്ട്രിക്റ്റ് അക്കൗണ്ട് സെറ്റിങ്ങ്സ്' എന്ന പുതിയ സുരക്ഷാ മോഡ് WABetaInfo കണ്ടെത്തിയത്. ഈ ഫീച്ചർ ഇപ്പോഴും വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നുള്ള ഏറ്റവും പുതിയ ബീറ്റ വേർഷൻ നിങ്ങളുടെ കൈവശമുണ്ടെങ്കിൽ പോലും ഈ ഫീച്ചർ ലഭ്യമാകില്ല.
സൈബർ ആക്രമണങ്ങൾ ലക്ഷ്യമിടാൻ സാധ്യതയുള്ള ഉപയോക്താക്കൾക്കായി ഈ മോഡ് രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഈ മോഡ് ഓണായിരിക്കുമ്പോൾ, ഒരൊറ്റ സ്വിച്ചിലൂടെ ശക്തമായ സെക്യൂരിറ്റി പ്രൊട്ടക്ഷൻ നൽകും, ഉപയോക്താക്കൾക്ക് നിരവധി പ്രൈവസി സെറ്റിങ്ങ്സുകൾ ഓരോന്നായി മാറ്റേണ്ട ആവശ്യമുണ്ടാകില്ല.
ഈ ഫീച്ചർ നിരവധി ഓട്ടോമാറ്റിക് സെക്യൂരിറ്റി നടപടിക്രമങ്ങൾ ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോളുകൾ ചെയ്യുമ്പോഴുള്ള IP അഡ്രസ് പ്രൊട്ടക്ഷനാണ് അവയിലൊന്ന്. ഇത് വാട്സ്ആപ്പിന്റെ സെർവറുകൾ വഴി കോളുകൾ റൂട്ട് ചെയ്യുന്നതിനാൽ ഉപയോക്താവിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നതിൽ നിന്ന് മറ്റുള്ളവരെ തടയാൻ സഹായിക്കും. അജ്ഞാതമായ കോൺടാക്റ്റുകളിൽ നിന്നുള്ള മീഡിയ ഫയലുകൾ തടഞ്ഞ്, മാൽവെയർ അല്ലെങ്കിൽ ദോഷകരമായ ലിങ്കുകൾ എന്നിവ അടങ്ങിയിരിക്കാൻ സാധ്യതയുള്ള ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെൻ്റുകൾ എന്നിവ ഡൗൺലോഡ് ചെയ്യുന്നത് നിർത്തുന്നതാണ് മറ്റൊരു പ്രധാനപ്പെട്ട സെക്യൂരിറ്റി ഫീച്ചർ. ഇത് അജ്ഞാതമായ കോണ്ടാക്റ്റുകളുടെ ആശയവിനിമയം ടെക്‌സ്‌റ്റിലേക്ക് മാത്രമായി പരിമിതപ്പെടുത്തി, സെക്യൂരിറ്റി റിസ്കുകൾ കുറയ്ക്കും.
ചാറ്റുകളിലെ ലിങ്ക് പ്രിവ്യൂസ് ഓഫാക്കാനുള്ള ഒരു ഓപ്ഷനും വാട്ട്‌സ്ആപ്പ് കൂട്ടിച്ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണയായി, നിങ്ങൾ ഒരു ലിങ്ക് അയയ്‌ക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ വെബ്‌സൈറ്റിലേക്ക് കണക്റ്റു ചെയ്‌ത് വാട്ട്‌സ്ആപ്പ് ഒരു പ്രിവ്യൂ സൃഷ്ടിക്കാറുണ്ട്. ഇത് നിങ്ങളുടെ ഐപി അഡ്രസ് വെളിപ്പെടുത്തും. പുതിയ സെക്യൂരിറ്റി ഓപ്ഷൻ ആക്റ്റിവേറ്റ് ആക്കിയാൽ, ലിങ്ക് പ്രിവ്യൂസ് ലോഡ് ആകില്ല. ഇതിലൂടെ അനാവശ്യമായ ട്രാക്കിംഗ്, ഡാറ്റ ലീക്കിങ്ങ് എന്നിവ തടയാം. നിലവിലെ പ്രൈവസി സെറ്റിങ്ങ്സിൽ ഈ ഫീച്ചർ ഇതിനകം തന്നെയുണ്ട്. സ്ട്രിക്റ്റ് സെക്യൂരിറ്റി മോഡിൽ, ഇത് ഓട്ടോമാറ്റിക്കായി ഓണാകും.
സ്‌ട്രിക്റ്റ് മോഡ് നിങ്ങളുടെ കോൺടാക്റ്റുകളിൽ സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്നുള്ള കോളുകളെ സൈലൻ്റ് ആക്കുകയും സ്‌പാം, സ്‌കാം കോളുകൾ, സൈലൻ്റ് "0-ക്ലിക്ക്" അറ്റാക്ക് എന്നിവ കുറയ്ക്കുകയും ചെയ്യും. ആർക്കൊക്കെ നിങ്ങളെ ഗ്രൂപ്പുകളിലേക്ക് ചേർക്കാനാകുമെന്നതിനെയും ഇത് പരിമിതപ്പെടുത്തും. സേവ് ചെയ്ത കോൺടാക്റ്റുകൾക്ക് മാത്രമേ നിങ്ങളെ ഇൻവൈറ്റ് ചെയ്യാൻ കഴിയുകയുള്ളൂ. കൂടാതെ, നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ, സ്റ്റാറ്റസ്, " ലാസ്റ്റ് സീൻ" എന്നീ വിശദാംശങ്ങൾ നിങ്ങളുടെ കോൺടാക്റ്റുകൾക്ക് മാത്രമേ കാണാനാകൂ. ഒരു കോൺടാക്റ്റിന്റെ എൻക്രിപ്ഷൻ കോഡ് മാറുകയാണെങ്കിൽ ഉപയോക്താക്കൾക്ക് അലേർട്ടുകൾ ലഭിക്കും, അതിനാൽ ചാറ്റ് സുരക്ഷിതമാണെന്ന് അവർക്ക് സ്ഥിരീകരിക്കാൻ കഴിയും.
കൂടാതെ, ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ സ്വയമേവ പ്രവർത്തനക്ഷമമാക്കുന്ന ഫീച്ചറും വാട്സ്ആപ്പ് ഉൾപ്പെടുത്താൻ ഒരുങ്ങുന്നു. ഇത് ഹാക്കിംഗിൽ നിന്നും ഐഡന്റിറ്റി മോഷണത്തിൽ നിന്നും അക്കൗണ്ടുകളെ സംരക്ഷിക്കുന്നതിനായി ഒരു സീക്രട്ട് പിൻ കൂട്ടിച്ചേർക്കുന്ന ഫീച്ചറാണ്. ഈ മോഡ് ഓപ്ഷണലാണ്, സൈബർ ആക്രമണങ്ങൾക്ക് വലിയ സാധ്യതയുള്ള ഉപയോക്താക്കൾക്കു വേണ്ടിയുള്ളതാണ്. അതേസമയം വാട്ട്‌സ്ആപ്പിന്റെ പതിവു സെക്യൂരിറ്റി ഫീച്ചറുകൾ എല്ലാവർക്കും സജീവമായി തുടരും.
പരസ്യം
പരസ്യം