മീഡിയാടെക് ഡൈമൻസിറ്റി P1 അൾട്രാ ചിപ്പ് പുറത്തു വന്നു; വിശദമായ വിവരങ്ങൾ അറിയാം
Photo Credit: MediaTek
മീഡിയടെക് അതിന്റെ ഏറ്റവും പുതിയ ഓട്ടോമോട്ടീവ് കോക്ക്പിറ്റ് പ്രോസസറായ ഡൈമെൻസിറ്റി കോക്ക്പിറ്റ് പി 1 അൾട്രാ ഔദ്യോഗികമായി പുറത്തിറക്കി
സ്മാർട്ട്‌ഫോണുകളിലും മറ്റു സ്മാർട്ട് ഡിവൈസുകളിലും വ്യാപകമായി ഉപയോഗിക്കുന്ന കരുത്തുറ്റതും താങ്ങാനാവുന്ന വിലയിലുള്ളതുമായ ചിപ്‌സെറ്റുകൾ നിർമ്മിക്കുന്നതിൽ പേരുകേട്ട കമ്പനിയായ മീഡിയടെക്, ഇപ്പോൾ കാറുകൾക്കായുള്ള ഏറ്റവും പുതിയ പ്രോസസറായ ഡൈമെൻസിറ്റി കോക്ക്പിറ്റ് P1 അൾട്രാ അവതരിപ്പിച്ചു. കാര്യക്ഷമമായി പ്രവർത്തിക്കുന്ന, എഐ സവിശേഷതകളുള്ള, മികച്ച പെർഫോമൻസ് നൽകുന്ന ചിപ്പുകളിലൂടെ ടെക് വിപണിയിൽ ശക്തമായ പ്രശസ്തി നേടിയ കമ്പനിയാണ് മീഡിയാടെക്. ഇപ്പോൾ അവർ പുറത്തിറക്കിയ പുതിയ ഓട്ടോമോട്ടീവ് പ്രോസസറും അതേ പാത പിന്തുടരുന്നു. വേഗത്തിൽ പ്രവർത്തിക്കാനും, കുറഞ്ഞ പവർ ഉപയോഗിക്കാനും സഹായിക്കുന്ന നൂതനമായ 4nm നിർമ്മാണ പ്രക്രിയ വഴിയാണ് ഡൈമെൻസിറ്റി കോക്ക്പിറ്റ് P1 അൾട്രാ നിർമ്മിച്ചിരിക്കുന്നത്. ശക്തമായ പെർഫോമൻസ്, മെച്ചപ്പെടുത്തിയ എഐ കഴിവുകൾ, മികവുറ്റ ഇൻ-കാർ എൻ്റർടൈൻമെൻ്റ് എന്നിങ്ങനെ മൂന്ന് മേഖലകളിൽ ഈ ചിപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് മീഡിയടെക് പറയുന്നു. മീഡിയടെക്കിന്റെ അഭിപ്രായത്തിൽ, ഡൈമെൻസിറ്റി കോക്ക്പിറ്റ് P1 അൾട്രാ ഘടിപ്പിച്ച ആദ്യത്തെ കാർ മോഡലുകൾ ഉടൻ പുറത്തിറക്കും, ഇത് ഓട്ടോമോട്ടീവ് ടെക്നോളജി വിപണിയിൽ കമ്പനിയുടെ സാന്നിധ്യം വർദ്ധിപ്പിക്കും.
P1 അൾട്രായിൽ 175K DMIPS വരെ കമ്പ്യൂട്ടിംഗ് പവർ നൽകാൻ കഴിയുന്ന ശക്തമായ 8 കോർ സിപിയുവാണ് ഉപയോഗിക്കുന്നത്. ഇത് കാറിനുള്ളിലെ വലിയ ജോലികൾ വേണ്ടത്ര വേഗതയോടെ ചെയ്യാൻ സഹായിക്കുന്നു. ഗ്രാഫിക്സിനായി, 1800 GFLOPS വരെ എത്തുന്ന ഒരു ഹാർഡ്‌വെയർ-ലെവൽ റേ-ട്രേസിംഗ് GPU മീഡിയടെക് ചേർത്തിട്ടുണ്ട്. അതിനാൽ സിസ്റ്റത്തിന് സുഗമമായ ദൃശ്യങ്ങളും കൂടുതൽ റിയലിസ്റ്റിക് ലൈറ്റിംഗ് ഇഫക്റ്റുകളും കാണിക്കാൻ കഴിയും.
എഐ സവിശേഷതകൾ നോക്കുമ്പോൾ, ചിപ്പിൽ 23 TOPS പെർഫോമൻസുള്ള ഒരു ഡെഡിക്കേറ്റഡ് NPU ഉണ്ട്. എഡ്ജ്-സൈഡ് ജനറേറ്റീവ് AI കാറിനുള്ളിൽ നേരിട്ട് പ്രവർത്തിപ്പിക്കാൻ ഈ NPU-വിനു കരുത്തുണ്ടെന്ന് മീഡിയടെക് പറയുന്നു. പ്രോസസർ Armv9 ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതും ബിൽറ്റ്-ഇൻ AI യൂണിറ്റുകൾ ഉള്ളതുമായതിനാൽ, ക്ലൗഡിന്റെ ആവശ്യമില്ലാതെ തന്നെ 7 ബില്യൺ പാരാമീറ്ററുകൾ വരെ ഉള്ള വലിയ ലാംഗ്വേജ് മോഡലുകളെ ഇതിന് പിന്തുണയ്ക്കാൻ കഴിയും. മികച്ച വോയ്‌സ് അസിസ്റ്റന്റുകൾ, മൾട്ടിമോഡൽ ഇൻ്ററാക്ഷൻസ്, സ്റ്റേബിൾ ഡിഫ്യൂഷൻ പോലുള്ള ഓൺ ഡിവൈസ് ഇമേജ് ജനറേഷൻ, AI-പവർഡ് സേഫ്റ്റി മോണിറ്ററിങ്ങ് തുടങ്ങിയ നൂതന സവിശേഷതകൾ വാഹനത്തിനുള്ളിൽ സുഗമമായി പ്രവർത്തിക്കാൻ ഇത് സഹായിക്കുന്നു.
ഓട്ടോമോട്ടീവ് നിർമ്മാതാക്കൾക്ക് വികസനം എളുപ്പമാക്കാനും മീഡിയടെക് ശ്രമിച്ചിട്ടുണ്ട്. സ്മാർട്ട് കോക്ക്പിറ്റ് സിസ്റ്റം, കണക്റ്റിവിറ്റി മൊഡ്യൂളുകൾ, ടി-ബോക്സ് തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ P1 അൾട്ര ഒരു സംയോജിത പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കുന്നു. ഇത് പ്രൊഡക്ഷൻ സമയത്ത് സമയവും പരിശ്രമവും കുറയ്ക്കുന്നു.
5G, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത്, GNSS എന്നിവയുൾപ്പെടെ നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളെ P1 അൾട്രാ പിന്തുണയ്ക്കുന്നു, കൂടാതെ ഒരു ബിൽറ്റ്-ഇൻ മോഡവും ഇതിലുണ്ട്. ക്യാമറകൾക്കായി, AI നോയ്‌സ് റിഡക്ഷൻ, AI 3A, മറ്റ് മെച്ചപ്പെടുത്തലുകൾ എന്നിവയുള്ള ഒരു HDR ഇമേജ് സിഗ്നൽ പ്രോസസറും (ISP) ഇതിൽ ഉൾപ്പെടുന്നു. 360-ഡിഗ്രി സറൗണ്ട് വ്യൂ, ഡ്രൈവിംഗ് റെക്കോർഡറുകൾ, ക്യാബിൻ മോണിറ്ററിംഗ് തുടങ്ങിയ സിസ്റ്റങ്ങൾ കൂടുതൽ കൃതൃതയോടെ ഉപയോഗിക്കാൻ ഈ സവിശേഷതകൾ കാറിനെ സഹായിക്കും.
വിനോദത്തിൻ്റെ കാര്യമെടുത്തു നോക്കിയാൽ, P1 അൾട്രായ്ക്ക് ഒരേ സമയം ആറ് ഡിസ്‌പ്ലേകളെ വരെ പിന്തുണയ്ക്കാൻ കഴിയും. മീഡിയടെക്കിന്റെ മിറാവിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഇതിന് 60fps-ൽ 4K വീഡിയോ പ്ലേ ചെയ്യാനും റെക്കോർഡു ചെയ്യാനും കഴിയും. ഡ്രൈവർ, മുന്നിലെ യാത്രക്കാർ, പിൻ സീറ്റിലുള്ളവർ എന്നിവയ്‌ക്കായി ഒന്നിലധികം സ്‌ക്രീനുകൾ വാഗ്ദാനം ചെയ്യാൻ ഇത് കാർ നിർമ്മാതാക്കളെ അനുവദിക്കും, എല്ലാം ഒരു ചിപ്പിൽ നിന്ന് സുഗമമായി പ്രവർത്തിക്കുകയും ചെയ്യും.
ഡൈമെൻസിറ്റി കോക്ക്പിറ്റ് P1 അൾട്രാ 5G മോഡൽ, 4G മോഡൽ, വൈ-ഫൈ മോഡൽ എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ ലഭ്യമാകുമെന്ന് മീഡിയടെക് പ്രഖ്യാപിച്ചു. എല്ലാ വേരിയൻ്റുകളിലും ഒരേ 8-കോർ സിപിയു, 6-കോർ ജിപിയു എന്നിവ ഉൾപ്പെടും, ഇത് ശക്തമായ പ്രകടനം ഉറപ്പാക്കുന്നു.
പരസ്യം
പരസ്യം