ആപ്പിൾ വാച്ച് സീരീസ് 11, വാച്ച് അൾട്രാ 3, വാച്ച് SE എന്നിവയുടെ വിവരങ്ങൾ അറിയാം
Photo Credit: Apple
ആപ്പിൾ വാച്ച് സീരീസ് 11 ആണ് ടെക് ഭീമന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച്
ചൊവ്വാഴ്ച നടന്ന 'Awe Dropping' പരിപാടിയിലൂടെ ആപ്പിൾ തങ്ങളുടെ പുതിയ സ്മാർട്ട് വാച്ചുകളും ഫോണുകളും അവതരിപ്പിച്ചിരുന്നു. ആപ്പിളിന്റെ സ്മാർട്ട് വാച്ച് ലൈനപ്പിലെ ഏറ്റവും പുതിയ മോഡലുകളായ ആപ്പിൾ വാച്ച് സീരീസ് 11, ആപ്പിൾ വാച്ച് അൾട്രാ 3, ആപ്പിൾ വാച്ച് SE 3 എന്നീ സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്യുന്നതായാണ് കമ്പനി പ്രഖ്യാപിച്ചത്. 2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ വാച്ച് സീരീസ് 10-ന്റെ നേരിട്ടുള്ള അപ്‌ഗ്രേഡാണ് ആപ്പിൾ വാച്ച് സീരീസ് 11. മൂന്ന് വർഷത്തിന് ശേഷം താങ്ങാനാവുന്ന വിലയിൽ ലഭ്യമായ മോഡലിനെ ആപ്പിൾ അപ്‌ഡേറ്റ് ചെയ്തു എന്നതിനാൽ വാച്ച് SE 3-യും സവിശേഷമായ ഒന്നാണ്. വാച്ച് SE (സെക്കൻഡ് ജനറേഷൻ) എന്ന് വിളിക്കപ്പെടുന്ന ഇതിൻ്റെ അവസാന മോഡൽ 2022 സെപ്റ്റംബറിലാണ് പുറത്തിറക്കിയിരുന്നത്. പുതിയ വാച്ചുകൾക്കൊപ്പം, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോൺ 17 സീരീസും ആപ്പിൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവ ഉൾപ്പെടുന്നു.
ആപ്പിൾ വാച്ച് സീരീസ് 11-ന് വില ആരംഭിക്കുന്നത് 399 ഡോളർ (ഇന്ത്യയിൽ 46,900 രൂപ) മുതലാണ്. അലുമിനിയം, ടൈറ്റാനിയം കേസ് ഓപ്ഷനുകളുള്ള 42mm, 46mm വലുപ്പങ്ങളിലും നാല് കളർ ഓപ്ഷനുകളിലും ഇത് ലഭ്യമാണ്. സിൽവർ ടൈറ്റാനിയത്തിൽ ഒരു ഹെർമെസ് പതിപ്പുമുണ്ടാകും.
ആപ്പിൾ വാച്ച് അൾട്രാ 3-യുടെ വില 799 ഡോളർ മുതൽ ആരംഭിക്കുന്നു. ഹെർമെസ് എൻ മെർ ഉൾപ്പെടെയുള്ള പുതിയ ബാൻഡ് കളർ ഓപ്ഷനുകളിലും നാച്ചുറൽ, ബ്ലാക്ക് ടൈറ്റാനിയം കേയ്സുകളിലും ഇത് ലഭ്യമാണ്.
ആപ്പിൾ വാച്ച് SE 3 ബജറ്റ് മോഡലാണ്, ഇതിന്റെ വില 249 ഡോളർ (ഇന്ത്യയിൽ 25,900 രൂപ) വരും. മിഡ്‌നൈറ്റ്, സ്റ്റാർലൈറ്റ് അലുമിനിയം കേസുകളിലാണ് ഇതു ലഭ്യമാവുക. സെപ്റ്റംബർ 19 മുതൽ വിൽപ്പനയ്‌ക്കെത്തുന്ന ഈ വാച്ചുകളുടെ പ്രീ-ഓർഡറുകൾ ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്.
വാച്ച് ഒഎസ് 26-ൽ പ്രവർത്തിക്കുന്ന ആപ്പിൾ വാച്ച് സീരീസ് 11-ൽ. അയോൺ-എക്സ് മെറ്റീരിയൽ കൊണ്ട് നിർമ്മിച്ച ഫ്രണ്ട് ഗ്ലാസും സെറാമിക് കോട്ടിംഗുമുണ്ട്. 100% പുനരുപയോഗിച്ച ടൈറ്റാനിയം, അലുമിനിയം എന്നിവയിലാണ് വാച്ച് നിർമ്മിച്ചിരിക്കുന്നത്. ഇത് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുകയും 24 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുകയും ചെയ്യുന്നു. പുതിയ സവിശേഷതകളിൽ ലൈവ് ട്രാൻസ്ലേഷനുകളും ഉറക്കത്തിന്റെ ക്വാളിറ്റി പരിശോധിക്കുന്നതിനുള്ള സ്ലീപ്പ് സ്കോർ സിസ്റ്റവും ഉൾപ്പെടുന്നു. ഇതു കൂടാതെയും നിരവധി ഹെൽത്ത് മോണിറ്ററിങ്ങ് സംവിധാനങ്ങൾ ഇതിലുണ്ട്.
5G പിന്തുണയുള്ള വാച്ച് അൾട്രാ 3 ആപ്പിളിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ഡിസ്പ്ലേയുമായി വരുന്നു. നേർത്ത ബെസലുകളും വ്യത്യസ്ത കോണുകളിൽ നിന്ന് വ്യക്തമായ കാഴ്ചയും വാഗ്ദാനം ചെയ്യുന്ന LTPO3 OLED സ്ക്രീനും ഇതിലുണ്ട്. ഇത് സാധാരണ ഉപയോഗത്തിൽ 42 മണിക്കൂർ വരെയും ലോ പവർ മോഡിൽ 72 മണിക്കൂർ വരെയും പ്രവർത്തിക്കുന്നു. ഈ വാച്ച് ടു-വേ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനെ പിന്തുണയ്ക്കുന്നു. സീരീസ് 11-നെ പോലെ, ഇതിലും സ്ലീപ്പ് സ്കോറും ഹൈപ്പർടെൻഷൻ അലേർട്ടുകളും ഉണ്ട്.
ബജറ്റ് ഫ്രണ്ട്‌ലിയായ വാച്ച് SE 3-ൽ 5G, സിരി, സ്ലീപ്പ് സ്‌കോർ, ഓൾവേയ്സ് ഓൺ ഡിസ്‌പ്ലേ എന്നിവ ചേർത്തിട്ടുണ്ട്. ടെംപറേച്ചർ ട്രാക്കിംഗും ഓവുലേഷൻ എസ്റ്റിമേറ്റുകളും ഇതിലുണ്ടെങ്കിലും ഹൈപ്പർടെൻഷൻ അലേർട്ടുകളില്ല. ആപ്പിളിന്റെ S10 ചിപ്പ് നൽകുന്ന ലൈവ് ട്രാൻസ്ലേഷൻ, മീഡിയ പ്ലേബാക്ക്, ഫാസ്റ്റ് ചാർജിംഗ് എന്നീ ഫീച്ചറുകളെ ഇതു പിന്തുണയ്ക്കുന്നു.
പരസ്യം
പരസ്യം