Photo Credit: microRNA
ശാസ്ത്രത്തിലെയും സാഹിത്യത്തിലെയും അത്യുന്നതമായ പുരസ്കാരമാണ് നോബൽ പ്രൈസ്. പലപ്പോഴും അപ്രതീക്ഷിതമായ കണ്ടെത്തലുകൾക്കാവും നോബൽ സമ്മാനം ലഭിക്കുക. ഈ വർഷം അതാണു സംഭവിച്ചത്. മസാച്യുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള ചാൻ മെഡിക്കൽ സ്‌കൂളിലെ വിക്ടർ ആംബ്രോസും ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ ഗാരി റവ്കുനും ജീൻ നിയന്ത്രണത്തെക്കുറിച്ച് അപ്രതീക്ഷിതമായ കണ്ടുപിടുത്തം നടത്തിയത് 2024 ലെ ഫിസിയോളജി അല്ലെങ്കിൽ വൈദ്യശാസ്ത്ര നോബൽ പുരസ്കാരം സ്വന്തമാക്കി. ശരീരത്തിൽ പ്രോട്ടീനുകൾ എങ്ങനെ നിർമ്മിക്കപ്പെടുന്നു എന്നും അതിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന മൈക്രോആർഎൻഎ എന്ന ചെറിയ ആർഎൻഎ സെഗ്മൻ്റുകളെയുമാണ് അവർ നിരവധി വർഷങ്ങൾ നീണ്ട നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയത്. ഒരു ചെറിയ വിരയിൽ നിന്ന് ആരംഭിച്ച അവരുടെ ഗവേഷണം, ജൈവ പ്രക്രിയകൾ എങ്ങനെ പ്രവർത്തിക്കുന്നു, അവ ആരോഗ്യവും രോഗവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്നതാണ്.
ശരീരത്തിലെ എല്ലാ കോശങ്ങളിലും സമാനമായ ജനിതകദ്രവ്യമാണെങ്കിലും പേശീ കോശങ്ങൾ, സിരാ കോശങ്ങൾ എന്നിങ്ങനെയുള്ള വ്യത്യസ്ത കോശങ്ങൾ രൂപപ്പെടുന്നുണ്ട്. ഇത് ഓരോ കോശങ്ങൾക്കും ആവശ്യമായ ജീനുകൾ മാത്രം നൽകുന്ന ജീൻ ക്രമപ്പെടുത്തൽ എന്ന പ്രക്രിയയുടെ ഭാഗമാണ്. എങ്ങിനെ വ്യത്യസ്ത ഇനം കോശങ്ങൾ രൂപപ്പെടുന്നു എന്നതാണ് ഗവേഷണത്തിലൂടെ ഇവർ രണ്ടു പേരും അറിയാൻ ശ്രമിച്ചത്.
പ്രോട്ടീൻ ഉൽപാദനത്തെ സ്വാധീനിച്ചു കൊണ്ട് ജീനുകളുടെ ക്രമപ്പെടുത്തലിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന ചെറിയ ആർഎൻഎ തന്മാത്രകളാണ് മൈക്രോആർഎൻഎകൾ. ഈ പ്രക്രിയയിൽ, പ്രോട്ടീനുകൾ നിർമ്മിക്കുന്നതിനുള്ള ഡിഎൻഎയിൽ നിന്നുള്ള നിർദ്ദേശങ്ങൾ വഹിക്കുന്ന മെസഞ്ചർ ആർഎൻഎ (എംആർഎൻഎ) യിൽ അവ ബന്ധിക്കപ്പെട്ടിരിക്കുന്നു. എംആർഎൻഎയിൽ ഉറച്ചുനിൽക്കുന്നതിലൂടെ, മൈക്രോ ആർഎൻഎകൾ വരുന്ന നിർദ്ദേശങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നതിനെ തടയുകയും ഇത് പ്രോട്ടീൻ കുറയുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. ഒരു ഓൺ/ഓഫ് സ്വിച്ച് പോലെ ലളിതമായി പ്രവർത്തിക്കുന്നതിനു പകരം, ഈ തന്മാത്രകൾ വളരെ നേരിയ തോതിൽ പ്രവർത്തിക്കുകയും, ഇതു പ്രോട്ടീൻ ഉത്പാദനം പതുക്കെ കുറയാൻ കാരണമാവുകയും ചെയ്യുന്നു.
അംബ്രോസിൻ്റെയും റവ്കുൻ്റെയും ഗവേഷണം ആരംഭിച്ചത് കൈനോർഹാബ്ഡിറ്റിസ് എലിഗൻസ് എന്ന ചെറിയതും, വ്യക്തമായി കാണാവുന്നതുമായ വിരയിൽ നിന്നാണ്. വിരയുടെ വികാസത്തിൽ വളരെ പ്രധാനമായ ലിൻ 4, ലിൻ 14 എന്നീ പേരുകളുള്ള രണ്ട് ജീനുകളെ കുറിച്ചാണ് അവർ പഠിച്ചത്.
ലിൻ 4 ജീനുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ചെറിയ ആർഎൻഎ സെഗ്മൻ്റ് ആംബ്രോസ് ആദ്യം കണ്ടെത്തി. ഈ ആർഎൻഎ സെഗ്മൻ്റ് ആദ്യമായി കണ്ടെത്തിയ മൈക്രോആർഎൻഎ കൂടിയായിരുന്നു. പിന്നീട്, ലിൻ 4 മൈക്രോആർഎൻഎ ലിൻ 14 ജീനിൻ്റെ എംആർഎൻഎയുമായി ബന്ധിപ്പിക്കുന്നത് റവ്കുൻ കാണിച്ചു തരികയും, ഇത് അതിൻ്റെ പ്രോട്ടീൻ്റെ അളവ് കുറയ്ക്കുന്നുവെന്നു മനസിലാക്കുകയും ചെയ്തു.
മൈക്രോആർഎൻഎകൾ വിരകളിൽ മാത്രമുള്ളതാണെന്ന് ആദ്യം വിശ്വസിച്ചിരുന്നു, എന്നാൽ പിന്നീടുള്ള പഠനങ്ങൾ മനുഷ്യരിൽ ഉൾപ്പെടെ എല്ലാ മൃഗങ്ങളിലും അവ ഉണ്ടെന്ന് വ്യക്തമാക്കിത്തന്നു. വളരെ ചെറിയ ഈ ആർഎൻഎകൾ മനുഷ്യൻ്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള പുതിയ ഗവേഷണത്തിനും ഈ കണ്ടെത്തൽ കാരണമായി. കാൻസർ, ഹൃദ്രോഗം, ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡേഴ്സ് തുടങ്ങിയ രോഗങ്ങൾ ചികിത്സിക്കാൻ ഇവ ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്.
പരസ്യം
പരസ്യം