ആപ്പിൾ സ്റ്റോറിൽ പരസ്യങ്ങൾ വർദ്ധിപ്പിക്കും; ആപ്പിളിൻ്റെ തീരുമാനത്തെക്കുറിച്ച് അറിയാം
ആപ്പ് സ്റ്റോറിൽ കൂടുതൽ പരസ്യങ്ങൾ വരുന്നതായി ആപ്പിൾ പ്രഖ്യാപിച്ചു.
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ആപ്പിൾ വലിയൊരു മാറ്റത്തിനായി ഒരുങ്ങുകയാണ്. അടുത്ത വർഷം മുതൽ ആപ്പ് സ്റ്റോർ സെർച്ച് റിസൾട്ടുകളിൽ കൂടുതൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നു. ഔദ്യോഗിക ആപ്പിൾ പരസ്യ വെബ്‌സൈറ്റിലെ അപ്‌ഡേറ്റിലൂടെയാണ് കമ്പനി ഈ വിവരങ്ങൾ പങ്കുവച്ചത്. ഉപയോക്താക്കൾ ആപ്പ് സ്റ്റോറിൽ തിരയുന്ന സമയത്ത് ആപ്പ് ഡെവലപ്പർമാർക്കും പരസ്യദാതാക്കൾക്കും അവരുടെ ആപ്പുകൾ പ്രൊമോട്ട് ചെയ്യാൻ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് ആപ്പിൾ പറയുന്നു. പരസ്യങ്ങളുടെ എണ്ണം വർദ്ധിക്കുമെങ്കിലും, ഈ പരസ്യങ്ങളുടെ ഡിസൈനും ഫോർമാറ്റും മുമ്പത്തെപ്പോലെ തന്നെ തുടരുമെന്ന് ആപ്പിൾ സ്ഥിരീകരിച്ചു. നിലവിലുള്ള ലിസ്റ്റിംഗുകളുമായി സംയോജിപ്പിച്ച് സെർച്ച് റിസൾട്ടുകളിൽ തുടർന്നും പരസ്യങ്ങൾ ദൃശ്യമാകും. ഒരു ഉപയോക്താവ് തിരയുന്നത് എന്താണോ, അതിനോട് അടുത്തു നിൽക്കുന്നതോ പൊരുത്തപ്പെടുന്നതോ ആയ ആപ്പുകളുടെ പരസ്യങ്ങൾ മാത്രമേ തങ്ങളുടെ സിസ്റ്റം പ്രദർശിപ്പിക്കുകയുള്ളൂവെന്നും ആപ്പിൾ വിശദീകരിച്ചു. തിരയുന്നതുമായി ബന്ധമില്ലാത്ത ആപ്പുകൾ പരസ്യങ്ങളായി വരില്ല. ഇത് പരസ്യങ്ങൾ നൽകുന്നവർക്കും ആപ്പിൾ ഉപയോക്താക്കൾക്കും ഗുണം ചെയ്യുമെന്നു കമ്പനി വിശദീകരിക്കുന്നു.
അടുത്ത വർഷം മുതൽ ആപ്പ് സ്റ്റോർ സെർച്ച് റിസർട്ടുകളിൽ കൂടുതൽ പരസ്യങ്ങൾ കാണിക്കാൻ തുടങ്ങുമെന്ന് ആപ്പിൾ പ്രഖ്യാപിച്ചു. സെർച്ച് വഴി ആപ്പ് ഡൗൺലോഡുകൾ വർദ്ധിപ്പിക്കുന്നതിന് പരസ്യദാതാക്കൾക്ക് കൂടുതൽ അവസരം നൽകുക എന്നതാണ് ഈ മാറ്റത്തിന്റെ ലക്ഷ്യമെന്ന് കമ്പനി പറഞ്ഞു. നിലവിൽ, ആപ്പ് സ്റ്റോർ സെർച്ച് റിസർട്ടുകളുടെ മുകളിൽ മാത്രമേ സ്പോൺസർ ചെയ്യുന്ന ആപ്പ് പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നുള്ളൂ.
അപ്‌ഡേറ്റിന് ശേഷം, സെർച്ച് റിസൾട്ടുകൾ വരുമ്പോൾ കൂടുതൽ സ്ഥലങ്ങളിൽ പരസ്യങ്ങൾ ദൃശ്യമായേക്കാം, എന്നാൽ അവയുടെ രൂപകൽപ്പനയും ഫോർമാറ്റും എല്ലായിടത്തും ഒരുപോലെ തുടരും. പരസ്യങ്ങൾ ഡിഫോൾട്ട് പ്രൊഡക്റ്റ് പേജോ കസ്റ്റം പ്രൊഡക്റ്റ് പേജോ ഉപയോഗിക്കുന്നത് തുടരും, കൂടാതെ പരസ്യദാതാക്കൾക്ക് വേണമെങ്കിൽ ഒരു ഡീപ്പ് ലിങ്ക് ചേർക്കാനും കഴിയും. ആപ്പിളിന്റെ ബില്ലിംഗ് സിസ്റ്റം മാറില്ലെന്ന് കമ്പനി സ്ഥിരീകരിച്ചു. അവർ തിരഞ്ഞെടുത്ത പ്രൈസിങ്ങ് മോഡലിനെ അടിസ്ഥാനമാക്കി പരസ്യദാതാക്കൾക്കുള്ള നിരക്ക് ഈടാക്കും, അത് ഒരു ടാപ്പിനുള്ള ചെലവ് അല്ലെങ്കിൽ ഒരു ഇൻസ്റ്റാളിനുള്ള ചെലവ് എന്നിങ്ങനെ ആകാം.
പുതിയ ആഡ് പൊസിഷനുകളിൽ പ്രത്യക്ഷപ്പെടുന്നതിന് പരസ്യദാതാക്കളും ആപ്പ് ഡെവലപ്പർമാരും അവരുടെ കാമ്പെയ്‌നുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് ആപ്പിൾ പറയുന്നു. സെർച്ച് റിസർട്ടുകളിൽ ലഭ്യമാകുന്ന സ്ഥലത്തേക്ക് നിലവിലുള്ള എല്ലാ സെർച്ച് ആഡുകളും സ്വയമേവ പരിഗണിക്കപ്പെടും. അതുപോലെ, പരസ്യദാതാക്കൾക്ക് ഒരു പ്രത്യേക സ്ഥാനം സ്വയം തിരഞ്ഞെടുക്കാനും അതിനു വേണ്ടി ബിഡ് ചെയ്യാനും കഴിയില്ല.
പരസ്യദാതാവ് തിരഞ്ഞെടുത്ത കീവേഡുകളോ ആപ്പിൾ നിർദ്ദേശിക്കുന്ന കീവേഡുകളോ ഉപയോഗിച്ച് സെർച്ചിങ്ങുമായി പരസ്യങ്ങളെ ലിങ്ക് ചെയ്യാൻ കഴിയും. സെർച്ച് റിസൾട്ടുകളുടെ മുകളിൽ ദൃശ്യമാകുന്ന പരസ്യങ്ങൾക്ക് ശരാശരി 60 ശതമാനത്തിലധികം കാൺവേർഷൻ റേറ്റ് ഉണ്ടെന്ന് ആപ്പിൾ എടുത്തു കാണിക്കുന്നു. പരസ്യങ്ങളുടെ സ്ഥാനം രണ്ട് പ്രധാന ഘടകങ്ങളെ ആശ്രയിച്ചിരിക്കും. കീവേഡിനുള്ള ബിഡ് തുക, ഉപയോക്താവ് തിരയുന്ന കാര്യത്തിന് ഈ ആപ്പ് എത്രത്തോളം പ്രസക്തമാണ് എന്നതുമാണ് ഈ രണ്ടു ഘടകങ്ങൾ. ബിഡ് ഉയർന്നതാണെങ്കിൽ പോലും, തിരയുന്ന കാര്യവും ആപ്പും തമ്മിൽ പൊരുത്തമില്ലെങ്കിൽ പരസ്യം ദൃശ്യമാകില്ല. കാരണം അപ്രസക്തമായ പരസ്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്യപ്പെടും.
iOS അല്ലെങ്കിൽ iPadOS 18 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലും ഐപാഡുകളിലും സെർച്ച് ആഡുകൾക്കുള്ള ഡീപ് ലിങ്ക് സപ്പോർട്ട് പ്രവർത്തിക്കുന്നുണ്ടെന്നും ആപ്പിൾ സ്ഥിരീകരിച്ചു.
പരസ്യം
പരസ്യം