ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ വിപ്ലവം സൃഷ്ടിച്ച പേരുകളിലൊന്നാണ് ഓല. ചെറിയ രീതിയിലുള്ള വിമർശനങ്ങൾ ഉണ്ടായെങ്കിലും അതിനെയെല്ലാം പരിഹരിച്ച് ഇലക്ട്രിക് സ്കൂട്ടർ വിൽപ്പനയിലെ വലിയൊരു ഭാഗം ഇപ്പോഴും ഓല സ്വന്തമാക്കി വെച്ചിരിക്കുന്നു. സ്കൂട്ടർ മാത്രമല്ല, ഇനി ഇലക്ട്രിക് ബൈക്ക് വിപണിയും ഓല കീഴടക്കാൻ പോവുകയാണ്. അതിനായി ഓല അവരുടെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുന്നതിനു വേണ്ടി ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.
ലഭ്യമായ വിവരങ്ങൾ പ്രകാരം ഈ മാസം തന്നെ ഓലയുടെ ആദ്യത്തെ ഇലക്ട്രിക് ബൈക്കിൻ്റെ ലോഞ്ചിംഗ് ഉണ്ടാകും. ഓഗസ്റ്റ് 15ന്, ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൻ്റെ അന്ന് ഓല അവരുടെ പുതിയ പ്രൊഡക്റ്റിൻ്റെ ലോഞ്ചിംഗ് നടത്തുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടുണ്ട്. തമിഴ്നാട്ടിലുള്ള അവരുടെ ഫ്യൂച്ചർ ഫാക്ടറിയിൽ ‘സങ്കൽപ് 2024' എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ വെച്ചാണ് ഇലക്ട്രിക് ബൈക്കിൻ്റെ ലോഞ്ചിംഗ് ഉണ്ടാവുകയെന്നാണു പ്രതീക്ഷിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങളിലെ (ഇവി) ഇരുചക്ര വാഹനങ്ങളുടെ കാര്യമെടുത്താൽ ഭവിഷ് അഗർവാളിൻ്റെ നേതൃത്വത്തിലുള്ള കമ്പനി പുറത്തിറക്കുന്ന ആദ്യത്തെ ഇലക്ട്രിക് ബൈക്കായിരിക്കും ഇത്. ഓല S1 X, S1 എയർ, S1 പ്രോ എന്നിങ്ങനെ ഇന്ത്യൻ വിപണിയിൽ കമ്പനി പുറത്തിറക്കിയ ഇവി ഇരുചക്ര വാഹനങ്ങളുടെ കൂട്ടത്തിലേക്ക് ഇതുകൂടി കൂട്ടിച്ചേർക്കപ്പെടും. കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിൽ സോഷ്യൽ മീഡിയയിലൂടെ ബൈക്കിൻ്റെ ഡിസൈനുമായി ബന്ധപ്പെട്ട ഏതാനും വിവരങ്ങൾ ഓല പുറത്തു വിട്ടിട്ടുണ്ട്.
ഇന്ത്യയിൽ ഓല ഇലക്ട്രിക് ബൈക്കിൻ്റെ ലോഞ്ചിംഗ് തീയ്യതി:
തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് ബൈക്ക് ഓഗസ്റ്റ് 15ന് ലോഞ്ച് ചെയ്യുമെന്ന് ഓല തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലോഞ്ചിംഗ് ഈ മാസം ഉണ്ടാകുമെങ്കിലും ഇലക്ട്രിക് ബൈക്ക് ഈ വർഷം വിപണിയിൽ ലഭ്യമാകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഓലയുടെ സിഇഒ ഭവിഷ് അഗർവാൾ ജൂലൈയിൽ പറഞ്ഞത് കമ്പനി അടുത്ത വർഷത്തിലെ ആദ്യത്തെ ആറു മാസത്തിനുള്ളിൽ പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനം വിൽപ്പന നടത്തുമെന്നാണ്. ഓല ഇലക്ട്രിക് ബൈക്ക് അടുത്ത വർഷമേ വിപണിയിൽ എത്തുന്നുണ്ടാകൂവെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.
ഓലയുടെ ഇലക്ട്രിക് ബൈക്ക് പുറത്തിറങ്ങുമ്പോൾ ഇന്ത്യൻ വിപണിയിൽ നിലവിലുള്ള മറ്റ് ഇലക്ട്രിക് ബൈക്കുകൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. വില എത്രയായിരിക്കും എന്നതിനെ ആശ്രയിച്ച് എൻട്രി ലെവൽ ഇവി മോട്ടോർ സൈക്കിളുകളായ ടോർക് ക്രാറ്റോസ് ആർ, റിവോൾട്ട് ആർവി 400 തുടങ്ങിയവയുമായോ അല്ലെങ്കിൽ മികച്ച നിലവാരമുള്ള ഇവി മോട്ടോർ സൈക്കിളുകളായ അൾട്രാ വയലറ്റ് എഫ്77 മാക് 2, മാറ്റർ ഏറ തുടങ്ങിയവുമായോ ഓല ഇവി ബൈക്ക് മത്സരിക്കാൻ സാധ്യതയുണ്ട്.ഓല ഇലക്ട്രിക് ബൈക്കിൻ്റെ പ്രധാന സവിശേഷതകൾ:
സാമൂഹ്യമാധ്യമമായ എക്സിലെ പോസ്റ്റിലൂടെ പങ്കുവെച്ച ടീസർ പ്രകാരം ഓല ഇലക്ട്രിക് ബൈക്കിന്, കമ്പനിയുടെ തന്നെ S1 സീരീസിലുള്ള ഇവിയുടേതിനു സമാനമായി മുൻവശത്ത് ഡ്യുവൽ-പോമ്പ് LED ഹെഡ്ലാംപ് ഉണ്ടെന്നാണു മനസിലാകുന്നത്. മുകളിൽ തിരശ്ചീനമായും വശങ്ങളിൽ ലംബമായും LED സ്ട്രിപ്പുകളുണ്ട്. ഇവ ടേൺ ഇൻഡിക്കേറ്ററുകളായി പ്രവർത്തിക്കുമെന്നു കരുതപ്പെടുന്നു. ദിവസങ്ങൾക്കു മുൻപ് ഭവിഷ് അഗർവാൾ പുറത്തുവിട്ട ഇവി ബൈക്കിൻ്റെ വ്യക്തമല്ലാത്ത ചിത്രത്തിൽ നിന്നും മനസിലാകുന്നത് മുന്നിലും പിന്നിലും KTM ശൈലിയിലുള്ള സ്ലിം ഇൻഡിക്കേറ്ററുകൾ ഉണ്ടാകുമെന്നാണ്.
പരമ്പാഗതമായ റൈറ്റ് സൈഡ് അപ്പ് ടെലിസ്കോപിക് ഫോർക് സസ്പെൻഷൻ തന്നെയാണ് ഇതിനുണ്ടാവുകയെന്നു സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ഓല സിഇഒ കഴിഞ്ഞ ആഴ്ചകളിൽ പുറത്തുവിട്ട സ്നാപ്ഷോട്ടുകളിൽ നിന്നും ചെയിൻ ഫൈനൽ ഡ്രൈവും ട്യൂബുലാർ ഫ്രെയിമിനാൽ ചുറ്റപ്പെട്ട വലിയ ബാറ്ററിയും ഇതിന് ഉണ്ടാകുമെന്ന സൂചനയും നൽകുന്നു. ഓലയുടെ തന്നെ ഫാക്റ്ററിയിൽ വികസിപ്പിച്ചെടുക്കുന്ന ഇൻഹൗസ് ബാറ്ററികളാവും ഇലക്ട്രിക് ബൈക്കിൽ ഉപയോഗിക്കുക.