Photo Credit: NASA
ബഹിരാകാശ യാത്രക്കായി ഉപയോഗിക്കുന്ന പേടകങ്ങൾ നിർമിച്ചു നൽകുന്നതിനു നാസയുമായി കരാർ ഒപ്പിട്ടിട്ടുള്ള പ്രധാന കമ്പനികൾ ഒന്നു ബോയിങ്ങും മറ്റൊന്ന് ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സുമാണ്. ഇതുമായി ബന്ധപ്പെട്ടു ബോയിങ്ങ് നാസയുമായി ഒപ്പു വെച്ചിരിക്കുന്നത് 4.2 ബില്യൺ ഡോളറിൻ്റെ കരാറാണ്. എന്നാൽ നാസക്കു വേണ്ടി അവർ തയ്യാറാക്കിയ ആദ്യത്തെ ദൗത്യം തന്നെ വലിയൊരു തിരിച്ചടിയാണ് ഏറ്റുവാങ്ങിയത്. ബോയിങ്ങിൻ്റെ സ്റ്റാർലൈനറിൽ ജൂൺ അഞ്ചിന് എട്ടു ദിവസത്തേക്കു ബഹിരാകാശത്തേക്കു യാത്ര തിരിച്ച ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശനിലയത്തിൽ കുടുങ്ങിപ്പോയി. സ്റ്റാർലൈനറിലുണ്ടായ തകരാർ കാരണമാണ് ഇരുവരും അവിടെ കുടുങ്ങിയത്. ഇപ്പോൾ ഇരുവരെയും തിരിച്ചു കൊണ്ടുവരാൻ ബോയിങ്ങിൻ്റെ സ്റ്റാർലൈനർ സ്പേസ്ക്രാഫ്റ്റിനു പകരം സ്പേസ്എക്സിൻ്റെ ഡ്രാഗൺ സ്പേസ്ക്രാഫ്‌റ്റ് ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇരുവരുടെയും സുരക്ഷക്കാണു പ്രാധാന്യമെന്നും 2025 ഫെബ്രുവരിയോടെ ഇരുവരെയും തിരിച്ചു കൊണ്ടു വരുമെന്നാണ് നാസ പറയുന്നത്.
സുനിത വില്യംസും ബുച്ച് വിൽമോറും യാത്ര തിരിച്ച ബോയിങ്ങ് സ്റ്റാർലൈനർ സ്പേസ്ക്രാഫ്റ്റിൽ തന്നെയാണ് അവർ തിരിച്ചു വരാനും പദ്ധതി ഉണ്ടായിരുന്നത്. എന്നാൽ ബഹിരാകാശ നിലയത്തിലേക്ക് സ്പേസ്ക്രാഫ്റ്റ് ഘടിപ്പിക്കാനുള്ള ശ്രമത്തിനിടെ നിരവധി സാങ്കേതിക തകരാറുകൾ സ്പേസ്ക്രാഫ്റ്റിൽ സംഭവിച്ചു. ഭൂമിയിൽ നിന്നും വിക്ഷേപണം കഴിഞ്ഞപ്പോൾ തന്നെ സ്റ്റാർലൈനറിൽ ഹീലിയം ചോർച്ച കണ്ടെത്തിയിരുന്നു. ഇതിനു പുറമെ ബഹിരാകാശ നിലയത്തിൽ സ്പേസ്ക്രാഫ്റ്റ് ഘടിപ്പിക്കാനുള്ള ശ്രമത്തിനിടെ ഇതിൻ്റെ ദിശ നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള ത്രസ്റ്ററുകൾ ചിലതു പ്രവർത്തനരഹിതമാവുകയും ചെയ്തു. ഇതിനെത്തുടർന്നാണ് വിവരങ്ങൾ ശേഖരിക്കുന്നതിനായി ക്രൂ അംഗങ്ങൾ ഇല്ലാതെ സ്പേസ്ക്രാഫ്റ്റ് തിരിച്ചെത്തിക്കാൻ നാസ തീരുമാനമെടുത്തത്.
ഇതിനു ശേഷം ബോയിങ്ങുമായി നടന്ന പിരിമുറുക്കം നിറഞ്ഞ നിരവധി ചർച്ചകൾക്കു ശേഷം കൂടുതൽ അപകടസാധ്യതകൾ പൂർണമായും ഒഴിവാക്കി, സുരക്ഷക്കു പ്രാധാന്യം നൽകുകയെന്ന വഴി നാസ തിരഞ്ഞെടുത്തത്. ബഹിരാകാശയാത്രയുമായി ബന്ധപ്പെട്ടു ബോയിങ്ങിനുള്ള പദ്ധതികളെ ഹിതപരിശോധനക്കു വിധേയമാക്കുന്ന ഒന്നാണ് സ്റ്റാർലൈനറിലുണ്ടായ തകരാർ എന്ന കാര്യത്തിൽ സംശയമില്ല. ഒരു കൊമേഴ്സ്യൽ എയർക്രാഫ്റ്റ് എന്ന നിലയിൽ ബോയിങ്ങ് നേരിടുന്ന വെല്ലുവിളികൾക്കു പുറമേയാണ് ഇതും സംഭവിച്ചത്.
സ്റ്റാർലൈനറിൻ്റെ ദൗത്യത്തിനു തിരിച്ചടികൾ നേരിട്ടത് നാസയെ മറിച്ചു ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഇതിൻ്റെ ഫലമായാണ് സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചു കൊണ്ടു വരാനുള്ള ദൗത്യം ഇലോൺ മസ്കിൻ്റെ സ്പേസ്എക്സ് ഡ്രാഗൺ ക്രാഫ്റ്റിനെ ഏൽപ്പിക്കാൻ നാസ ഒരുങ്ങുന്നതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. നിലവിൽ ബഹിരാകാശ നിലയത്തിലുള്ള സുനിത വില്യംസും ബുച്ച് വിൽമോറും മടങ്ങി വരുന്നതു വരെ സാധാരണ പര്യവേക്ഷക സംഘത്തോടൊപ്പം പ്രവർത്തിക്കും. റോബോട്ടിക്സ്, ബഹിരാകാശ നടത്തം എന്നിവയിൽ വളരെയധികം പരിശീലനം ലഭിച്ചവരാണ് ഇരുവരും എന്നതിനാൽ തന്നെ, ദൗത്യം വിപുലീകരിച്ചതിനെ കൈകാര്യം ചെയ്യാൻ അവർക്കു കഴിയും. ഇവരെ തിരിച്ചു കൊണ്ടുവരാനുള്ള ദൗത്യം ഏറ്റെടുക്കാൻ സ്പേസ്എക്സ് സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്.
എട്ടു ദിവസത്തേക്കു മാത്രമുണ്ടായിരുന്ന ദൗത്യം മാസങ്ങൾ നീണ്ടത് ശാസ്ത്രജ്ഞരെ ശാരീരികമായും മാനസികമായും ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ബഹിരാകാശ വികിരണം, ഒറ്റപ്പെടൽ, മൈക്രോഗ്രാവിറ്റിയിൽ തന്നെ ദീർഘകാലം കഴിയുന്നതു കൊണ്ടുള്ള ശാരീരിക പ്രശ്നങ്ങൾ എന്നിവയെല്ലാം ബഹിരാകാശ യാത്രികരെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. എങ്കിലും ബഹിരാകാശ നിലയത്തിലാണ് എന്നത് ഇവർക്കു കുറേയേറെ സംരക്ഷണം നൽകുന്നുണ്ട്. സമാനമായ സാഹചര്യങ്ങളിൽ ഇതിനേക്കാൾ നീണ്ടു നിന്ന ബഹിരാകാശ ദൗത്യങ്ങൾ മുൻപു നടന്നിട്ടുള്ളതിനാൽ ഇവരുടെ തിരിച്ചു വരവു വൈകുന്നത് റെക്കോർഡുകൾ തകർക്കാൻ സാധ്യതയില്ല.
ശാസ്ത്രജ്ഞരെ തിരിച്ചെത്തിക്കാനുള്ള തീരുമാനം സ്പേസ്എക്സിനു നൽകാനുള്ള നാസയുടെ തീരുമാനം ബോയിങ്ങിനു തിരിച്ചടിയാണ്. സ്റ്റാർലൈനറിലെ തകരാറുകൾ കമ്പനിയുടെ ബഹിരാകാശ വിഭാഗം നേരിടുന്ന ബുദ്ധിമുട്ടുകൾ എടുത്തു കാണിക്കുന്നു. ഷെഡ്യൂളിൽ പിന്നിലാവുകയും ബഡ്ജറ്റ് ഒരുപാടു വർദ്ധിക്കുകയും ചെയ്ത സ്റ്റാർലൈനർ പ്രോഗ്രാം ഇതോടെ സൂക്ഷ്മ പരിശോധനക്കു വിധേയമാകും എന്നുറപ്പാണ്. എങ്കിലും ബഹിരാകാശ ദൗത്യങ്ങൾക്ക് ഒന്നിലധികം ഏജൻസികളെ ആശ്രയിക്കുന്ന ചരിത്രമാണ് നാസക്കുള്ളത് എന്നതിനാൽ ബോയിങ്ങിനെ പൂർണമായും ഒഴിവാക്കാനുള്ള സാധ്യത കുറവാണ്.
പരസ്യം
പരസ്യം